നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ സിനിമ 'കതിരവൻ' ഉടൻ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് സിജു വിൽസൺ. മമ്മൂട്ടിയെ നായകനാക്കിയാണ് സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇതിൽ മാറ്റം വരുകയായിരുന്നു.
അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം പ്രദീപ് കെ. താമരക്കുളം. ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള (മെമ്മറി ഓഫ് മർഡർ) അമേരിക്കൻ പ്രിമോസ് ഗ്ലോബൽ അച്ചീവ്മെന്‍റ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അരുൺ രാജ്. 'എഡ്വിന്‍റെ നാമം' എന്ന ചിത്രമാണ് ഇതിനു മുൻപ് സംവിധാനം ചെയ്തത്. 'വെൽക്കം ടു പാണ്ടിമല' എന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകനും അരുൺരാജായിരുന്നു.
താരാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജഗതമ്പി കൃഷ്ണ ചിത്രം നിർമിക്കുന്നു. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്‍റെ ആദ്യ നിർമാണ സംരംഭമാണ്. കതിരവന്‍റെ സംഗീതം ഒരുക്കുന്നത് ബിജിബാൽ. ലിറിക്സ് ഹരിനാരായണൻ, സത്യൻ കോമേരി.