ഫ്രഞ്ച് തെരുവുകളിൽ നിന്ന് ആദിയോഗിയുടെ സന്നിധിയിലേക്ക്
എം.എസ്. ശരത് നാഥ്
ചില യാത്രകൾ നമ്മളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാത്രമല്ല കൊണ്ടുപോകുന്നത്. വഴിക്കാഴ്ചകളിലൂടെയും മനുഷ്യരിലൂടെയും നഗരങ്ങളുടെ ശബ്ദങ്ങളിലൂടെയും പ്രകൃതിയുടെ നിശബ്ദതയിലൂടെയും അവ നമ്മളെ നമ്മളിലേക്ക് തന്നെ തിരികെ കൊണ്ടു വരും. അത്തരത്തിലൊന്നായിരുന്നു കണ്ണൂരിൽ നിന്ന് ആരംഭിച്ച പോണ്ടിച്ചേരി, ചെന്നൈ, കോയമ്പത്തൂർ യാത്ര.
വൈകുന്നേരമാണ് കണ്ണൂരിൽ നിന്ന് ട്രെയ്ൻ കയറിയത്. എസി സ്ലീപ്പറിലെ ജനാലയ്ക്കപ്പുറം ഇരുട്ട് പതിയെ പടരുമ്പോൾ, അടുത്ത ദിവസത്തെ നഗരങ്ങളെക്കുറിച്ചുള്ള കൗതുകമായിരുന്നു മനസിൽ. ഒരു രാത്രിയുടെ യാത്രയ്ക്കൊടുവിൽ രാവിലെ പത്ത് മണിയോടെ പോണ്ടിച്ചേരിയിലെത്തി. ഉറക്കത്തിന്‍റെ മന്ദത പൂർണമായി മാറിയിരുന്നില്ലെങ്കിലും പുതിയൊരു നഗരത്തിലെത്തിയതിന്‍റെ കൗതുകം അതിനെ മറികടന്നിരുന്നു.
പോണ്ടിച്ചേരിയുടെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന വൈറ്റ് ടൗണിലാണ് മുറിയെടുത്തത്. ഫ്രഞ്ച് ക്വാർട്ടർ എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന്‍റെ തെരുവുകൾക്കും കെട്ടിടങ്ങൾക്കും ഇന്നും പഴയ ഫ്രഞ്ച് കാലത്തിന്‍റെ ഒരു പ്രത്യേക ഭാവമുണ്ട്. ഭക്ഷണത്തിനുശേഷം നഗരത്തെ സ്വന്തം വഴികളിലൂടെ കണ്ടെത്താൻ ഒരു സ്കൂട്ടർ വാടകയ്ക്കെടുത്തു. രണ്ട് ദിവസത്തേക്ക് 600 രൂപയായിരുന്നു വാടക. അതോടെ പോണ്ടിച്ചേരി തുറന്നുകിടക്കുന്ന ഒരു ഭൂപടമായി മാറി.
വൈറ്റ് ടൗണിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആദ്യം ശ്രദ്ധിച്ചത് അവിടത്തെ കെട്ടിടങ്ങളെയായിരുന്നു. ഫ്രഞ്ച് ഭരണകാലത്തിന്‍റെ ഓർമ്മകൾ ഇന്നും ചുമരുകളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നതുപോലെ മഞ്ഞയും വെള്ളയും നിറങ്ങളിൽ തിളങ്ങുന്ന പഴയ കെട്ടിടങ്ങൾ. നീളുന്ന തെരുവുകൾ, ജനലുകളും വാതിലുകളും നിറഞ്ഞ ഫ്രഞ്ച് ശൈലിയിലുള്ള വാസ്തുവിദ്യ. ഓരോ കോണും ഒരു ചിത്രത്തിനുള്ള ഫ്രെയിം പോലെയായിരുന്നു. പല സ്ഥലങ്ങളിലും നിർത്തി ഫോട്ടോകളെടുത്തു. ക്യാമറയിൽ പതിഞ്ഞത് കെട്ടിടങ്ങളുടെ രൂപം മാത്രമായിരുന്നില്ല. ഒരു പഴയ കാലത്തിന്‍റെ പതിപ്പ് തന്നെയായിരുന്നു.
