ശ്രീകുമാരൻ തമ്പി | സുരേഷ് ഗോപി
സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റിയതിൽ സന്തോഷം പ്രകടിപ്പിച്ച് പാർലമെന്‍റിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പാട്ട് പാടിയതിനു പിന്നാലെ അതൃപ്തി പരസ്യമാക്കി ശ്രീകുമാരൻ തമ്പി. ഒരു മഹാകവിയുടെ ഗാനം എന്ന് പറഞ്ഞതും തന്‍റെ പേര് പരാമർശിക്കാതിരുന്നതിലുമാണ് ശ്രീകുമാരൻ തമ്പി വിമർശനം ഉന്നയിച്ചത്.
പാട്ട് പാടുന്നതിനു മുൻപ് വയലാർ, ദേവരാജൻ എന്നീ പേരുകൾ പറഞ്ഞതിൽ നിന്ന് ഈ ഗാനവും വയലാർ എഴുതിയത് എന്ന് ജനങ്ങൾ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയൻ വിചാരിച്ചുകാണുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വിമർശിച്ചു.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...
ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് പാർലമെന്‍റിൽ നമ്മുടെ സംസ്ഥാനത്തിന്‍റെ പേര് 'കേരളം' എന്ന് പൂർണ്ണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടയിൽ
"കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം.. എന്ന ഗാനം പാടി അഭിമാനപുളകിതനായി. എം ടി വാസുദേവൻ നായർ , ജോൺസൺ, വയലാർ , ജി. ദേവരാജൻ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിച്ച് സാഹിത്യത്തിലും സംഗീതത്തിലുമുള്ള തന്‍റെ താല്പര്യം അദ്ദേഹം വെളിവാക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം പാടിയ "കേരളം... കേരളം" എന്ന പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി എന്ന അടിയന്‍റെ പേര് പറയാൻ തയ്യാറായില്ല. ഒരു പക്ഷെ എന്‍റെ പേര് അദ്ദേഹത്തിന്‍റെ നാവിന് വഴങ്ങില്ലായിരിക്കും. പകരം 'ഒരു മഹാകവി' എന്ന ലേബലിൽ എന്നെ ഒതുക്കി. പാട്ട് പാടുന്നതിനു മുൻപ് വയലാർ, ദേവരാജൻ എന്നീ പേരുകൾ പറഞ്ഞതിൽ നിന്ന് ഈ ഗാനവും വയലാർ എഴുതിയത് എന്ന് ജനങ്ങൾ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയൻ വിചാരിച്ചുകാണും.
കേരളത്തെക്കുറിച്ചുള്ള ഒരു മികച്ച ഗാനമായി എല്ലാ മലയാളികളും അംഗീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്‍റെ രചയിതാവായ എന്‍റെ പേര് ആ നല്ല അവസരത്തിൽ പറയാതിരിക്കാൻ സുരേഷ് ഗോപിക്ക് രണ്ടു മൂന്നു കാരണങ്ങൾ ഉണ്ട്. മോഹൻലാലിനെ നായകനാക്കി ഞാൻ സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്ത 'യുവജനോത്സവം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ ഞാൻ പ്രധാന വില്ലനാക്കി. നായകനാകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി ഐ വി ശശി സംവിധാനം ചെയ്ത 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് ഞാൻ നിർബന്ധമായി ശശിയോട് പറഞ്ഞു.
സുരേഷ് ഗോപി ആദ്യമായി നായകനായി വന്നത് 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തിൽ ആണ്. അന്ന് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു പ്രശസ്തനായ ഒരു യുവനായകനായിരുന്നു ഐ വി ശശിയുടെ മനസ്സിൽ. എന്നാൽ എന്‍റെ അഭ്യർത്ഥന മാനിച്ച് ശശി സുരേഷ് ഗോപിയെ തന്നെ നായകനാക്കി. 'അക്ഷരത്തെറ്റ്' റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തീയേറ്ററിൽ സിനിമ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിച്ച് ആ കുടുംബത്തിന്‍റെ നന്ദിയും കടപ്പാടും അറിയിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കണ്ട എന്ന സത്യവും എനിക്കറിയാം. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ മറന്നു കാണും. പക്ഷെ ഈ എൺപത്താറാം വയസ്സിലും എന്‍റെ ഓർമ്മശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
"ബന്ധുവാര് ശത്രുവാര്
ബന്ധനത്തിൻ നോവറിയും
കിളിമകളേ പറയൂ ..."
ഇതും എന്‍റെ വരികളാണ്. എന്‍റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്.