ഷാരൂഖ് ഖാൻ, മന്നത്ത്
ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ മുംബൈയിലെ ആഡംബര വസതിയായ മന്നത്തിനെ കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. ബാന്ദ്രയിൽ കടലിനെ അഭിമുഖീകരിച്ച് സ്ഥിതിചെയ്യുന്ന മന്നത്ത് മുംബൈയിലെ പ്രധാന ആകർഷണമാണ്. നിലവിൽ മന്നത്തിൽ നവീകരണപ്രവർത്തനം നടന്നുവരികയാണ്. എന്നാൽ മന്നത്തിലെ നവീകരണത്തിനെതിരേ മുംബൈ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ് ഇപ്പോൾ.
പാരിസ്ഥിതിക ചട്ടങ്ങൾ പാലിക്കാതെയാണ് നവീകരണം എന്ന് ആരോപിച്ചാണ് ഹർജിക്കാരനായ സന്തോഷ് ധൻകർ കോടതിയെ സമീപിച്ചത്. നവീകരണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ആവശ്യമാണെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഷൊയ്ബ് ആലം പറഞ്ഞു. അഞ്ചു കോടി രൂപയിലധികം വരുന്ന പദ്ധതികൾക്ക് ഇത്തരം അനുമതി മുൻകൂറായി വേണമെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ വാദം കേട്ട സുപ്രീം കോടതി ഹർജിക്കാരന്‍റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു. മന്നത്ത് സ്വകാര്യ വസതിയാണെന്നും അതിലെ താമസക്കാർക്ക് ആവശ്യമെങ്കിൽ നവീകരിക്കാമെന്നും നിയമം അത് അനുശാസിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിഷയം ദേശീയ ഹരിത ട്രിബ്യൂണലിന് വിടണമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. വ്യക്തിയുടെ ജനപ്രീതിയുടെയോ സെലിബ്രിറ്റി സ്റ്റാറ്റസിന്‍റെയോ സ്വാധീനത്താൽ അല്ല ഈ തീരുമാനമെന്നും കോടതി വ്യക്തമാക്കി.
മന്നത്ത് നവീകരണത്തിനെതിരേ മുൻപ് ദേശീയ ഹരിത ട്രിബ്യൂണലിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ പാരിസ്ഥിതിക അനുമതികൾ ലഭ്യമായതിനെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വ്യക്തമാക്കിയ ട്രിബ്യൂണൽ ഹർജി തള്ളിയിരുന്നു. ഇതേ തുടർന്ന് കേസ് സുപ്രീം കോടതിയിൽ എത്തിയത്.
2025 മാർച്ചിലാണ് മന്നത്ത് നവീകരണത്തിനെതിരേ ഹർജിയുമായി സാമൂഹിക പ്രവർത്തകൻ രംഗത്തുവന്നത്. നിലവിൽ ആറു നിലകളിലാണ് മന്നത്ത്. പുതുതായി രണ്ടു നിലകൾ കൂടിയാണ് നിർമിക്കുന്നത്. ഇതോടെയാണ് പാരിസ്ഥിതിക ചട്ടങ്ങൾ ഉയർത്തിക്കാട്ടി വിവാദം ഉയർന്നത്.