വിജയ് ദേവരക്കൊണ്ട
ഹൈദരാബാദ്: ഗോത്രജനതയുടെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന പരാതിയിൽ തെന്നിന്ത്യൻ താരം വിജയ് ദേവരക്കൊണ്ടയ്ക്കെതിരേ കേസ്. പട്ടിക ജാതി/ പട്ടിക വർഗ നിയമം പ്രകാരം റായ്ഗുർഗാം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 17നാണ് കേസ് ഫയൽ ചെയ്തത്. റിട്രോ സിനിമയുടെ പ്രീ റിലീസ് പരിപാടികൾക്കിടെ താരം നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സൈദാബാദ് സ്വദേശി നേനാവത് അശോക് കുമാർ നായിക്കാണ് പരാതി നൽകിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിജയ് ദേവരക്കൊണ്ട ഗോത്ര ജനതയെ പാക്കിസ്ഥാനി ഭീകരോട് ഉപമിച്ചുവെന്നാണ് പരാതി.
സംഭവം വിവാദമായതിനു പിന്നാലെ മേയ്3ന് താരം സമൂഹമാധ്യമങ്ങളിലൂടെ വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.