അറസ്റ്റിലായ വരൻ രവീന്ദ്ര കുമാർ
ബറേലി: വിവാഹ വേദിയിൽ മദ്യപിച്ചെത്തിയ വരൻ വധുവിന് പകരം വധുവിന്‍റെ സുഹൃത്തിന് വരണമാല്യം ചാർത്തി. ഉത്തർപ്രദേശിലെ ഭഗ്‌വന്ത്പുർ ഗ്രാമത്തിലാണ് അവിശ്വസനീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ വേദിയിൽ സംഘർഷമുണ്ടായതിനു പിന്നാലെ വധുവിന്‍റെ പരാതിയിൽ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 26 വയസ്സുള്ള രവീന്ദ്ര കുമാറാണ് സ്വന്തം വിവാഹം അലങ്കോലമാക്കിയത്. വിവാഹദിനത്തിൽ നിശ്ചയിച്ച സമയത്തിലും വൈകിയാണ് രവീന്ദ്ര കുമാർ എത്തിയത്. ചടങ്ങുകൾ ആരംഭിക്കുന്നതിനു മുൻപേ സുഹൃത്തുക്കൾക്കൊപ്പം ഇയാൾ മദ്യപിക്കുകയും ചെയ്തു.
വധൂവരന്മാർ തമ്മിൽ വരണമാല്യം അണിയിക്കേണ്ട ചടങ്ങിൽ രവീന്ദ്ര കുമാർ വധുവിന്‍റെ സുഹൃത്തിന്‍റെ കഴുത്തിൽ മാലയണിയിച്ചതോടെ കാര്യങ്ങൾ എല്ലാം കൈവിട്ടു പോയി. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടിയുടെ കഴുത്തിൽ നിന്ന് മാലയൂരിയെടുത്ത് രവീന്ദ്ര കുമാർ അടുത്തു നിന്നിരുന്ന സ്വന്തം സുഹൃത്തിന്‍റെ കഴുത്തിലേക്കിട്ടു. വീണ്ടും തെറ്റിപ്പോയെന്ന് തോന്നിയതോടെ ഇയാൾ മാലയൂരി വിവാഹത്തിൽ പങ്കെടുക്കാനെത്തയ മറ്റൊരു അതിഥിയുടെ കഴുത്തിലേക്കും ചാർത്തി.
ഇതോടെ 21കാരിയായ വധുവിന്‍റെ ക്ഷമ നശിച്ചു. രവീന്ദ്ര കുമാറിന്‍റെ മുഖത്ത് ആഞ്ഞടിച്ച ശേഷം വിവാഹം റദ്ദാക്കുകയാണെന്നു പ്രഖ്യാപിച്ചു കൊണ്ട് വധു വേദിയിൽ നിന്നിറങ്ങി പോയി. 500 പേരോളം വിവാഹത്തിന് സാക്ഷിയാകാനായി എത്തിയിരുന്നു. വധൂവരന്മാരുടെ ബന്ധുക്കൾ പക്ഷം തിരിഞ്ഞ് വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെ വിവാദവേദിയിൽ ബഹളമായി. പരസ്പരം കസേരകൾ എടുത്തെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചവരെ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്.
വിവാഹത്തിനു വേണ്ടി 10 ലക്ഷം രൂപയോളം ചെലവായതായി വധുവിന്‍റെ സഹോദരൻ ഓംകാർ വർമ വെളിപ്പെടുത്തി. കർഷകനെന്ന് നുണ പറഞ്ഞാണ് രവീന്ദ്ര കുമാർ വിവാഹം ഉറപ്പിച്ചത്. പിന്നീടാണ് ഇയാൾ ട്രക്ക് ഡ്രൈവർ ആണെന്ന് തിരിച്ചറിഞ്ഞത്. സ്ത്രീധനത്തിൽ രവീന്ദ്രകുമാറിന്‍റെ കുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നതായും വധുവിന്‍റെ വീട്ടുകാർ ആരോപിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് വധുവും കുടുംബവും നൽകിയ പരാതിയിൽ രവീന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.