ഒനിറോസ് ഫിലിം അവാർഡ്സിൽ രണ്ടു മലയാളികൾക്ക് പുരസ്കാരം.
ന്യൂയോർക്കിൽ നടന്ന ഒനിറോസ് ഇന്‍റർനാഷണൽ ഫിലിം അവാർഡ്സിൽ 'റോട്ടൻ സൊസൈറ്റി' എന്ന പരീക്ഷണ സിനിമയുടെ സംവിധാനത്തിന് എസ്.എസ്. ജിഷ്ണുദേവിനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ഫൈനൽ റൗണ്ടിൽ അഞ്ചോളം വിദേശ സിനിമകളുമായി മത്സരിച്ചാണ് ജിഷ്ണു ദേവ് ഈ നേട്ടത്തിലെത്തിയത്.
പ്രിൻസ് ജോൺസൺ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. റോട്ടൻ സൊസൈറ്റി ഇതിനോടകം 125 ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ കരസ്ഥമാക്കി ജൈത്രയാത്ര തുടരുകയാണ്.
ഒരു ഭ്രാന്തന്‍റെ കൈയിൽ അവിചാരിതമായി ഒരു ക്യാമറ ലഭിക്കുന്നതും ആ ക്യാമറയിൽ പകർത്തുന്ന വിവിധ ദൃശ്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വരാഹ ഫിലിംസിന്‍റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
ടി. സുനിൽ പുന്നക്കാട് സിനിമയിൽ പ്രധാന കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിക്കുന്നു. ബേബി ആരാധ്യ, ഷാജി ബാലരാമപുരം, മാനസപ്രഭു, ജിനു സെലിൻ, ഗൗതം എസ് കുമാർ, വിപിൻ ശ്രീഹരി, രമേശ് ആറ്റുകാൽ, ചാല കുമാർ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. എഡിറ്റിങ്ങും ഛായാഗ്രഹണവും തിരക്കഥയും ജിഷ്ണു ദേവ് തന്നെ.
എസ്.എസ്. ജിഷ്ണു ദേവിന് കലാനിധി ഫോക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു രബീന്ദ്രനാഥ ടാഗോർ സ്മൃതി പ്രഥമ ദൃശ്യ മാധ്യമ പുരസ്കാരവും റോട്ടൻ സൊസൈറ്റിയുടെ സംവിധാന മികവിന് ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ പിആർഒ അജയ് തുണ്ടത്തിൽ.