സന്തോഷ് പണ്ഡിറ്റ്, സി.ജെ. റോയ്
കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണത്തിൽ പ്രതികരണവുമായി സംവിധായകൻ സന്തോഷ് പണ്ഡിറ്റ്. എത്ര ടാക്സ് വെട്ടിച്ചാലും ആരെയും ഇൻകം ടാക്സും ഇഡിയും പിടിച്ച് വിഴുങ്ങാറില്ലെന്നും പിഴ ഈടാക്കുകയൊള്ളൂ എന്നാണ് ഫെയ്സ്ബുക്ക് പങ്കുവെച്ച കുറിപ്പിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ബാംഗ്ലൂരിൽ എല്ലാ ബിൽഡർമാരുടെയും ഓഫീസുകളിൽ ഇൻകം ടാക്സ് റെയ്ഡ് നടത്തുകയാണ്. അവരിൽ ഒരാൾ പോലും ആത്മഹത്യ ചെയ്തില്ല. ഇൻകം ടാക്സ് ഇദ്ദേഹത്തോട് ചില കടലാസുകൾ ചോദിച്ചപ്പോൾ എന്തിനാണ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ലെന്നും അദ്ദേഹം കുറിച്ചു.
സാമ്പത്തിക തിരിമറി പിടിക്കപ്പെടും എന്ന് തോന്നുമ്പോൾ ആത്മഹത്യ ചെയ്യുന്നത് ശരിയല്ല. പിഴ അടച്ചാൽ ഭൂരിഭാഗം സാമ്പത്തിക തട്ടിപ്പിൽ നിന്നും ഊരി വരാം എന്നതാണ് സത്യം. സത്യസന്ധമായാണ് എല്ലാം ബിസിനസ് കാര്യങ്ങൾ നടത്തുന്നത് എങ്കിൽ പിന്നെ എന്തിന് പേടിക്കണം?- സന്തോഷ് പണ്ഡിറ്റ് ചോദിച്ചു. സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്
ബാംഗ്ലൂരിൽ വെച്ചു കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ജിയുടെ ആത്മഹത്യ ഞെട്ടൽ ഉണ്ടാക്കി. കഴിഞ്ഞ ഒരു മാസമായി ബാംഗ്ലൂരിൽ എല്ലാ ബിൽഡർമാരുടെയും ഓഫീസുകളിൽ ഇൻകം ടാക്സ് റെയ്ഡ് നടത്തുകയാണ്. അവരിൽ ഒരാൾ പോലും ആത്മഹത്യ ചെയ്തില്ല. റെയ്ഡിന് ഇടയിൽ ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകുകയും ചെയ്തു. കെട്ടിട നിർമാണ മേഖല കള്ളപ്പണത്തിന്റെ കളി ആണ് എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ തെളിവ് ലഭിക്കുന്നത് കൊണ്ടാണ് ഇൻകം ടാക്സുകാർ വന്നത്. അത് സ്വാഭാവികം. ഇൻകം ടാക്സ് ഇദ്ദേഹത്തോട് ചില കടലാസുകൾ ചോദിച്ചപ്പോൾ എന്തിനാണ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ല.
എത്ര ടാക്സ് വെട്ടിച്ചാലും ആരേയും ഇൻകം ടാക്സ്, ഇഡി പിടിച്ച് വിഴുങ്ങാറില്ല. പിഴ ഈടാക്കുകയേ ഉള്ളൂ. ഇതിനു മുമ്പും വലിയ കോടീശ്വരന്മാർ പലരും പല സ്ഥലങ്ങളിൽ വച്ചു ആത്മഹത്യ ചെയ്തിട്ടുണ്ട്. പക്ഷേ അവരിൽ പലരും ഇൻകം ടാക്സ്, ഇ.ഡിക്കാരെ പേടിച്ചിട്ടല്ല. ആത്മഹത്യക്കു പിന്നിൽ മറ്റു ചില ‘ദുരൂഹ’ കാരണങ്ങൾ ഉണ്ടായിരിക്കണം.
