എംടിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഋഷഭ് ഷെട്ടി; രണ്ടാമൂഴം സംവിധാനം ചെയ്യും?
മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു രണ്ടാമൂഴം സിനിമയാക്കി കാണണമെന്ന്. പലരുമായി സിനിമയെക്കുറിച്ച് ചർച്ചകൾ നടത്തിയെങ്കിലും എങ്ങും എത്തിയില്ല. ഇപ്പോൾ എംടിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കന്നഡ സൂപ്പർതാരം ഋഷഭ് ഷെട്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. രണ്ടാമൂഴം ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത് കാന്താരയുടെ വിജയത്തോടെയാണ്. ഋഷഭിനെ രണ്ടാമൂഴം ഏൽപ്പിക്കാൻ എംടി താൽപ്പര്യപ്പെട്ടിരുന്നു എന്നാണ് വിവരം. ഋഷഭ് ഷെട്ടിയുമായി ഒന്നരവർഷം മുൻപ് അദ്ദേഹം പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നെന്നാണ് എംടിയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞത്. സിനിമയുടെ പ്രഖ്യാപനം ഈ വർഷം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ ചിത്രത്തിൽ ഭീമന്‍റെ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന ചോദ്യങ്ങളും ഉയരുകയാണ്. ഇത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. നിർമാതാക്കളേയും മറ്റ് അണിയറപ്രവർത്തകരേയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും റിപ്പോർട്ടുകളുണ്ട്. ഏറെ താമസിയാതെ സംവിധായകൻ കോഴിക്കോട്ടെത്തുമെന്നും ശേഷം അദ്ദേഹവും എംടിയുടെ കുടുംബവും ചേർന്ന് സിനിമയുടെ പ്രഖ്യാപനം നടത്തുമെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
രണ്ടാമൂഴം സിനിമയാക്കാനായി മുൻപ് പല കമ്പനികളും ശ്രമിച്ചിരുന്നു. ഇടക്കാലത്ത് സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോയതിനാൽ എംടി കരാറിൽനിന്ന് പിൻവാങ്ങുകയും തിരക്കഥ തിരിച്ചുവാങ്ങുകയുമായിരുന്നു.