യുഎഇ സന്ദർശകരുടെ ഇ-കൊമേഴ്‌സ് റീട്ടെയിൽ പർച്ചേസുകൾക്ക് പുതിയ വാറ്റ് റീഫണ്ട് സംവിധാനം 
Lifestyle

യുഎഇ സന്ദർശകരുടെ ഇ-കൊമേഴ്‌സ് റീട്ടെയിൽ പർച്ചേസുകൾക്ക് പുതിയ വാറ്റ് റീഫണ്ട് സംവിധാനം

പൂർണമായും ഡിജിറ്റൽ വാറ്റ് റീഫണ്ട് നടപടിക്രമങ്ങളോടു കൂടിയതും, തടസമില്ലാത്തതും, വേഗമുള്ളതുമായ ഷോപ്പിങ് അനുഭവം ഇനി യുഎയിലെ വിനോദ സഞ്ചാരികൾക്ക് ലഭിക്കും

VK SANJU

അബുദാബി: രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്കായി ഇ-കൊമേഴ്‌സ് റീടെയിൽ പർച്ചേസുകൾക്ക് യുഎഇ എഫ്‌ടിഎ പുതിയ വാറ്റ് റീഫണ്ട് സംവിധാനം ആരംഭിക്കുന്നതായി ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്‌ടിഎ) പ്രഖ്യാപിച്ചു. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണിത്. ടൂറിസ്റ്റുകൾക്കുള്ള വാറ്റ് റീഫണ്ട് സംവിധാനത്തിന്‍റെ അംഗീകൃത ഓപ്പറേറ്ററായ പ്ലാനറ്റുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

ക്രിയാത്മക പരിഹാരങ്ങൾ സ്വീകരിക്കാനുള്ള അതോറിറ്റിയുടെ പദ്ധതികളുമായി യോജിപ്പിച്ചു കൊണ്ടുള്ളതാണീ സംരംഭമെന്ന് എഫ്‌ടിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡിജിറ്റൽ ഓപ്പറേറ്ററുമായി സഹകരിച്ച് അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്ത പ്ലാറ്റ്‌ഫോമുകളെയും ഇ-കൊമേഴ്‌സ് റീടെയിലർമാരെയും 'ഇ-കൊമേഴ്‌സ് പർച്ചേസുകളിലെ വിനോദ സഞ്ചാരികൾക്ക് വാറ്റ് റീഫണ്ട്' എന്ന സംവിധാനത്തിൽ ഉൾപ്പെടുത്താനുള്ള പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ടൂറിസ്റ്റുകൾക്കായി രണ്ട് വർഷം മുൻപ് അഥോറിറ്റി ഒരു ഡിജിറ്റൽ വാറ്റ് റീഫണ്ട് സംവിധാനം തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഈ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ നീക്കമെന്നും എഫ്‌ടിഎ വിശദീകരിച്ചു.

ഈ സംവിധാനം പൂർണമായും കടലാസ് രഹിതമാണ്. വിനോദ സഞ്ചാരികൾക്ക് അവരുടെ പാസ്‌പോർട്ടുകൾ എളുപ്പത്തിൽ സ്കാൻ ചെയ്യാനും ഇടപാടുകൾ പൂർത്തിയാക്കാനും ഡിജിറ്റൽ ഇൻവോയ്‌സുകളുടെ രൂപത്തിൽ അവ പങ്കിടാനും അനുവദിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം എഫ്‌ടിഎ വാഗ്ദാനം ചെയ്യുന്നു.

ഇതോടെ പൂർണമായും ഡിജിറ്റൽ വാറ്റ് റീഫണ്ട് നടപടിക്രമങ്ങളോടു കൂടിയതും, തടസമില്ലാത്തതും, വേഗമുള്ളതുമായ ഷോപ്പിങ് അനുഭവം ഇനി യുഎയിലെ വിനോദ സഞ്ചാരികൾക്ക് ലഭിക്കും. ഷോപ്പർമാരുടെ പോർട്ടൽ വഴി ടൂറിസ്റ്റുകൾക്ക് തങ്ങളുടെ ഇൻവോയ്‌സുകൾ പരിശോധിക്കാനും കഴിയും.

യുഎഇയിൽ താമസിക്കുമ്പോൾ ഇ-കൊമേഴ്‌സ് വാങ്ങലുകളിൽ നിന്ന് വാറ്റ് ലഭിക്കാൻ വിനോദ സഞ്ചാരികളെ പ്രാപ്തമാക്കുന്ന ലോകത്തിലെ ആദ്യ ഇലക്ട്രോണിക് സംവിധാനം അവതരിപ്പിക്കാനാകുന്നതിൽ അഭിമാനിക്കുന്നുവെന്ന് എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുൻപേ ലാലു കുടുങ്ങി; ഗൂഢാലോചനയും വഞ്ചനയും ചുമത്തി കോടതി

"ഡ്രൈവർ മഹാനാണെങ്കിൽ ക്ഷമ പറഞ്ഞേക്കാം"; ബസ് പെർമിറ്റ് റദ്ദാക്കിയതിൽ പ്രതികരിച്ച് ഗണേഷ് കുമാർ

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ; അംഗത്വം സ്വീകരിച്ചു

കോട്ടയം മെഡിക്കൽ കോളെജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു

"യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഞാൻ മിടുക്കനാണ്"; പാക്-അഫ്ഗാൻ പ്രശ്നവും പരിഹരിക്കുമെന്ന് ട്രംപ്