2 ലക്ഷം കോടി ആസ്തിയുള്ള കപ്പൽ ജോയി ജി ഗൾഫിൽ വെച്ചാണ് ആത്മഹത്യ ചെയ്തത്. ഡൽഹിയിൽ ബഹു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ജോർജ് മുത്തൂറ്റ് ജി ചാടി മരിച്ചു.
രാജ്യത്തു പതിനായിരക്കണക്കിന് കോടീശ്വരന്മാർ ആയ ബിസിനസ്‌കാർ ഉണ്ട്, സിനിമാക്കാർ ഉണ്ട്, രാഷ്ട്രീയക്കാർ ഉണ്ട്. ദിവസവും നൂറു കണക്കിന് ആദായ നികുതി റെയ്ഡ് ഇന്ത്യ മുഴുവൻ പലരുടെയും വീട്ടിൽ നടക്കുന്നുമുണ്ട്. അതിൽ എത്രയോ ആളുകളുടെ എത്രയോ കോടികൾ കള്ളപ്പണം പിടിക്കുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും, കള്ള പണം വെളുപ്പിച്ച വകയിൽ, ബിനാമി ഇടപാടിന്റെ പേരിൽ ചിലരൊക്കെ ജയിലിലും ആകുന്നുണ്ട്. സാമ്പത്തിക തിരിമറി പിടിക്കപ്പെടും എന്ന് തോന്നുമ്പോൾ ആത്മഹത്യ ചെയ്യുന്നത് ശരിയല്ല. പിഴ അടച്ചാൽ ഭൂരിഭാഗം സാമ്പത്തിക തട്ടിപ്പിൽ നിന്നും ഊരി വരാം എന്നതാണ് സത്യം. സത്യസന്ധമായാണ് എല്ലാം ബിസിനസ് കാര്യങ്ങൾ നടത്തുന്നത് എങ്കിൽ പിന്നെ എന്തിന് പേടിക്കണം?
അഥവാ എന്തെങ്കിലും നിയമം വിട്ട് ചെയ്തിട്ടുങ്കിൽ അത് പരിഹരിക്കുവാൻ എന്തെല്ലാം മാർഗ്ഗം ഉണ്ട്? ഒരിക്കലും സാമ്പത്തിക കുറ്റകൃത്യം പിടിക്കപ്പെട്ടാൽ ആരും നിങ്ങളെ തൂക്കിലേറ്റില്ല. ഏതായാലും കേരളത്തിലെ മാധ്യമങ്ങൾക്ക് ഇനി ഒരാഴ്ചക്കാലം ചാകരയായി. കുറേ പകൽ ചർച്ച, രാത്രി ചർച്ച, സംശയങ്ങളുടെ പുകപടലങ്ങൾ, പൊടിക്ക് രാഷ്ട്രീയം ഒക്കെ പറഞ്ഞു വാർത്ത വിറ്റ് ജീവിക്കാം. പിന്നെ അടുത്ത വിവാദ വാർത്ത വന്നാൽ പിന്നെ ഇതൊക്കെ മറക്കും. സ്വാഭാവികം... (സിനിമ, രാഷ്ട്രീയം, ചാനൽ ഒക്കെ ബിസിനസ് തന്നെ )
എന്തായാലും കോൺഫിഡന്റ് മുതലാളിക്കു കോൺഫിഡൻസ് ഇല്ലാതെ ആയിപോയി. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഈ മരണത്തിനു പിന്നിലെ യഥാർഥ കാരണം പൊലീസ് വളരെ വിശദമായി അന്വേഷിക്കണം. അത് ജനങ്ങളെ അറിയിക്കണം. ബിഗ് ബജറ്റ് ചിത്രമായ ‘കാസനോവ’, ‘ലേഡീസ് ആൻഡ് ജന്റിൽമാൻ’ ‘മേ ഹും മൂസ’, ‘അനോമി’ സിനിമകളുടെ നിർമാതാവ്, ‘മരക്കാർ.. അറബി കടലിന്റെ സിംഹം’ സിനിമകളുടെ സഹനിർമാതാവ് ഒക്കെ ആയിരുന്നു ഇദ്ദേഹം. പ്രണാമം!