ഒന്നര വർഷമായി ഞങ്ങൾ ഒന്നിച്ചല്ല, സമാധാനത്തോടെ വേർപിരിയുന്നു; വിവാഹമോചിതയായെന്ന് നടി ഹരിത
വിവാഹമോചിതയായെന്ന് പ്രഖ്യാപിച്ച് സീരിയൽ താരം ഹരിത ജി. നായർ. എഡിറ്റർ വിനായകുമായുള്ള രണ്ട് വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചതായാണ് നടി പ്രഖ്യാപിച്ചത്. ഒന്നര വർഷമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നെന്നും ഹരിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
ബാല്യകാല സുഹൃത്തുക്കളായിരുന്ന ഹരിതയും വിനായകും 2023ലാണ് വിവാഹിതരായത്. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ബന്ധം പിരിയുന്നതെന്നും സുഹൃത്തുക്കളായി തുടരുമെന്നുമാണ് നടി കുറിച്ചു. വേർപിരിയാനുള്ള കാരണം വ്യക്തിപരമാണെന്നും അത് തങ്ങൾക്കിടയിൽ മാത്രം നിലനിൽക്കുമെന്നും ഹരിത വ്യക്തമാക്കി. പിന്നാലെ സീരിയൽ താരങ്ങൾ ഉൾപ്പടെ നിരവധി പേർ പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തി.
‘‘ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹബന്ധം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ മികച്ച രീതിയിൽ തുടരും. ഞങ്ങൾ ഇനിയും പരസ്പരം എല്ലാ ആശംസകളും നേരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്. അത് ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം നിലനിൽക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവർ മനസിലാക്കി എന്നതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു. ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ... ജീവിക്കാൻ അനുവദിക്കൂ.’’–ഹരിത കുറിച്ചു.
കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. തിങ്കള്‍ക്കലമാന്‍, ശ്യാമാമ്പരം തുടങ്ങിയ സീരിയലുകളിലും ഹരിത വേഷമിട്ടു. ജീത്തു ജോസഫ് സിനിമകളുടെ സ്ഥിര സാന്നിധ്യമാണ് വിനായക്. ദൃശ്യം 2, ട്വൽത് മാൻ , നുണക്കുഴി, നേരം തുടങ്ങിയ സിനിമകളിൽ വിനായക് പ്രവർത്തിച്ചിട്ടുണ്ട്.