പോണ്ടിച്ചേരിയിലെ വൈറ്റ് ടൗണിലെ ഫ്രഞ്ച് കാലത്തെ മഞ്ഞ നിറമുള്ള കെട്ടിടങ്ങൾ
അവിടെ നിന്ന് ഓറോവില്ലിലേക്കായിരുന്നു യാത്ര. പോണ്ടിച്ചേരി യാത്രയിലെ ഏറ്റവും വ്യത്യസ്തമായ അനുഭവങ്ങളിലൊന്നായിരുന്നു അത്. സാധാരണ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തുന്നതിന്‍റെ അനുഭവമായിരുന്നില്ല അത്. ചുറ്റുപാടിന്‍റെ ശാന്തതയും വ്യത്യസ്തമായ ജീവിതരീതിയും അവിടെയെത്തുന്ന ആളുകളുടെ വൈവിധ്യവും ചേർന്ന് മറ്റൊരു ലോകത്തിന്‍റെ പ്രതീതി നൽകുന്ന ഇടം. പ്രതീക്ഷിച്ചതിലും വ്യത്യസ്തമായ, ഓർമ്മയിൽ നിൽക്കുന്ന ഒരു അനുഭവമായിരുന്നു ഓറോവിൽ.
ഓറോവില്ലിലെത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത് അവിടത്തെ വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു. സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്കിൽനിന്ന് വ്യത്യസ്തമായി, കൂടുതൽ ശാന്തവും തുറന്നതുമായ ഒരു അന്തരീക്ഷം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ അവിടെ കാണാനായി. ഭാഷകളും വേഷങ്ങളും സംസ്കാരങ്ങളും വ്യത്യസ്തമായിരുന്നെങ്കിലും ആ സ്ഥലത്തിന്‍റെ ശാന്തത എല്ലാവരെയും ഒരുപോലെ ചുറ്റിപ്പറ്റിയിരുന്നു.
മനുഷ്യർക്ക് ജാതി, മതം, ദേശം തുടങ്ങിയ അതിരുകൾക്കപ്പുറം ഒരുമിച്ച് ജീവിക്കാനുള്ള ഒരു ആശയത്തിൽ രൂപം കൊണ്ട സമൂഹമാണ് 1968ൽ സ്ഥാപിതമായ ഓറോവിൽ. അതുകൊണ്ടുതന്നെ അവിടത്തെ ഓരോ കാഴ്ചയ്ക്കും ഒരു സാധാരണ ടൂറിസ്റ്റ് കേന്ദ്രത്തിനപ്പുറമുള്ള ഒരു പശ്ചാത്തലമുണ്ട്. ഓറോവില്ലിന്‍റെ ഹൃദയഭാഗത്തുള്ള മാതൃമന്ദിരമാണ് അവിടത്തെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്ന്. സ്വർണനിറത്തിൽ തിളങ്ങുന്ന ഗോളാകൃതിയിലുള്ള മാതൃമന്ദിരം ദൂരത്തുനിന്നുതന്നെ ശ്രദ്ധ പിടിച്ചുപറ്റും. അതിന് ചുറ്റുമുള്ള പച്ചപ്പും വിശാലമായ പ്രദേശവും ചേർന്ന് കാഴ്ചയ്ക്ക് ഒരു പ്രത്യേക സൗന്ദര്യം നൽകി. തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് ഇത്രയും വ്യത്യസ്തമായ ഒരു ഇടം ഏതാനും കിലോമീറ്ററുകൾക്കുള്ളിൽ തന്നെ ഉണ്ടെന്നത് കൗതുകകരമായി തോന്നി.
