പ്രത്യേക ലേഖിക
വിവാഹിതനായ മുഖ്യമന്ത്രിയെ തീവ്രമായി പ്രണയിച്ച താരസുന്ദരി... വിവാഹം എന്ന സ്വപ്നം യാഥാർഥ്യമാകില്ലെന്ന് ഉറപ്പായിട്ടും ഒരു ജീവിത കാലം മുഴുവൻ കാത്തിരുന്നു. ദാമ്പത്യ സ്വപ്നങ്ങൾ പൊലിഞ്ഞെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ അവർ കത്തിജ്വലിച്ചു. തനിക്കു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് മരണാനന്തരവും ഓർമപ്പെടുത്തുന്ന പുരട്ചി തലൈവി ജയലളിത കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 8 വർഷങ്ങൾ.
ഒരു സിനിമ പോലെ നിറയെ ട്വിസ്റ്റുകളും ഡ്രാമകളും നിറഞ്ഞതാണ് ജയലളിതയുടെ ജീവിതവും. രാഷ്ട്രീയത്തിലും അഭിനയത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടും ജയലളിതയുടെ വ്യക്തിജീവിതം തന്നെയായിരുന്നു എക്കാലത്തും കൂടുതൽ മിഴിവോടെ നിന്നിരുന്നത്. ജയലളിതയുടെ പ്രണയകഥകളിലെ നായകൻ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അഭിനയ പ്രതിഭയുമായ എംജിആർ ആയതിനാവാം ആ കഥകൾ കാട്ടു തീ പോലെ പടർന്നു.
കർണാടകയിൽ ജയറാമിന്‍റെയും സന്ധ്യയുടെയും മകളായി 1948ലാണ് ജയലളിത പിറന്നത്. സഹോദരൻ ജയകുമാർ. ആ കുടുംബത്തെ അനാഥമാക്കിക്കൊണ്ട്, ജയലളിത കുഞ്ഞായിരിക്കുമ്പോഴേ പിതാവ് മരണമടഞ്ഞു. പിന്നെ അമ്മയായിരുന്നു ജയലളിതയെയും സഹോദരനെയും വളർത്തിയത്. കൗമാരം കടന്നപ്പോഴേ ജയലളിത സിനിമാ അഭിനയത്തിലേക്കു കടന്നത് ജീവിതപ്രാരാബ്ധങ്ങളിൽ നിന്നൊരു മോചനം തേടിയായിരുന്നു. 20 വർഷം നീണ്ട സിനിമാ കാലം. അതിനിടെ തമിഴിലും തെലുങ്കിലും കന്നഡത്തിലുമായി 140 ചിത്രങ്ങൾ.
അപ്രതീക്ഷിതമായിരുന്നു ജയലളിതയുടെ രാഷ്ട്രീയ പ്രവേശം. സിനിമാ അഭിനയ കാലത്ത് എംജിആറും ജയലളിതയുമായി പ്രണയത്തിലാണെന്ന വാർത്തകൾ പരന്നിരുന്നു. തന്‍റെ സിനിമകളിൽ ജയലളിത നായികയായി വേണമെന്ന് എംജിആർ പരസ്യമായി തന്നെ ആവശ്യപ്പെട്ടിരുന്നു. ഇരുവരുടെയും പ്രണയകഥകൾ ഇൻഡസ്ട്രിക്ക് അകത്തും പുറത്തും ചൂടേറിയ ചർച്ചയായി. പക്ഷേ, പ്രായം കുറഞ്ഞ നായികമാർ എംജിആർ ചിത്രങ്ങളിലെത്തിയതോടെ ജയലളിതയും മറ്റു നായകന്മാർക്കൊപ്പം അഭിനയിക്കാൻ തുടങ്ങി. അക്കാലത്താണ് ശോഭൻ ബാബുവെന്ന പ്രശസ്തനായ നടനുമായി ജയലളിത പ്രണയത്തിലായത്. പലപ്പോഴും ഇരുവരെയും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെ പുതിയ ഗോസിപ്പുകൾ പ്രചരിച്ചു. ശോഭൻ ബാബുവിനെ വിവാഹം കഴിക്കാൻ ജയലളിതയ്ക്ക് താത്പര്യമുണ്ടായിരുന്നു. ജയലളിതയുടെ വസതിയിലെ സ്ഥിരം സന്ദർശകനായിരുന്നു ശോഭൻ ബാബു. വിവാഹിതനായിരുന്ന ശോഭൻ ബാബുവിനെ വിവാഹം കഴിക്കാനായി ജയലളിത സാരി വരെ വാങ്ങി വച്ചിരുന്നതായി കഥകളുണ്ട്.
ഇരുവരും വിവാഹിതരായെന്നും അതിന്‍റെ ഫോട്ടോകൾ സുഹൃത്തുക്കളെ കാണിച്ചിരുന്നുവെന്നും വരെ ഗോസിപ്പുകൾ പ്രചരിച്ചു. പക്ഷേ, ആ ബന്ധം പാതിയിൽ ശിഥിലമായി. ശോഭൻ ബാബുവിന്‍റെ ഭാര്യയാണോ അതോ എംജിആർ ആണോ അതിനു കാരണമായതെന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ തുടരുന്നു.
അതിനു ശേഷം ജയലളിത വീണ്ടും എംജിആറുമായി അടുത്തു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പല കാരണങ്ങളാൽ എംജിആർ നിരസിച്ചു. അക്കാലത്താണ് ജയലളിത രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതും മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിലേക്ക് വളരുന്നതും. ഇടക്കാലത്ത് കുടുംബ സുഹൃത്തിന്‍റെ മകൻ അരുൺ കുമാറുമായി ജയലളിത വിവാഹത്തിനൊരുങ്ങുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ, ആ കഥയ്ക്കും അധികം ആയുസുണ്ടായില്ല.