"ഇത് തമാശ പറയേണ്ട കാര്യമല്ല"; 'അതിരടി' പ്രമോഷനിടെ കുട്ടികളെ കാണാതായി, തമാശയാക്കിയ ആരാധകന് ടൊവിനോയുടെ മറുപടി, വിഡിയോ
ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രമാണ് അതിരടി. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽവച്ച് ചിത്രത്തിന്‍റെ പ്രമോഷൻ ചടങ്ങ് നടന്നിരുന്നു. ടൊവിനോയും ബേസിലും ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവരെ കാണാനായി ആയിരക്കണക്കിന് പേരാണ് ബീച്ചിൽ തടിച്ചുകൂടിയത്. തിക്കിലും തിരക്കിലും കുറച്ച് കുട്ടികളെ കാണാതായതിനു പിന്നാലെ ടൊവിനോ തോമസ് നടത്തിയ ഇടപെടലിന്‍റെ വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുട്ടികളെ കാണാനില്ലെന്ന് പരിപാടിയുടെ സംഘാടകരെ കുട്ടികളുടെ മാതാപിതാക്കൾ അറിയിക്കുകയായിരുന്നു. തുടർന്ന് പരിപാടിയുടെ അവതാരകയായ രഞ്ജിനി ഹരിദാസ് കാണാതായ കുട്ടികളുടെ പേരുകൾ വിളിച്ചുപറഞ്ഞു. എന്നാൽ ഈ സമയത്ത് കാണികളിൽ ചിലർ കൂകിബഹളംവെക്കുകയായിരുന്നു. ടൊവിനോ ബഹളം ഉണ്ടാക്കരുതെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ടൊവിനോ രഞ്ജിനിയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങി.
കുട്ടികളെ കാണാനില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ബഹളമുണ്ടാക്കരുതെന്നും പറഞ്ഞു. ഇതോടെ ഷേക്ക് ഹാൻഡ് വേണമെന്നായി ഒരു ആരാധകന്‍റെ ആവശ്യം. ‘‘പ്രിയപ്പെട്ടവരെ ഷേക്ക് ഹാൻഡ് തരാം, ഫോട്ടോ എടുക്കാം, എല്ലാം ചെയ്യാം, നിങ്ങളുടെ വീട്ടിലെ കുട്ടികളെയാണ് കാണാതിരിക്കുന്നതെങ്കിൽ നിങ്ങൾക്കൊരു നെഞ്ചിടിപ്പ് ഉണ്ടാകില്ലേ, ഒന്നു പറഞ്ഞോട്ടേ പ്ലീസ്, ഈ പേര് വിളിച്ചു പറഞ്ഞ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ സ്റ്റേജിലേക്കു വരിക. അല്ലെങ്കിൽ അടുത്തു നിൽക്കുന്നവരുടെ തന്‍റെ പേരാണ് പറയുന്നതെന്ന് പറയുക’’- എന്ന് ടൊവിനോ പറഞ്ഞു.
ഇതോടെ കാണികളിൽ ചിലർ ‘കാണാതായവർ ഇവിടെയുണ്ട്’ എന്ന് വിളിച്ചു പറയുകയായിരുന്നു. എന്നാൽ അത് കളിയായി പറഞ്ഞതാണെന്ന് നടന് മനസിലായി. ‘‘ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ മനസിലാക്കൂ, കുട്ടികളെ കിട്ടുന്നതുവരെ അവരുടെ വീട്ടുകാർക്ക് സമാധാനം ഉണ്ടാകില്ല, നമുക്കും ആ സമാധാനം ഉണ്ടാകരുത്. ദയവായി എല്ലാവരും സഹകരിച്ച് ആ കുട്ടികളെ കണ്ടുപിടിക്കൂ.’’–ടൊവിനോ മറുപടിയായി പറഞ്ഞു. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലും ബഹളംവച്ച് ശല്യമുണ്ടാക്കുന്നവർക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്.