ഓറോവില്ലിലെ കാഴ്ചകൾ, മാതൃമന്ദിരം (വലത്)
സന്ധ്യ നഗരത്തെ മറ്റൊരു രൂപത്തിലേക്ക് മാറ്റിയപ്പോഴാണ് വൈറ്റ് ടൗണിലേക്ക് തിരിച്ചെത്തിയത്. റോക് ബീച്ചും സമീപത്തെ മറ്റ് കടൽത്തീരങ്ങളും കണ്ടു. കടലിന് മുന്നിൽ നിൽക്കുമ്പോൾ യാത്രയുടെ ക്ഷീണം കുറച്ചുനേരത്തേക്ക് മറന്നു. തിരമാലകളുടെ ശബ്ദവും കടൽക്കാറ്റും രാത്രിത്തിരക്കും ചേർന്ന് പോണ്ടിച്ചേരി, അതിനു മാത്രം സ്വന്തമായ ഒരു രാത്രിഭാവം സൃഷ്ടിച്ചിരുന്നു. തിരമാലകളുടെ ശബ്ദത്തിനൊപ്പം നഗരത്തിന്‍റെ രാത്രിയും പതിയെ ഉണരുകയായിരുന്നു. പ്രൊമനേഡ് പ്രദേശം നഗരജീവിതത്തിന്‍റെ പ്രധാന സായാഹ്ന ഇടങ്ങളിലൊന്നാണ്. പകൽ കണ്ട അതേ ഫ്രഞ്ച് കോളനി രാത്രിയിൽ കൂടുതൽ മനോഹരമായി തോന്നി. തെരുവുകളിലൂടെ വീണ്ടും സ്കൂട്ടറിൽ കറങ്ങി. മഞ്ഞ വെളിച്ചത്തിൽ പഴയ കെട്ടിടങ്ങൾ കൂടുതൽ പഴമയുടെ ഭാവം കൈവരിച്ചു.
അടുത്ത ദിവസം രാവിലെ വീണ്ടും വൈറ്റ് ടൗണിലേക്കിറങ്ങി. കഴിഞ്ഞ ദിവസം ശ്രദ്ധിക്കാതെ പോയ പല കാഴ്ചകളും അന്ന് കണ്ണിൽപ്പെട്ടു. ഒരേ തെരുവിലൂടെ രണ്ടാമതും സഞ്ചരിക്കുമ്പോൾ പോലും നഗരം പുതിയതായി തോന്നി. പിന്നീട് സ്വകാര്യ ബീച്ചായ പാരഡൈസ് ബീച്ചിലേക്ക് തിരിച്ചു. നഗരത്തിന്‍റെ തിരക്കിൽ നിന്ന് മാറി കടലിനോട് കുറച്ചുകൂടി അടുത്തുനിൽക്കാൻ കഴിയുന്ന ഒരിടമായിരുന്നു അത്.
അടുത്ത ലക്ഷ്യം ചെന്നൈ
വൈകുന്നേരത്തോടെയാണ് പോണ്ടിച്ചേരിയോട് യാത്ര പറഞ്ഞത്. രാത്രിയോടെ ചെന്നൈയിലെത്തി. നഗരത്തെക്കുറിച്ച് പലതവണ കേട്ടിട്ടുണ്ടെങ്കിലും, രാത്രിയിൽ നേരിട്ട് അനുഭവിക്കുന്ന ചെന്നൈ മറ്റൊന്നായിരുന്നു. മുറിയിലേക്ക് പോകുന്നതിന് മുൻപ് നേരെ മറീന ബീച്ചിലേക്കായിരുന്നു യാത്ര. ബീച്ചിലെത്തിയപ്പോൾ കടലിനൊപ്പം തമിഴ്നാടിന്‍റെ രാഷ്ട്രീയ ചരിത്രവും അവിടെ സാന്നിധ്യമറിയിക്കുന്നതായി തോന്നി. ജയലളിതയുടെയും എം.ജി.ആറിന്‍റെയും സ്മാരകങ്ങൾ... ജനകീയ നേതാക്കളായി തമിഴ് മനസിൽ ആഴത്തിൽ പതിഞ്ഞ രണ്ട് വ്യക്തികളുടെ ഓർമ്മകൾക്ക് മുന്നിൽ കുറച്ചുനേരം നിന്നപ്പോൾ, ചെന്നൈയുടെ കടൽത്തീരത്തിന് വിനോദത്തിനപ്പുറം മറ്റൊരു ചരിത്രവും ഉണ്ടെന്ന് മനസിലായി. പകൽ കണ്ട കടൽത്തീരങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു രാത്രിയിലെ മറീന.
