വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെട്ട സൂപ്പർ നാച്ചുറൽ ത്രില്ലർ 'വടക്കന്‍' സിനിമയിലെ വ്യത്യസ്തമായ ഗാനം വൈറലാകുന്നു. ''കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം...'' എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണനും ഈണം നൽകിയിരിക്കുന്നത് ബിജിബാലും ആലപിച്ചിരിക്കുന്നത് ഭദ്ര രാജിനുമാണ്. ലിറിക്കൽ വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
മാർച്ച് ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കുന്നത്. സജീദ് എ സംവിധാനം ചെയ്ത വടക്കൻ എന്ന ചിത്രത്തിന്‍റെ മലയാള സിനിമയിലെ ആദ്യത്തെ തന്നെ ഓഡിയോ ട്രെയിലർ ലോഞ്ച് അടുത്തിടെ നടത്തിയിരുന്നു.
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കൻ' ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്.
ഇറ്റലിയിലെ അഭിമാനകരമായ 78-ാമത് ഫെസ്റ്റിവൽ ഇന്‍റർനാഷണൽ ഡെൽ സിനിമ ഡി സലേർനോ 2024 (78-ാമത് സലേർനോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ) യിൽ ഒഫീഷ്യൽ കോംപറ്റീഷനിൽ പ്രീമിയര്‍ ചെയ്ത ചിത്രത്തിന്റെ എക്സ്ക്ലൂസീവ് പ്രീമിയർ, ഇൻവൈറ്റ് ഒൺലി മാർക്കറ്റ് പ്രീമിയർ ലോക പ്രശസ്ത കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ദു ഫിലിം 2024-ൽ ഹൊറർ, ഫാന്‍റസി സിനിമകൾക്കായുള്ള പ്രത്യേക വിഭാഗമായ ഫന്‍റാസ്റ്റിക് പവലിയനിൽ ഈ വർഷം ആദ്യം നടന്നിരുന്നു.
സെലിബ്രിറ്റികളും ഹൊറർ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങിൽ 7 സിനിമകളിൽ ഒന്നായാണ് വടക്കൻ തെരഞ്ഞെടുക്കപ്പെട്ടത്.
റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നീ പ്രശസ്തർ അണിയറയിൽ ഒരുമിക്കുന്ന 'വടക്കൻ' ഈ വിഭാഗത്തിൽ ഇടംനേടിയ ഏക മലയാളചിത്രവുമാണ്. അതുപോലെ അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി 'വടക്കൻ' ചരിത്രം രചിച്ചിരുന്നു. ഫ്രാൻസിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഫീച്ചർ ഫിലിം വിന്നറായിരുന്നു 'വടക്കൻ'.
മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്.