'ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല': അമേയ നായർ
മദ്യലഹരിയിൽ നടൻ സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചതിനു പിന്നാലെ സീരിയൽ നടൻ ജിഷിൻ മോഹന് നേരെ വ്യാപക സൈബർ ആക്രമണം. സിദ്ധാർഥ് പ്രഭുവിനെ പിന്തുണച്ച് ജിഷിൻ വിഡിയോ പങ്കുവച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. പിന്നാലെ ജിഷിന്‍റെ നിലപാടിനെ പിന്തുണച്ച് നടന്‍റെ പങ്കാളിയും നടിയുമായ അമേയ നായർ രംഗത്തെത്തി. തങ്ങൾ ആൾക്കൂട്ട ആക്രമണത്തെയാണ് എതിർത്തതെന്നും അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും അമേയ കുറിച്ചു.
ജിഷിൻ പങ്കുവച്ച പുതുവത്സര ആശംസകൾക്ക് താഴെ വിമർശനം കടുത്തതോടെയാണ് കമന്റ് ബോക്സിലൂടെ അമേയ നിലപാട് വ്യക്തമാക്കിയത്. ‘‘ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാൽ പോകുക, ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്തെങ്കിൽ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആൾക്കൂട്ട ആക്രമണം (ശിക്ഷ നടപടി) ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല, ആ പറഞ്ഞതിൽ ഒരിഞ്ചു പുറകോട്ടില്ല.’’- അമേയ കുറിച്ചു.
ക്രിസ്മസിന്‍റെ തലേ ദിവസമാണ് സിദ്ധാർഥ് മദ്യലഹരിയിൽ വാഹനമോചിച്ച് അപകടമുണ്ടാക്കിയത്. സിദ്ധാർത്ഥ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരന്‍റെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ചോദ്യം ചെയ്ത നാട്ടുകാരോട് സിദ്ധാർഥ് തട്ടിക്കയറിയതോടെ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്നതിന്‍റെ വിഡിയോയും പുറത്തുവന്നു. പിന്നാലെയാണ് ഇതിനെതിരെ ജിഷിൻ സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ചത്. നടൻ ആയത് കൊണ്ടാണ് സിദ്ധാർഥിനെ നാട്ടുകാർ കയ്യേറ്റം ചെയ്തതെന്നും പൊലീസും നിയമസംവിധാനവുമുള്ള നാട്ടിൽ നാട്ടുകാർ എന്തിന് നിയമം കയ്യിലെടുക്കുന്നു എന്നാണ് ജിഷിൻ ചോദിച്ചത്. അപകടത്തിൽ പരിക്കേറ്റ ലോട്ടറി കച്ചവടക്കാരൻ മരിച്ചതിനു പിന്നാലെ സിദ്ധാർഥിനെ പിന്തുണച്ചതിന് ജിഷിന് നേരെ വിമർശനം കനക്കുകയായിരുന്നു.