മറീനയുടെ രാത്രിക്ക് അതിന്‍റേതായ ഒരു ശബ്ദമുണ്ട്. കടൽക്കാറ്റിൽ കലരുന്ന മനുഷ്യരുടെ സംസാരങ്ങൾ, തെരുവുകച്ചവടക്കാരുടെ വിളികൾ, ഭക്ഷണത്തിന്‍റെ ഗന്ധം, കടലിലേക്ക് നോക്കി നിൽക്കുന്ന ആളുകൾ. നഗരം ഉറങ്ങാൻ തയ്യാറെടുക്കാത്തതുപോലെ തോന്നി. മറീന വെറും ഒരു കടൽത്തീരം മാത്രമല്ല; ചെന്നൈയുടെ നഗരജീവിതത്തിന്‍റെ ഒരു വലിയ വേദിയാണ്. ആളുകളുടെ തിരക്ക്, തെരുവുവിളക്കുകൾ, കടൽക്കാറ്റ്, ഭക്ഷണത്തിന്‍റെ ഗന്ധം എല്ലാം ചേർന്ന് ചെന്നൈയുടെ രാത്രിജീവിതത്തിന്‍റെ ഒരു ചെറിയ ചിത്രം മുന്നിൽ വരച്ചു. കുറച്ചുനേരം അവിടെ ചെലവഴിച്ചശേഷം ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിന് സമീപം മുറിയെടുത്തു.
അടുത്ത ദിവസം രാവിലെ ചരിത്രത്തിലേക്കായിരുന്നു യാത്ര. സെന്‍റ് ജോർജ് ഫോർട്ടിലെ മ്യൂസിയത്തിലെത്തിയപ്പോൾ ചെന്നൈയുടെ മറ്റൊരു മുഖമാണ് മുന്നിൽ തുറന്നത്. ഇന്നത്തെ തിരക്കേറിയ നഗരത്തിന് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പഴയ ആയുധങ്ങളും രേഖകളും വസ്തുക്കളും കെട്ടിടങ്ങളും കാണുമ്പോൾ ഒരു നഗരം അതിന്‍റെ ഇന്നത്തെ രൂപംകൊണ്ട് മാത്രം മനസിലാക്കാനാവില്ലെന്ന് തോന്നി. അതിന്‍റെ പഴയ വഴികളിലൂടെയും ചരിത്രത്തിലൂടെയും സഞ്ചരിക്കണം.
അതിനുശേഷം സെക്രട്ടേറിയറ്റിന് സമീപത്തെ തിരക്കിലൂടെ കടന്നുപോയി. അധികാര കേന്ദ്രം എന്ന നിലയിൽ നഗരത്തിനുള്ള പ്രാധാന്യം അവിടത്തെ ചലനങ്ങളിൽ നിന്ന് തന്നെ മനസിലാക്കാമായിരുന്നു. പിന്നീട് ഗിണ്ടി നാഷണൽ പാർക്കിലേക്ക്. കോൺക്രീറ്റ് നഗരത്തിനുള്ളിൽ തന്നെ പ്രകൃതിക്ക് ഇത്രയധികം ഇടം കണ്ടെത്താനാകുന്നത് കൗതുകകരമായിരുന്നു.
