മല്ലിക ഷെറാവത്ത്, ടോം ക്രൂസ്
ഹോളിവുഡ് താരം സൂപ്പർതാരം ടോം ക്രൂസിന് തന്നോട് ക്രഷുണ്ടെന്ന് നടി മല്ലിക ഷെറാവത്തിന്‍റെ വെളിപ്പെടുത്തൽ. പുതിയതായി സംപ്രേഷണം ചെയ്യാനിരിക്കുന്ന ‘ദ ട്രെയ്റ്റേഴ്സ് സീസൺ 2’യുടെ പ്രൊമോ ക്ലിപ്പിലാണ് മല്ലിക ഇക്കാര്യം പറയുന്നത്.
പരിപാടിയിലെ മറ്റ് മത്സരാർഥികളുമായി സംസാരിക്കുന്നതിനിടെയാണ് ടോം ക്രൂസിനെക്കുറിച്ചുള്ള മല്ലികയുടെ പരാമർശം. ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോയെന്ന് ഹാസ്യതാരം ആദിത്യ കുൽശ്രേഷ്ഠ മല്ലികയോട് ചോദിച്ചു. “നിങ്ങൾക്ക് ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ, അതോ എല്ലാവർക്കും നിങ്ങളോടാണോ ക്രഷ്?” എന്നായിരുന്നു ചോദ്യം.
“എല്ലാവർക്കും എന്നോടാണ് ക്രഷ്. ഇപ്പോൾ ടോം ക്രൂസിനും എന്നോട് ക്രഷുണ്ട്. ഞാൻ കള്ളം പറയുന്നതല്ല” എന്നായിരുന്നു മല്ലികയുടെ മറുപടി. ടോം ക്രൂസ് തനിക്ക് അയച്ച ചില വീഡിയോകൾ ഫോണിലുണ്ടെന്നും ഫോൺ കൈവശമുണ്ടായിരുന്നെങ്കിൽ അവ മറ്റുള്ളവരെ കാണിക്കുമായിരുന്നെന്നും മല്ലിക പറഞ്ഞു. വീഡിയോകൾ എന്താണെന്ന് മറ്റ് മത്സരാർഥികൾ ചോദിച്ചപ്പോൾ, തങ്ങൾ ഒരുമിച്ച് പാർട്ടി നടത്തിയിരുന്ന സമയത്തുള്ള വീഡിയോകളാണെന്നായിരുന്നു മല്ലികയുടെ വിശദീകരണം. ടോം ക്രൂസിനെ “ഫാബുലസ്” എന്നും താരം വിശേഷിപ്പിച്ചു.
മല്ലികയുടെ അവകാശവാദം യഥാർഥത്തിൽ ടോം ക്രൂസുമായുള്ള പ്രണയബന്ധത്തെ സൂചിപ്പിക്കുന്നതാണോ എന്നത് വ്യക്തമല്ല. 2024ൽ ഫ്രഞ്ച് വ്യവസായി സിറിൽ ഓക്സൻഫാൻസുമായുള്ള ബന്ധം അവസാനിച്ചതിന് പിന്നാലെ താൻ സിംഗിളാണെന്ന് മല്ലിക വ്യക്തമാക്കിയിരുന്നു. കരൺ ജോഹർ അവതാരകനായ ‘ദ ട്രെയ്റ്റേഴ്സ് സീസൺ 2’ ഓഗസ്റ്റ് 13 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. ശ്വേത തിവാരി, മുനവ്വർ ഫാറൂഖി, റിയ ചക്രവർത്തി, ക്രിസ്റ്റൽ ഡിസൂസ, രൺവീർ ബ്രാർ, ഇക്ക, പാരുൽ ഗുലാത്തി, അഭിഷേക് മൽഹാൻ തുടങ്ങിയവരും സീസണിൽ പങ്കെടുക്കുന്നുണ്ട്.