ടൂറിസം കേന്ദ്രങ്ങളില്‍ ഇവി ചാര്‍ജിങ് സൗകര്യം ഏർപ്പെടുത്തും Representative image
Lifestyle

ടൂറിസം കേന്ദ്രങ്ങളില്‍ ഇവി ചാര്‍ജിങ് സൗകര്യം വരുന്നു

ഇടുക്കിയിൽ നിലവിലുള്ള ടൂറിസം പദ്ധതികൾ നവീകരിക്കും, പുതിയ പദ്ധതികൾ തയാറാക്കും

MV Desk

കോതമംഗലം: ഇടുക്കിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്‌ട്രിക് വെഹിക്കിള്‍ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമായത്.

വാഗമൺ മൊട്ടക്കുന്ന്, അഡ്വഞ്ചര്‍ പാര്‍ക്ക്, ഏലപ്പാറ അമിനിറ്റി സെന്‍റര്‍, പാഞ്ചാലിമേട് വ്യൂ പോയിന്‍റ്, പീരുമേട് അമിനിറ്റി സെന്‍റര്‍, രാമക്കല്‍മേട് ടൂറിസം സെന്‍റര്‍, അരുവിക്കുഴി ടൂറിസം സെന്‍റര്‍, ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സ്, മൂന്നാർ ചില്‍ഡ്രന്‍സ് പാര്‍ക്ക്, പാറേമാവ് അമിനിറ്റി സെന്‍റര്‍, കുമളി ഡിഡി ഓഫീസ് കോംപൗണ്ട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ചാര്‍ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക.

ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുകയും, ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് നടപടി.

നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്ന പാഞ്ചാലിമേട് ടൂറിസം പദ്ധതി രണ്ടാം ഘട്ടം, ഇടുക്കിയിലെ എത്നിക് ടൂറിസം വില്ലേജ് എന്നിവയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഇടുക്കിയിൽ നിർമ്മാണം പൂർത്തിയായിട്ടുള്ള കുടിയേറ്റ സ്മാരകത്തോടനുബന്ധിച്ച് ഇടുക്കിയുടെ ചരിത്രം വെളിവാക്കുന്ന ഡിജിറ്റൽ മ്യൂസിയം ഉടൻ സ്ഥാപിക്കും. ഇടുക്കി യാത്രി നിവാസിന്‍റെ നിർമ്മാണജോലികൾ പൂർത്തിയായെങ്കിലും ജലലഭ്യത ഉറപ്പാക്കാൻ ഭൂമിയുടെ ആവശ്യമുണ്ട്. ഇതിന് വേണ്ട നടപടികൾ റവന്യു വകുപ്പ് സ്വീകരിക്കും.

മലങ്കര ഡാമിനോട് ചേർന്ന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, അരുവിക്കുഴി ടൂറിസം പദ്ധതി രണ്ടാം ഘട്ടം, മാട്ടുപ്പെട്ടി ഡാം വികസനവും സൗന്ദര്യവത്കരണവും,ആലുങ്കപ്പാറ ടൂറിസം പദ്ധതി, രാമക്കല്‍മേട് ടൂറിസം പദ്ധതി നവീകരണം തുടങ്ങിയ പതിനാലോളം പദ്ധതികൾക്ക് സമിതി യോഗം അംഗീകാരം നൽകി.

വാഗമൺ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലും കൂടുതല്‍ ഇടിമില്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിക്കാനും തീരുമാനമായി.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