ചെന്നൈയിലെ യാത്രയിൽ മറ്റൊരു കൗതുകം പോയസ് ഗാർഡനിലേക്കുള്ള യാത്രയായിരുന്നു. നഗരത്തിലെ ശ്രദ്ധേയമായ പ്രദേശങ്ങളിലൊന്നായ അവിടെയെത്തി, സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ വീടും പുറത്തുനിന്ന് കണ്ടു. സിനിമയും രാഷ്ട്രീയവും ചരിത്രവും സാധാരണ നഗരജീവിതവും ഒരേ യാത്രയിൽ ഇത്ര സ്വാഭാവികമായി കൂടിച്ചേരുന്ന മറ്റൊരു നഗരമുണ്ടോ എന്ന ചിന്ത അപ്പോഴുണ്ടായി. ഒരു നഗരത്തെ കാണുക എന്നത് അതിന്‍റെ സ്മാരകങ്ങളും കെട്ടിടങ്ങളും മാത്രം കാണുകയല്ല; ആ നഗരത്തിന്‍റെ ജനപ്രിയ സംസ്കാരത്തെയും അവിടുത്തെ മനുഷ്യരെയും ഓർമ്മകളെയും കൂടി കണ്ടു മനസിലാക്കുക കൂടിയാണെന്ന് ചെന്നൈ ആ യാത്രയിൽ പഠിപ്പിച്ചു. വീണ്ടും മറീനയിലെത്തി. ഒരിക്കൽ കൂടി കടലിനെ നോക്കി നിന്നു. പോണ്ടിച്ചേരിയുടെ കടൽക്കാറ്റിൽ നിന്ന് ചെന്നൈയുടെ നഗരത്തിരക്കിലേക്കുള്ള യാത്ര പൂർത്തിയായിരുന്നു. ഇനി യാത്രയുടെ അവസാന അധ്യായമായ കോയമ്പത്തൂരിലേക്ക്.
ലൈറ്റ് ഹൗസ് (ഇടത്), രജനികാന്തിന്‍റെ വസതി (വലത്)
ആദിയോഗിയുടെ സന്നിധിയിൽ
പുലർച്ചെ രണ്ടരയോടെ കോയമ്പത്തൂരിലെത്തി. അവിടെ നിന്ന് ഇഷ യോഗ സെന്‍ററിലേക്ക്. കോയമ്പത്തൂർ നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ പടിഞ്ഞാറായാണ് ഇഷ യോഗ സെന്‍റർ. നേരിട്ടുള്ള ബസുകളും ലഭ്യമാണ്. ഏകദേശം ഒരു മണിക്കൂർ ബസ് യാത്ര. നഗരം പതുക്കെ പിന്നിലായി. കെട്ടിടങ്ങൾ കുറഞ്ഞു. റോഡിന്‍റെ ഇരുവശത്തും പ്രകൃതിയുടെ സാന്നിധ്യം ശക്തമായി. ഒടുവിൽ മലനിരകൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു. യാത്രയുടെ ഇതുവരെയുള്ള എല്ലാ കാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അത്.
മലകളുടെ നടുവിലാണ് ഇഷ യോഗ സെന്‍ററിന്‍റെ സ്ഥാനം. അവിടെയെത്തിയപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് ആദിയോഗിയുടെ കൂറ്റൻ പ്രതിമ. മലനിരകളുടെ പശ്ചാത്തലത്തിൽ ഉയർന്നുനിൽക്കുന്ന ആ രൂപം കാഴ്ചയ്ക്ക് തന്നെ ഒരു പ്രത്യേക ഗാംഭീര്യം നൽകി. ചുറ്റുമുള്ള പ്രകൃതിയും പ്രതിമയുടെ വലിപ്പവും ചേർന്ന് അവിടത്തെ അന്തരീക്ഷത്തിന് വേറിട്ടൊരു ഭാവം നൽകി. മലനിരകളുടെ പശ്ചാത്തലത്തിൽ ആദിയോഗി ഉയർന്നുനിൽക്കുന്നത് കാണുമ്പോൾ കുറച്ചുനേരം വെറുതെ നോക്കിനിൽക്കാൻ തോന്നി. പോണ്ടിച്ചേരിയിൽ കെട്ടിടങ്ങളാണ് കണ്ണിനെ പിടിച്ചിരുത്തിയതെങ്കിൽ, ചെന്നൈയിൽ മനുഷ്യരുടെ തിരക്കായിരുന്നു ശ്രദ്ധ നേടിയത്. ഇവിടെ പ്രകൃതിയും അതിനിടയിൽ ഉയർന്നുനിൽക്കുന്ന ആദിയോഗിയുമായിരുന്നു കാഴ്ചയുടെ കേന്ദ്രം.
ആദിയോഗി പ്രതിമ
കാലഭൈരവന്‍റെ ക്ഷേത്രത്തിലേക്കും പോയി. അവിടത്തെ അന്തരീക്ഷം കൂടുതൽ ത്രസിപ്പിക്കുന്നതായിരുന്നു. ശാന്തതയ്ക്കൊപ്പം ഒരു പ്രത്യേക ആത്മീയ ഊർജവും അനുഭവപ്പെടുന്നതുപോലെ തോന്നി. ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്ന് വിദേശികളടക്കം നിരവധി പേർ അവിടെ ധ്യാനത്തിൽ ഇരിക്കുന്നതായിരുന്നു. ഭാഷയും ദേശവും വ്യത്യസ്തമായിരുന്നെങ്കിലും നിശബ്ദതയിൽ അവർ ഒരേ അനുഭവം തേടുന്നതുപോലെ തോന്നി.
ഒരു യാത്രയിൽ നമ്മൾ എത്രയോ കിലോമീറ്ററുകൾ പിന്നിടുന്നു. ട്രെയ്നിലും ബസിലും സ്കൂട്ടറിലും സഞ്ചരിക്കുന്നു. നഗരങ്ങൾ മാറുന്നു. ഭാഷ മാറുന്നു. ഭക്ഷണം മാറുന്നു. മനുഷ്യരുടെ ജീവിതരീതി മാറുന്നു. എന്നാൽ ചില നിമിഷങ്ങളിൽ നമ്മൾ എല്ലാവരും ഒരേ കാര്യമാണ് അന്വേഷിക്കുന്നതെന്ന് തോന്നും. കുറച്ചുനേരത്തെ സമാധാനം, ഒരു പുതിയ കാഴ്ച, മനസിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവം.
കടലിൽ തുടങ്ങി മലകളിൽ അവസാനിച്ച യാത്രയായിരുന്നു ഇത്തവണത്തേത്. കണ്ണൂരിൽ നിന്ന് ആരംഭിച്ച യാത്ര പോണ്ടിച്ചേരിയുടെ ഫ്രഞ്ച് തെരുവുകളിലൂടെ കടന്നു. അവിടെ നിന്ന് ചെന്നൈയുടെ തിരക്കിലേക്കും ചരിത്രത്തിലേക്കും നീങ്ങി. ഒടുവിൽ കോയമ്പത്തൂരിലെ മലനിരകളുടെ നിശ്ശബ്ദതയിൽ എത്തിനിന്നു. മൂന്ന് നഗരങ്ങൾ. മൂന്ന് വ്യത്യസ്ത മുഖങ്ങൾ. പക്ഷേ യാത്ര അവസാനിക്കുമ്പോൾ അവയെല്ലാം ചേർന്ന് ഒരൊറ്റ ഓർമ്മയായി മാറിയിരുന്നു.
തിരിച്ചുള്ള യാത്രയിൽ ട്രെയ്നിൽ ഇരിക്കേ പോണ്ടിച്ചേരിയിലെ മഞ്ഞച്ചുവരുകളും, മറീനയിലെ തിരമാലകളും, സെന്‍റ് ജോർജ് ഫോർട്ടിന്‍റെ പഴമയും, ഇഷയിലെ മലനിരകൾക്കിടയിൽ ഉയർന്നുനിന്ന ആദിയോഗിയും ഒരേ ചിത്രത്തിലെ വ്യത്യസ്ത ഫ്രെയിമുകളായി മനസിൽ തോന്നി. ഒരുപക്ഷേ അതാണ് യാത്രയുടെ ഏറ്റവും വലിയ സൗന്ദര്യം. നമ്മൾ ചില സ്ഥലങ്ങൾ കാണാൻ പോകുന്നു. പക്ഷേ മടങ്ങിവരുമ്പോൾ, ആ സ്ഥലങ്ങൾ നമ്മുടെ ഉള്ളിൽ ഒരു പുതിയ ഇടം തീർത്തിട്ടുണ്ടാകും.