ബീജിങ്: പുതിയ വൈറസ് ബാധ മൂലം ചൈനയിൽ പലയിടത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ചൈന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹ്യൂമൻ മെറ്റന്യൂമോ വൈറസ് ( എച്ച്എംപിവി) ആണ് ചൈനയിൽ പടർന്നു പിടിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശ്വസനത്തെ ഗുരുതരമായി ബാധിക്കുന്ന വൈറസ് ബാധയെ പക്ഷേ ചൈന ശിശിര കാലത്തെ സാധാരണ അസുഖം എന്നാണ് വിലയിരുത്തുന്നത്. കോവിഡ് പോലെ ജാഗ്രത പാലിക്കേണ്ട അവസ്ഥ നിലവിൽ ഇല്ലെന്നും ചൈന പറയുന്നു. പക്ഷേ പല രാജ്യങ്ങളും ചൈനയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ചൈനയിലേക്കുള്ള യാത്ര സുരക്ഷിതമാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ് പറയുന്നത്.
എച്ച്എംപി വൈറസ് ബാധിച്ചാലുള്ള ലക്ഷണങ്ങൾ
പനിക്കും ജലദോഷത്തിനും സമാനമായ ലക്ഷണങ്ങൾ തന്നെയാണ് എച്ച്എംപിവി ബാധിച്ചാലുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പക്ഷേ ചിലപ്പോൾ കടുത്ത ശ്വാസകോശ അണുബാധയ്ക്കും അതു വഴി ന്യുമോണിയയ്ക്കും ഈ വൈറസ് വഴി വയ്ക്കും. ആസ്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ എന്നിവരെ വൈറസ് ഗുരുതരമായി ബാധിച്ചേക്കും. കുട്ടികൾ, പ്രായമായവർ എന്നിവരെയാണ് വൈറസ് ബാധിക്കാൻ സാധ്യതയേറെ. ആദ്യം വൈറസ് ബാധിച്ചാൽ ശരീരം പ്രതിരോധ ശക്തി ആർജിക്കുമെന്നും പിന്നീടുള്ള വൈറസ് ബാധയെ ചെറുക്കാൻ ഉള്ള കഴിവുണ്ടാകുമെന്നുമാണ് നിലവിലുള്ള കണ്ടെത്തൽ. ചുമ, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശ്വാസം മുട്ടൽ, ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ എന്നിവയെല്ലാമാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ.
വൈറസ് പകരുന്നതെങ്ങനെ?
വൈറസ് ബാധിച്ച വ്യക്തിയുമായി നേരിട്ട് ഇടപഴകുന്നതിലൂടെ അസുഖം ബാധിക്കും. ചുമ, തുമ്മൽ, ആലംഗനം, ചുംബനം, വൈറസ് ബാധയുള്ള വ്യക്തി സ്പർശിച്ച വസ്തുക്കളിൽ സ്പർശിക്കുന്നത് എന്നിവ വഴിയെല്ലാം അസുഖം പടരും.