ബംഗളൂരുവിലെ ജയനഗർ ബസ് ഡിപ്പോയിലെത്തിയ രജനികാന്ത് പഴയ സഹപ്രവർത്തകനും സുഹൃത്തുമായ രാജ് ബഹാദൂറിനൊപ്പം. 
Entertainment

ബസ് കണ്ടക്റ്ററായി ജോലി ചെയ്തിരുന്ന പഴയ സ്ഥലത്ത് സൂപ്പർ താരമെത്തി | Video

പഴയ ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസസിൽ ശിവാജിറാവു ഗെയ്ക്ക്‌വാദ് എന്നൊരു കണ്ടക്റ്ററുണ്ടായിരുന്നു...

ബംഗളൂരു: പഴയ ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസസിൽ (ബിടിഎസ്) ശിവാജിറാവു ഗെയ്ക്ക്‌വാദ് എന്നൊരു കണ്ടക്റ്ററുണ്ടായിരുന്നു. സിഗരറ്റ് വായിലേക്ക് എറിഞ്ഞു പിടിച്ചും രണ്ടു സിഗരറ്റ് ഒന്നിച്ചു വലിച്ചുമൊക്കെ യാത്രക്കാരുടെ ശ്രദ്ധയാകർഷിച്ചിരുന്ന ഒരു സ്റ്റൈൽ മന്നൻ.

സഹപ്രവർത്തകനായ ഡ്രൈവർ രാജ് ബഹാദൂറിന്‍റെ പ്രോത്സാഹനമനുസരിച്ചാണ് ഗെയ്ക്ക്‌വാദ് സിനിമയിൽ ഒരു കൈ നോക്കാൻ വഴി തേടിയത്. തക്ക സമയത്ത് അദ്ദേഹത്തിന്‍റെ സ്പെഷ്യൽ സിഗരറ്റ് വലി കണ്ട സൂപ്പർ സംവിധായകൻ കെ. ബാലചന്ദർ കൈയോടെ സിനിമയിലുമെടുത്തു. കമൽ ഹാസന്‍റെ വില്ലനായി അരങ്ങേറ്റം. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആ സിഗരറ്റ് വലി പോലും തലമുറകളുടെ ഹരമാക്കി മാറ്റിയ സാക്ഷാൽ രജനികാന്ത് ആയിരുന്നു ആ കണ്ടക്റ്റർ.

ഇപ്പോഴിതാ ജയിലർ സിനിമ തിയെറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആരോടും പറയാതെ തന്‍റെയാ പഴയ ജോലി സ്ഥലത്തെത്തി, ബംഗളൂരുവിലെ ജയനഗറിലുള്ള ബസ് ഡിപ്പോയിൽ.

മുന്നിൽ നിർത്തിയ എംയുവിൽ നിന്നിറങ്ങിയ വെള്ള വസ്ത്രം ധരിച്ച, വാർധക്യം ബാധിക്കാത്ത ചുറുചുറക്കുള്ള മനുഷ്യനെ സെക്യൂരിറ്റി ജീവനക്കാരൻ ആദ്യം തിരിച്ചറിഞ്ഞില്ല. ഇങ്ങനെയൊരാൾ അവിടെ വരുമെന്ന് ഒരാളും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കില്ലല്ലോ. മറ്റൊരു സെക്യൂരിറ്റി ഗാർഡ് പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, ''രജനികാന്ത്!''

പെട്ടെന്നാണ് ആളുകൾ ഓടിക്കൂടിയത്. ജീവനക്കാർ തലൈവരെ ഉള്ളിലേക്കു ക്ഷണിച്ചു. തറയിൽ തൊട്ടു വണങ്ങി അദ്ദേഹം ഒരിക്കൽക്കൂടി പഴയ ജോലി സ്ഥലത്തേക്ക് കാലെടുത്തുവച്ചു. ഏകദേശം 900 പേർ ജോലി ചെയ്യുന്ന ഡിപ്പോയിൽ അപ്പോഴുണ്ടായിരുന്നത് 150 പേർ മാത്രം.

മുന്നിൽ വന്നവർക്കെല്ലാം ഹസ്തദാനം നൽകി, ആവശ്യപ്പെട്ടവരുടെയെല്ലാം ഒപ്പം സെൽഫിയെടുത്ത് രജനികാന്ത് ചുറ്റുനടന്നു കണ്ടു, 1970കൾ വരെ താൻ ജോലി ചെയ്തിരുന്ന സ്ഥലത്തിനു വന്ന മാറ്റങ്ങൾ വിടർന്ന കണ്ണുകളിൽ പ്രതിഫലിച്ചു.

20 മിനിറ്റോളമാണ് അദ്ദേഹം ഡിപ്പോയിൽ ചെലവഴിച്ചത്. ആരോടും അധികമൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. പക്ഷേ, ആ വിടർന്ന ചിരി തന്നെ എല്ലാവർക്കും ധാരാളമായിരുന്നു. അനുഗ്രഹവും ആശീർവാദവുമെല്ലാം ആവശ്യപ്പെട്ടവർക്കൊക്കെ നിർലോപം വാരിക്കോരിക്കൊടുത്തു. വിടപറഞ്ഞു, മടങ്ങുകയും ചെയ്തു....

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം