"വിവാഹം കഴിക്കാതെ തിരിച്ചു പോക്കില്ല"; കാമുകൻ നിരസിച്ചതോടെ പരിചയക്കാരനെ വിവാഹം കഴിച്ച് 18കാരി

 
Lifestyle

"വിവാഹം കഴിക്കാതെ തിരിച്ചു പോക്കില്ല"; കാമുകൻ നിരസിച്ചതോടെ പരിചയക്കാരനെ വിവാഹം കഴിച്ച് 18കാരി

മകളെ തിരിച്ചു കിട്ടിയതിൽ സമാധാനമുണ്ടെന്ന് ശ്രദ്ധയുടെ പിതാവ് അനിൽ തിവാരി പറയുന്നു.

ഇന്ദോർ: കാമുകൻ വിവാഹാഭ്യർഥന നിരസിച്ചതോടെ പരിചയക്കാരനെ വിവാഹം കഴിച്ച് 18കാരി. മധ്യപ്രദേശിലെ ഇന്ദോറിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. മിഗ് പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ശ്രദ്ധ എന്ന പെൺകുട്ടിയാണ് കാമുകനെ വിവാഹം കഴിക്കാനായി വീട്ടുകാരറിയാതെ നാടു വിട്ടത്. ഓഗസ്റ്റ് 23നാണ് പെൺകുട്ടിയെ കാണാതായത്. പരിഭ്രാന്തരായ വീട്ടുകാർ പൊലീസിൽ പരാതി നൽകി. കൂടാതെ പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 51,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടെയാണ് പെൺകുട്ടി പരിചയക്കാരനെ വിവാഹം കഴിച്ച് തിരിച്ചെത്തിയത്.

സാർഥക് എന്ന യുവാവുമായി ശ്രദ്ധ പ്രണയത്തിലായിരുന്നു. അയാളെ വിവാഹം കഴിക്കാനായാണ് പെൺകുട്ടി വീടു വിട്ടിറങ്ങിയത്. എന്നാൽ റെയിൽ വേ സ്റ്റേഷനിലെത്തിയതിനു ശേഷം ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിവാഹത്തിന് താൻ തയാറല്ലെന്നാണ് സാർഥക് അറിയിച്ചത്. ഇതോടെ സങ്കടത്തിലായ ശ്രദ്ധ അടുത്ത ട്രെയിനിൽ കയറി രത്‌ലാമിൽ പോയി ഇറങ്ങുകയായിരുന്നു. രത്‌ലാം സ്റ്റേഷനിൽ ഒറ്റയ്ക്കിരുന്നിരുന്ന ശ്രദ്ധയെ കോളെജിലെ ഇലക്‌ട്രിഷ്യൻ ആയ കരൺദീപ് തിരിച്ചറിഞ്ഞു. പ്രശ്ന‌ങ്ങളെക്കുറിച്ചെല്ലാം ശ്രദ്ധ പറഞ്ഞതോടെ തിരിച്ച് വീട്ടിലേക്ക് പോകാൻ കരൺദീപ് ഉപദേശിച്ചു.

പക്ഷേ വിവാഹം കഴിക്കാതെ തിരിച്ചു പോകാൻ സാധിക്കില്ലെന്ന തീരുമാനത്തിൽ പെൺകുട്ടി ഉറച്ചു നിന്നു. ഏറെ നേരം കഴിഞ്ഞിട്ടും ശ്രദ്ധ തീരുമാനത്തിൽ നിന്ന് വ്യതിചലിക്കാതെ വന്നതോടെയാണ് കരൺദീപ് പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയത്. തൊട്ടു പിന്നാലെ ശ്രദ്ധയും കരൺദീപും മഹേശ്വർ-മണ്ഡ്ലേശ്വറിലെത്തി വിവാഹം കഴിച്ചു. പിന്നീട് പിതാവിനെ വിളിച്ച് വിവാഹം കഴിഞ്ഞതായി ശ്രദ്ധ അറിയിക്കുകയായിരുന്നു. തിരിച്ചെത്തിയ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് പൊലീസ് വിട്ടയച്ചത്. മകളെ തിരിച്ചു കിട്ടിയതിൽ സമാധാനമുണ്ടെന്ന് ശ്രദ്ധയുടെ പിതാവ് അനിൽ തിവാരി പറയുന്നു. നിലവിൽ ശ്രദ്ധയെയും കിരൺദീപിനെയും രണ്ടിടങ്ങളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. പത്ത് ദിവസം അകന്നു കഴിഞ്ഞിട്ടും ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ താത്പര്യമുണ്ടെങ്കിൽ മാത്രമേ കുടുംബാംഗങ്ങൾ വിവാഹത്തിന് അംഗീകാരം നൽകുകയുള്ളൂ.

നയം മാറ്റി ട്രംപ്; ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു

തീപിടിത്ത മുന്നറിയിപ്പ്; ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

പൂയംകുട്ടി പുഴയിൽ വീണ്ടും കാട്ടാനകളുടെ ജഡം ഒഴുകി‍യെത്തി; ജഡത്തിന് രണ്ടാഴ്ചയിലേറെ പഴക്കം

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