'ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിനു തിരികൊളുത്തിയിട്ടുണ്ട്..!!' ഗുരുതര ആരോപണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

 
Entertainment

''ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിനു തിരി കൊളുത്തിയിട്ടുണ്ട്...!'' ഗുരുതര ആരോപണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ലിസ്റ്റിനെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തി.

മലയാള സിനിമയിൽ പുത്തന്‍ വിവാദത്തിന് തുടക്കമിട്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിനു തിരികൊളുത്തിയിട്ടുണ്ടെന്നും, ആ നടൻ ഇനിയും ആ തെറ്റ് തുടർന്നാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ലിസ്റ്റിൻ മുന്നറിയിപ്പു നൽകി.

‘‘മലയാള സിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ, മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ, ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും...’’

കൊച്ചിയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ലിസ്റ്റിൻ സ്റ്റീഫന്‍റെ പരാമർശം. അതേസമയം നടന്‍റെ പേരോ, ചെയ്‌ത തെറ്റ് എന്താണെന്നോ പറയാതെയുള്ള ലിസ്റ്റിന്‍റെ മുന്നറിയിപ്പിനെ വിമർശിച്ച് നിരവധി പേർ ​രംഗത്തെത്തി.

ഇത്തരം അഭിപ്രായപ്രകടനങ്ങൾ ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കാനേ സഹായിക്കൂ എന്നാണ് പ്രധാന വിമർശനം. മറ്റു ചിലർ 'ബേബി ഗേൾ' എന്ന പുതിയ സിനിമയിലെ താരത്തിനെയാണ് ലിസ്റ്റിൻ വിമർശിച്ചതെന്ന് ആരോപിക്കുന്നു. അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനെയാണ് ആദ്യം നായകനായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഈ റോളിലേക്ക് നിവിൻ പോളിയെ കൊണ്ടുവന്നിരുന്നു. ഇവരിൽ ഒരാളെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഉദ്ദേശിച്ചതെന്ന രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്. പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ് പ്രസ്താവനയെന്നും ആരോപണമുയരുന്നുണ്ട്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം