'ഇത് പ്രണയമല്ല, കെണി'; കേരള സ്റ്റോറി 2 വരുന്നു, ടീസർ പുറത്ത്
വൻ വിവാദമായ കേരള സ്റ്റോറിക്ക് ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു. 'ബിയോണ്ട് ദി കേരള സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിങ് ആണ്. ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു.
യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ബിയോണ്ട് ദി കേരള സ്റ്റോറി' ഒരുക്കിയതെന്ന അവകാശവാദത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. 'നമ്മുടെ പെൺകുട്ടികൾ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്. ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും' എന്ന ക്യാപ്ഷനോടെയാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്.
കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകൾ ജീവിതം പറയുന്നതാണ് ടീസറിലുള്ളത്. ടീസറിന് അവസാനം ധരിച്ചിരിക്കുന്ന ശിരോവസ്ത്രം ഊരി മാറ്റുകയാണ്. 2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ടീസർ പുറത്തുവന്നതിനു പിന്നാലെ വിമർശനവും രൂക്ഷമാവുകയാണ്. ചിത്രം വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നാണ് ആരോപണം. തെറ്റായ കാര്യങ്ങളാണ് വസ്തുതകളെന്ന പോലെ പ്രചരിപ്പിക്കുന്നതെന്നും നിരവധി പേർ കമന്‍റ് ചെയ്യുന്നുണ്ട്.
സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി'യുടെ ആദ്യ ഭാഗം റിലീസ് ചെയ്ത സമയത്ത് വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ, 20 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ലോകമെമ്പാടുനിന്നുമായി 300 കോടിയിലധകം രൂപ കളക്ഷൻ നേടുകയും രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു.