മരിയ ജൂലിയാന
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരേയും അദ്ദേഹത്തിന്‍റെ പാർട്ടി തമിഴക വെട്രി കഴകത്തിനെതിരേയും ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരം മരിയ ജൂലിയാന. തമിഴ്ക വെട്രി കഴകം പ്രവർത്തകരുടെ കടുത്ത സൈബർ ആക്രമണങ്ങൾ മാനസികാവസ്ഥയെ തകർത്തുവെന്നും അതു മൂലം ഗർഭഛിദ്രം സംഭവിച്ചുവെന്നുമാണ് ജൂലിയാനയുടെ ആരോപണം.
സൈബർ ആക്രമണം രൂക്ഷമായതോടെ താൻ എട്ടു പേർക്കെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു. അവരെല്ലാം ടിവികെ പ്രവർത്തകരായിരുന്നു. എന്നാൽ പൊലീസ് അവർക്കെതിരേ വെറും സിവിൽ കേസ് മാത്രമാണ് ഫയൽ ചെയ്തത്. മാത്രമല്ല രൂക്ഷമായ സൈബർ ആക്രമണം തുടരുകയും ചെയ്തു എന്നാണ് ജൂലിയാനയുടെ ആരോപണം. എനിക്കെന്‍റെ കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണം വിജയ് അണ്ണനാണ്, നേരിട്ടല്ലെങ്കിൽ കൂടി എന്നാണ് ജൂലിയുടെ ആരോപണം.
വിജയ് തന്‍റെ ആരാധകരോട് തന്നെ സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ തന്‍റെ ഗർഭം അലസുമായിരുന്നില്ലെന്നും ജൂലി. ജനുവരിയിലാണ് ജൂലിയുടെ വിവാഹം കഴിഞ്ഞത്. മുഹമ്മദ് കരീമാണ് ഭർത്താവ്. രണ്ടു പേരും സൈബർ ആക്രമണത്തിന്‍റെ ഇരകളാണ്. ഒരു ഡിഎംകെ അനുയായി കൂടിയാണ് ജൂലി. അതേ സമയം ജൂലിയുടെ ആരോപണത്തെ മുതിർന്ന നടി അംബിക വിമർശിച്ചിട്ടുണ്ട്. വിജയ്ക്കെതിരേ നടത്തിയ ആരോപണം ധാർമികതയില്ലാത്തതാണെന്ന് അംബിക പറയുന്നു. നിങ്ങൾ വളരെ പരുഷമായും മോശം ഭാഷ ഉപയോഗിച്ചുമാണ് സംസാരിക്കുന്നത്. നമ്മുടെ പിഎം,അല്ലെങ്കിൽ സിഎം.. അവർക്ക് 20 ആയാലും 99 ആയാലും അവരുടെ സ്ഥാനത്തെ ബഹുമാനിക്കണം എന്നും അംബിക പറയുന്നു.
ഓടി വിളയാട് പാപ്പാ എന്ന തമിഴ് ഡാൻസ് ഷോയുടെ അവതാരക കൂടിയായിരുന്നു ജൂലി. നാൻ സിരിത്താൽ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.