സന്തോഷ് വർക്കി
കൊച്ചി: തനിക്ക് ക്യാൻസറാണെന്ന് വെളിപ്പെടുത്തി ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി. തനിക്ക് ഗുരുതരമായ മൾട്ടിപ്പിൾ മൈലോമയാണെന്നും തന്‍റെ അച്ഛനും ഇതേ അസുഖമായിരുന്നുവെന്നും ഇതു പാരമ്പര്യ രോഗമാണെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ സന്തോഷ് വർക്കി പറഞ്ഞിരിക്കുന്നത്.
അസ്ഥിയിലെ മജ്ജയിലുള്ള പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന അർബുദമാണ് മൾട്ടിപ്പിൾ മൈലോമ. ഈ അസുഖത്തിന് മരുന്നില്ലെന്നും രണ്ട് മാസം കൂടിയേ ജീവിച്ചിരിക്കൂ എന്നും സന്തോഷ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ജീവിച്ചിരിക്കണമെന്ന് തനിക്ക് ആഗ്രഹമില്ല. അമ്മയെ സഹോദരിമാർ നോക്കും. അവർ ആഗ്രഹിച്ചതു പോലെ തന്‍റെ സ്വത്ത് അവർക്ക് കിട്ടും എന്നും സന്തോഷ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം സത്യമാണോ എന്ന് വ്യക്തമല്ല. സന്തോഷ് വർക്കി റീച്ചിനു വേണ്ടിയാണ് ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന വിമർശനം ഉയരുന്നുണ്ട്.