വിജയ് ദേവരകൊണ്ട
ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ടയുടെ വാഹനത്തിനു പിന്നിൽ കാറിടിച്ച് അപകടം. താരം അദ്ഭുതകരമായി രക്ഷപെട്ടു. പുട്ടപർത്തിയിൽ നിന്ന് ഹൈഗദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിജയ്‌യുടെ ലെക്സസ് എൽഎം350എച്ച് എന്ന കാറിനു പിന്നിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു.
ഇടിച്ച കാർ നിർത്തിയില്ല. ഇടിച്ച വാഹനത്തിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. വിജയ്‌യുടെ വാഹനം തകർന്നിട്ടുണ്ട്. താരത്തിന്‍റെ ഡ്രൈവർ നൽകിയ പരാതിയിൽ പ്രാദേശിക പൊലീസ് അന്വേഷണം ആരംഭിച്ചു. വിജയ് സുരക്ഷിതനായി ഹൈദരാബാദിൽ എത്തിയതാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമായിരുന്നു വിജയ്‌യും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്ചയം.അതിനു ശേഷം പുട്ടപർത്തിയിലെ സത്യസായി ബാബയുടെ പ്രശാന്തി നിലയം ആശ്രമത്തിലേക്ക് വിജയ് കുടുംബത്തിനൊപ്പം സന്ദർശനം നടത്തിയിരുന്നു. അവിടെ നിന്ന് തിരിച്ചു പോകുമ്പോഴാണ് അപകടമുണ്ടായത്.