മേഘ ചന്ദ്ര
2024ൽ മലയാള സിനിമയിലെ ട്രെൻഡ് റീ റിലീസുകളായിരുന്നു. 2023ൽ സ്ഫടികത്തിന്‍റെ റീ റിലീസിലൂടെ തുടക്കമിട്ട ട്രെൻഡാണ് 2024ൽ ശക്തിയാർജിച്ചത്. മികച്ച ക്വാളിറ്റിയിൽ പുതിയ സങ്കോതിക വിദ്യകൾ ഉൾപ്പെടുത്തി റീ റിലീസ് ചെയ്യുകയാണ് മലയാള സിനിമകൾ. പല മലയാള സിനിമകളും കാലത്തിന് മുൻപേ സഞ്ചരിച്ചതിനാൽ വേണ്ടത്ര സ്വീകരിക്കപ്പെടാതെ പോയിട്ടുണ്ട്. പിൽക്കാലത്ത് ആ സിനിമകൾ ടെലിവിഷൻ ചാനലുകളിലും ഓൺലൈനായുമെല്ലാം പിന്നീട് കണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തുമെല്ലാം അവയിൽ പലതും പോപ്പുലറായി.
റിലീസ് ചെയ്ത കാലത്ത് ചില സിനിമകളോട് പ്രേക്ഷകർക്കു തോന്നിയ നീരസം ഇന്ന് 4k ദൃശ്യമികവിൽ മാഞ്ഞുപോകുന്നുണ്ട്. ഇറങ്ങിയ കാലത്ത് ഹിറ്റായ സിനിമ റീ റിലീസിലും ഹിറ്റായ ചരിത്രമാണ് സ്ഫടികത്തിന്‍റേത്. അത് മണിച്ചിത്രത്താഴ് പോലുള്ള വിജയചിത്രങ്ങളുടെ റീ റിലീസിനും പ്രേരകമായി.
മഹേശ്വറിന്‍റെയും അലീനയുടെയും മനോഹരമായ പ്രണയ കഥയും, അതിന്‍റെ നിഗൂഢമായ അന്ത്യത്തിലേക്ക് വിശാൽ കൃഷ്ണമൂർത്തി നടത്തിയ സംഗീതയാത്രയും... 2000 ഡിസംബറിൽ സിബി മലയിൽ പ്രേക്ഷകർക്കു മുന്നിലെത്തിച്ച ക്ലാസിക് സിനിമയായിരുന്നു ദേവദൂതൻ. അന്നു തിയെറ്ററുകളിൽ സ്വീകരിക്കപ്പെടാതെ പോയ സിനിമയ്ക്ക് റീ റിലീസിൽ വൻ വരവേൽപ്പാണ് കിട്ടിയത്. വീണ്ടും സിനിമ ബിഗ് സ്ക്രീനിൽ കാണാൻ കൊതിച്ച സിനിമാ പ്രേമികൾക്ക് 24 വർഷമാണ് അതിനായി കാത്തിരിക്കേണ്ടി വന്നത്. 4കെ ദൃശ്യമികവിൽ റീ റിലീസ് ചെയ്യാൻ സാങ്കേതികമായി നിരവധി മാറ്റങ്ങളാണ് പിന്നണി പ്രവർത്തകർ വരുത്തിയത്. ആദ്യ റിലീസിൽ വിമർശിക്കപ്പെട്ട ചില അനാകർഷക രംഗങ്ങൾ ഒഴിവാക്കുകയും ചെയ്തു.
