ജോലിക്കായി ദിവസം യാത്ര ചെയ്യുന്നത് 200 കിലോമീറ്റർ, ഖുശിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
ജോലി ചെയ്യാൻ ദിവസം 200 കിലോമീറ്റർ യാത്ര ചെയ്യുന്ന 22 കാരി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. ടെക്കിയായ ഖുശി ശ്രിവാസ്തവയ്ക്ക് 10 മണിക്ക് ജോലിക്ക് കയറാൻ 6.40ന് വീട്ടിൽ നിന്ന് ഇറങ്ങണം. 6 മണിക്കൂറോളമാണ് ഈ സോഫ്റ്റ് വെയർ എൻജിനീയർ യാത്രയ്ക്കായി മാത്രം മാറ്റിവെക്കുന്നത്. ദീർഘദൂര യാത്രയെക്കുറിച്ചുള്ള ഖുശിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കാൻപൂർ സ്വദേശിയായ ഖുശി ലഖ്നൗവിലാണ് ജോലി നോക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസം ഓഫിസിൽ പോയി ജോലി ചെയ്യണം. രാവിലെ 6.40ന് ജോലിക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയാൽ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നത് 11 മണിക്കാണ്. തൻറെ ഒരു ദിവസത്തെ യാത്ര പങ്കുവെച്ചുകൊണ്ടുള്ള ഖുശിയുടെ വിഡിയോ വൈറലായതോടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ജോലിക്ക് പോകാനായി ദിവസം 5.30 ന് എഴുന്നേൽക്കണം. 6.40ന് വീട്ടിൽ നിന്ന് ഇറങ്ങിയാൽ 7.10ന് സ്റ്റേഷനിൽ എത്തും. 7.30ന്‍റെ ട്രെയിൻ പിടിച്ചാൽ 9 മണിക്ക് ലഖ്നൗവിൽ എത്തും. ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഓഫിസ്. ഓട്ടോ പിടിച്ചു വേണം ഓഫിസിൽ എത്താൻ. വീട്ടിൽ നിന്ന് ഓഫിസിലേക്ക് 98- 100 കിലോമീറ്റർ ദൂരം ഖുശി യാത്ര ചെയ്യുന്നുണ്ട്. 9 മണിക്കൂർ ഷിഫ്റ്റ് കഴിഞ്ഞ് 8 മണിക്ക് ട്രെയിനിൽ കയറിയാൽ 11 മണിയോടെ തിരിച്ച് വീട്ടിൽ എത്താനാവും. 200 കിലോമീറ്റർ യാത്ര ഉണ്ടെങ്കിലും യാത്ര ചെലവ് വളരെ കുറവാണ് എന്നാണ് ഖുശി പറയുന്നത്. മാസം 300 രൂപയുടെ ട്രെയിൻ പാസും ഷെയർ ഓട്ടോ ചാർജ് 40 രൂപയും എടുത്താൽ ദിവസം 55 രൂപ മാത്രമാണ് യാത്രയ്ക്കായി ചെലവാക്കുന്നത്.