ടോക്കിയോയെ രക്ഷപെടുത്തുന്നു
എഡിൻബർഗ്: ലഹരി മൂത്താൽ മനുഷ്യർ മാത്രമല്ല നായകളും ലോകത്താരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യും. കഞ്ചാവ് തിന്നതിന്‍റെ ലഹരിയിൽ പർവതത്തെ തന്നെ കീഴടക്കിയ ഒരു നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ടോക്കിയോ എന്ന കറുത്ത ലാബ്രഡോർ നായയാണ് അബോധാവസ്ഥയിൽ സ്കോട്‌ലൻഡിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ബെൻ നെവിസിന്‍റെ ഉച്ചി വരെ എത്തിയത്. പർവതത്തിന്‍റെ മുകളിലെത്തിയപ്പോഴേക്കും ബോധം മറഞ്ഞ് കുഴഞ്ഞു വീണ നായയെ രക്ഷാപ്രവർത്തകരാണ് താഴെയെത്തിച്ചത്.
വഴിയരികിൽ ഉപേക്ഷിച്ചിരുന്ന കഞ്ചാവിന്‍റെ അവശിഷ്ടങ്ങൾ നായ കഴിച്ചിരിക്കാം എന്ന് രക്ഷാപ്രവർത്തകർ പറയുന്നു. നായ് പരിശീലകയായ ക്രിസ്റ്റിന ബ്ലൂമേയാണ് ടോക്കിയോയുടെ ഉടമസ്ഥ. ലോച്ചാബെർ മൗണ്ടർ റെസ്ക്യു ടീമാണ് നായയെ സ്ട്രെച്ചറിൽ എടുത്ത് താഴെയെത്തിയത്. 25 കിലോ ഗ്രാം ഭാരമുള്ള നായയുമായി മലയിറങ്ങിയത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ടോക്കിയോ
ടോക്കിയോ ഇപ്പോഴും പൂർണമായും സുഖം പ്രാപിച്ചിട്ടില്ല. ടോക്കിയോയുടെ അടുത്ത് നിൽക്കുമ്പോൾ മരിജുവാന പുകച്ചു കൊണ്ട് നിൽക്കുന്ന ഒരാൾക്കരികിൽ നിൽക്കുന്നതു പോലെയാണ് തോന്നുന്നതെന്നും കഞ്ചാവിന്‍റെ ഗന്ധം നല്ല രീതിയിൽ ഉണ്ടെന്നും ക്രിസ്റ്റിന പറയുന്നു. ടോക്കിയോയുടെ രക്തം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.