ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ...
മലയാളികൾ നെഞ്ചിലേറ്റിയ ഒരുപിടി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരുമിക്കുന്നു.
സിനിമയുടെ പേര് ബെസ്റ്റി. ആധുനിക സൗഹൃദ കൂട്ടായ്മകളിലും സോഷ്യൽ മീഡിയയിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു പ്രയോഗമാണ് ബെസ്റ്റി. ആരാണ് ബെസ്റ്റി എന്നു ചോദിച്ചാൽ ഉത്തരങ്ങൾ പലതാണ്. കൃത്യമായ ഒരു ഉത്തരവുമായി സിനിമ ജനുവരി 24ന് റിലീസ് ചെയ്യും.
പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം..., കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ... എന്നിങ്ങനെ നിരവധി എവർഗ്രീൻ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാക്കളാണ് ഷിബു ചക്രവർത്തി - ഔസേപ്പച്ചൻ സഖ്യം. ഇവരുടെ പുനസമാഗമം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. ചിത്രത്തിലെ ഗാനങ്ങൾ മോഹൻലാൻ റിലീസ് ചെയ്യും.
അഞ്ച് ഗാനങ്ങളാണ് ബെസ്റ്റിയിലുള്ളത്. ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരാണ് മറ്റു പാട്ടുകൾ എഴുതിയിരിക്കുന്നത്. ഔസേപ്പച്ചനെ കൂടാതെ അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല എന്നിവരും ചിത്രത്തിലെ സംഗീതസംവിധായകരാണ്. പശ്ചാത്തല സംഗീതവും ഔസേപ്പച്ചൻ നിർവഹിക്കുന്നു.
ഷാനു സമദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് നിർമിക്കുന്നത്. സൗഹൃദത്തിനും, കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്ന കോമഡി ത്രില്ലറാണ് ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ.
കൺവിൻസിങ് സ്റ്റാറായി പുതിയ താരപരിവേഷം ലഭിച്ച സുരേഷ് കൃഷ്ണ, അബു സലിം എന്നിവർ ശക്തമായ കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. യുവനിരയിലെ ശ്രദ്ധേയരായ അഷ്കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ, ശ്രവണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജോയ് മാത്യു, സുധീർ കരമന, ജാഫർ ഇടുക്കി, സാദിഖ്, ഹരീഷ് കണാരൻ, ഗോകുലൻ, നിർമൽ പാലാഴി, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോന നായർ, മെറീനാ മൈക്കിൾ, അംബിക മോഹൻ, പ്രതിഭ പ്രതാപചന്ദ്രൻ, സന്ധ്യ മനോജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ - പൊന്നാനി അസീസ്. പാർക്കിംഗ് എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിന്‍റെ ഛായാഗ്രാഹകനും, മലയാളിയുമായ ജിജു സണ്ണി ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർമഹിക്കുന്നു എന്നത് ഈ ചിത്രത്തിന്‍റെ ഏറെ ആകർഷക ഘടകമാണ്.