കൊവിഡ് കാലത്തായിരുന്നു ദേവദൂതന്‍റെ 4k റീ മാസ്റ്ററിങ് വർക്കുകൾ ആരംഭിച്ചത്. തുടർന്ന് യൂട്യൂബിൽ റിലീസ് ചെയ്‌ത് റീമാസ്‌റ്റര്‍ വെർഷന് ജനപിന്തുണ ഏറിയതോടെയാണ് തിയെറ്ററിൽ തന്നെ റീ റിലീസ് ചെയ്യുക എന്ന ചിന്തയിലേക്ക് അണിയറ പ്രവർത്തകർ എത്തിച്ചേർന്നത്. തുടർന്ന് ദേവദൂതൻ വീണ്ടും തിയേറ്ററിൽ എത്തിക്കാൻ നിർമാതാക്കളായ കൊക്കേഴ്‌സ് ഫിലിംസ് 'ഹൈസ്‌റ്റുഡിയോസ്' എന്ന സ്ഥാപനവുമായി കൈകോർത്തു. 4K ഡോൾബി അറ്റ്മാസ്‌ലേക്ക് ചിത്രത്തെ റീമാസ്റ്റർ ചെയ്യുന്നത് അങ്ങനെയാണ്.
മോഹൻലാലിനു പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്‍ദനൻ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്‍ണമൂര്‍ത്തി, ജോയ്‍സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ഴോണറിലുള്ളതാണ് ചിത്രം. സിയാദ് കോക്കറായിരുന്നു നിര്‍മാണം. തിയെറ്ററിൽ പരാജയമായിരുന്ന ചിത്രം പിൽക്കാലത്ത് മ്യൂസിക്കൽ കള്‍ട്ട് ക്ലാസിക്കായി മാറി. സിനിമ ആദ്യം പരാജയപ്പെട്ടെങ്കിലും ചിത്രത്തിലെ ഓരോ ഗാനങ്ങളോടും അന്ന് മുതൽ സിനിമ പ്രേമികൾക്ക് പ്രണയമായിരുന്നു. അത് തിയറ്ററുകളിൽ എത്തിയപ്പോൾ അതിൽ കൂടുതലും. സിനിമ റീ റിലീസിൽ എത്തിയപ്പോൾ 3.2 കോടി രൂപയാണ് തിയെറ്ററുകളിൽനിന്ന് കളക്റ്റ് ചെയ്തത്.
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൾട്ട് ക്ലാസിക് സിനിമയെന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന മണിച്ചിത്രത്താഴ് റിലീസ് ചെയ്തത് 1993ലാണ്. ഫാസിലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം, 31 വർഷത്തിനിപ്പുറം 2024 ഓഗസ്റ്റിലാണ് റീ റിലീസ് ചെയ്തത്. ഡോൾബി അറ്റ്മോസ് ശബ്ദത്തോടെ 4കെ റെസല്യൂഷനിലായിരുന്നു രണ്ടാം വരവ്. മാറ്റിനി നൗവും ഇ4 എന്‍റർടെയ്ൻമെന്‍റ്സുമായിരുന്നു റീ റിലീസിനു പിന്നിൽ.
ഭദ്രന്‍റെ സ്ഫടികത്തെയും സിബി മലയുടെ ദേവദൂതനെയും മറികടന്ന് മണിച്ചിത്രത്താഴ് റീ റിലീസിൽ പുത്തൻ റെക്കോർഡുകൾ സ്ഥാപിച്ചു. ആഗോളതലത്തിൽ 4.71 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ഇതിൽ 3.15 കോടി രൂപ കേരളത്തിൽ നിന്നായിരുന്നു.
മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്‍റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ അരങ്ങ് തകർത്തപ്പോൾ ശോഭനയുടെ ഗംഗയും നാഗവല്ലിയും പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചു. 1993ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ശോഭനയ്ക്കു നേടിക്കൊടുത്ത വേഷമായിരുന്നു ഇത്. അന്നത്തെ ഏറ്റവും ജനപ്രീതിയുള്ള ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. അന്നത്തെ വിജയം ഇന്നും തിയെറ്ററിൽ ആവർത്തിച്ചു എന്നതാണ് മണിച്ചിത്രത്താഴിന്‍റെ പ്രത്യേകത.
കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും എക്കാലവും പ്രേഷകർക്ക് പ്രിയപ്പെട്ടതാണ്.
