62-ാമത് മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജ് കപൂർ പ്രത്യേക സംഭാവന പുരസ്കാരം ബോളിവുഡ് നടി റാണി മുഖർജിക്ക് സമ്മാനിക്കുന്നു
മുംബൈ: 62-ാമത് മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ ബോളിവുഡ് നടി റാണി മുഖർജിക്ക് രാജ് കപൂർ പ്രത്യേക സംഭാവന പുരസ്കാരം സമ്മാനിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് റാണി മുഖർജിക്ക് പുരസ്കാരം നൽകി. സാംസ്കാരിക മന്ത്രി ആശിഷ് ഷേലാറും ചലച്ചിത്ര മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
പ്രഭാദേവിയിലെ രവീന്ദ്ര നാട്യ മന്ദിറിലായിരുന്നു പുരസ്കാര ചടങ്ങ്. സിനിമയിൽ മൂന്ന് പതിറ്റാണ്ടോളം പ്രവർത്തിച്ച സംസ്ഥാനത്തുനിന്ന് ലഭിച്ച ഈ അംഗീകാരം ഹൃദയത്തോട് ഏറെ ചേർന്നുനിൽക്കുന്നതാണെന്ന് പുരസ്കാരം സ്വീകരിച്ച ശേഷം റാണി മുഖർജി പറഞ്ഞു. ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ രാജ് കപൂറിന്‍റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ട്. സ്വന്തം നാട്ടിൽനിന്നും സ്വന്തം ആളുകളിൽനിന്നും ലഭിക്കുന്ന അംഗീകാരമാണ് ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കുന്നതെന്നും അവർ വ്യക്തമാക്കി.
മുംബൈ തനിക്ക് വ്യക്തിത്വവും പ്രേക്ഷകരെയും കരിയറും നൽകിയെന്ന് റാണി പറഞ്ഞു. മുംബൈ തന്‍റെ വീടും സുരക്ഷിത ഇടവും എല്ലാമാണെന്നും പുരസ്കാരം കാണുമ്പോഴെല്ലാം മുംബൈയെയും മഹാരാഷ്ട്രയെയും ഓർമിക്കുമെന്നും അവർ വ്യക്തമാക്കി. സിനിമയെ ഒരു തൊഴിൽ മാത്രമായി താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും അതൊരു ആഴത്തിലുള്ള വികാരമാണെന്നും പറഞ്ഞ റാണി ആ വികാരത്തിന്‍റെ വീട് മഹാരാഷ്ട്രയാണെന്നും കൂട്ടിച്ചേർത്തു.
‘ബ്ലാക്ക്’, ‘നോ വൺ കിൽഡ് ജെസിക്ക’, ‘ഹിച്ച്കി’, ‘മർദാനി’, ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ റാണി മുഖർജി അവതരിപ്പിച്ചിട്ടുണ്ട്.