കന്നഡ ഭാഷയെ അപമാനിച്ചു; കമൽ ഹാസൻ ചിത്രത്തിനെതിരേ ബഹിഷ്കരണാഹ്വാനം
38 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ, ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ‍്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കന്നഡ രക്ഷാ വേദികെ എന്ന ഭാഷാ സംഘടന.
ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെ കമൽ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് ബഹിഷ്കരണാഹ്വാനവുമായി കന്നഡ രക്ഷാ വേദികെയുടെ പ്രവർത്തകർ രംഗത്തെത്തിയത്. ചിത്രം കർണാടകയിൽ ബഹിഷ്കരിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ‍്യം.
തമിഴിൽ നിന്നുമാണ് കന്നഡ ഭാഷ ഉത്ഭവിച്ചതെന്നായിരുന്നു കമലിന്‍റെ പ്രസ്താവന. കമലിന്‍റെ പ്രസ്താവനക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. പരാമർശം കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്നും സ്വന്തം ഭാഷയെ പുകഴ്ത്താൻ മറ്റു ഭാഷയെ തരം താഴ്ത്തരുതെന്നും കർണാടക ബിജെപി പ്രസിഡന്‍റ് ബി. വിജയേന്ദ്ര പറഞ്ഞു.
കന്നഡ നടൻ ശിവരാജ് കുമാറിനോട് സംസാരിക്കുന്നതിനിടെയായിരുന്നു കമലിന്‍റെ പ്രസ്താവന. കമൽ രാജ‍്യസഭയിലേക്ക് എത്തുന്നുവെന്ന് ഉറപ്പായതിനു ശേഷമാണ് ചിത്രത്തിനെതിരേ ബഹിഷ്കരണാഹ്വാനം ശക്തമായതെന്നാണ് വിവരം. ജൂൺ 5ന് ആണ് ചിത്രത്തിന്‍റെ റിലീസ്.