2009ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയ സിനിമയാണ് രഞ്ജിത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ'. മലയാളത്തിൽ 2024ലെ മൂന്നാമത്തെ റീ റിലീസിങ് ചിത്രമായ പാലേരി മാണിക്യം നിരവധി പ്രതീക്ഷകളോടെയാണ് ഒക്ടോബറിൽ വീണ്ടുമെത്തിയത്. എന്നാൽ, പ്രതീക്ഷകളെല്ലാം കാറ്റിൽപ്പറത്തി കേരളത്തിൽ നിന്ന് ലഭിച്ചത് വെറും ഒരു ലക്ഷം രൂപയിൽ താഴെ മാത്രം. ഈ സിനിമയ്ക്കു വേണ്ടി ഓഡിഷനു വിളിച്ച സംവിധായകൻ രഞ്ജിത് തന്നോട് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണം വന്നതും സിനിമയുടെ റീ റിലീസിനോട് അടുപ്പിച്ചായിരുന്നു.
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ ആദ്യത്തെ ട്രിപ്പിൾ റോളായിരുന്നു ഈ സിനിമയിലേത്. ടി.പി. രാജീവന്‍റെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ സിനിമ. മഹ സുബൈർ, എ.വി. അനൂപ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിലൂടെ 2009ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടി മികച്ച നടനായും ശ്വേത മേനോൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുസ്തഫ, ശശി കലിംഗ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ. കഥ-ടി.പി. രാജീവൻ.
മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നാണ് മമ്മൂട്ടി ചിത്രം 'വല്ല്യേട്ടന്‍'. 24 വർഷങ്ങൾക്ക് ശേഷം നവംബറിൽ റീ റിലീസിനെത്തിയ സിനിമ, പ്രേക്ഷകർ ഒരിക്കൽക്കൂടി ആവേശത്തോടെ സ്വീകരിച്ചു. ഷാജി കൈലാസ് - രഞ്ജിത്ത് ടീം അണിയിച്ചൊരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്‍റെ ബാനറിൽ ബൈജു അമ്പലക്കരയാണ് നിർമിച്ചത്. മാറ്റിനി നൗവാണ് 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദത്തോടെ സിനിമ വീണ്ടും തിയെറ്ററുകളിലെത്തിച്ചത്.
മലയാള സിനിമയിലെ റീ റിലീസ് ട്രെൻഡിൽ, 2024ലെ ഏറ്റവും ഒടുവിലത്തെ സിനിമയാണ് വല്ല്യേട്ടൻ. അറയ്ക്കൽ മാധവനുണ്ണിയും അനുജൻമാരും തിരിച്ചെത്തിയപ്പോൾ പുതിയ സിനിമ കാണുന്ന അതേ ഫ്രഷ്നെസോടെയാണ് ഓരോ പ്രേക്ഷകനും തിയെറ്ററിൽ എത്തിയത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ റീ റിലീസായി വല്ല്യേട്ടൻ എത്തിയപ്പോൾ, ഒരിക്കൽക്കൂടി മലയാള സിനിമ പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവം കൂടിയായി അത്. ആയിരം വട്ടമെങ്കിലും ടെലിവിഷനുകളിൽ എത്തിയ വല്ല്യേട്ടനെ കണ്ട് കൊതിതീരാത്തവരാണ് സിനിമ പ്രേമികൾ.
വൈറ്റ് ജുബ്ബയിട്ട് വിവിധ വർണങ്ങളിലുള്ള മുത്തു മാലയും കഴുത്തിലിട്ട്, കൈയിൽ കറുത്ത ചരട് അടുപ്പിച്ച് കെട്ടി, മുണ്ടും മടക്കിക്കുത്തി, മാസിൽ മാസായി നിൽക്കുന്ന ആ മാധവനുണ്ണിയെ ഏത് കാലത്ത് ഇറക്കിയാലും അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ് കെ. ജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്‍റ്, എന്‍.എഫ്. വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ്, സായ് കുമാർ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് മോഹന്‍ സിത്താരയാണ്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് രാജാമണിയും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രവിവര്‍മനും ചിത്രസംയോജനം നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമാണ്.