കുട്ടികളുടെ ചുമ ചികിത്സിക്കാൻ ആരോഗ്യ വകുപ്പിന്‍റെ മാർഗനിർദേശങ്ങൾ.

 

freepik.com

Health

ചുമ ചികിത്സ: മാർഗനിർദേശമായി

കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമ മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് ടെക്നിക്കല്‍ ഗൈഡ് ലൈന്‍ പുറത്തിറക്കി

Thiruvananthapuram Bureau

തിരുവനന്തപുരം: കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമ മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് ടെക്നിക്കല്‍ ഗൈഡ് ലൈന്‍ പുറത്തിറക്കി. കേരളത്തിനു പുറത്ത് ചുമ മരുന്നു കഴിച്ചതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരണമടഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ വിദഗ്ധ സമതി റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചാണ് സംസ്ഥാനത്തിന് പ്രത്യേകം ഗൈഡ് ലൈന്‍ പുറത്തിറക്കിയത്.

ചികിത്സിക്കുന്ന ഡോക്റ്റര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റുകള്‍, പൊതുജനങ്ങള്‍ എന്നിവർക്കായുള്ള സമഗ്ര മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. എല്ലാവരും ഈ മാര്‍നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മന്ത്രി നിര്‍ദേശിച്ചു.

ചുമയുടെ ക്ലിനിക്കല്‍ സമീപനവും മാനെജ്മെന്‍റും, പലതരം ചുമകളും രോഗ ലക്ഷണങ്ങളും, വിട്ടുമാറാത്ത, തുടര്‍ച്ചയായുള്ള ചുമയ്ക്കുള്ള സമീപനം, ചുമയുള്ള കുട്ടിയുടെ ക്ലിനിക്കൽ പരിശോധന, ചുമയുമായി എത്തുന്ന കുട്ടികള്‍ക്കുള്ള പരിശോധന, കുട്ടികളിലെ ചുമയുടെ നിയന്ത്രണം, കുട്ടികളിലെ ചുമ ചികിത്സിക്കുമ്പോള്‍ പാലിക്കേണ്ട മാർഗനിർദേശങ്ങൾ, ഔഷധേതര പ്രാഥമിക നടപടികൾ, ഡോസേജും സുരക്ഷാ പരിഗണനകളും, കേരള ഡ്രഗ്സ് കൺട്രോളർ പുറപ്പെടുവിച്ച സർക്കുലർ വഴിയുള്ള പ്രധാന നിർദേശങ്ങൾ, ഫാർമസിസ്റ്റുകൾക്കുള്ള നിർദേശങ്ങൾ, പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ എന്നിവയാണ് ടെക്നിക്കല്‍ ഗൈഡ് ലൈനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മാതാപിതാക്കളും പരിചരിക്കുന്നവരും കുട്ടികള്‍ക്ക് സ്വയം ചികിത്സ നിശ്ചയിക്കരുത്. ഓരോ കുഞ്ഞിന്‍റേയും പ്രായവും തൂക്കവും നോക്കിയാണ് ഡോക്റ്റര്‍മാര്‍ മരുന്ന് കുറിക്കുന്നത്. അംഗീകൃത ഡോക്റ്ററുടെ കുറിപ്പടികള്‍ പ്രകാരമുള്ള മരുന്നുകള്‍ യോഗ്യതയുള്ള ഒരു ആരോഗ്യ സംരക്ഷണ ദാതാവിന്‍റെ മേൽനോട്ടത്തിലായിരിക്കണം നല്‍കേണ്ടത്. ഡോസേജ് കൂടാന്‍ പാടില്ല. ചില മരുന്നുകളുടെ അനുചിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ശ്രദ്ധിക്കണം.

ആരോഗ്യ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്ന എല്ലാ കഫ് സിറപ്പ് ഉൽപ്പന്നങ്ങളും ശരിയായ നിർമാണ മാനദണ്ഡങ്ങൾ പാലിക്കുകയും ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ പോലുള്ള ദോഷകരമായ മാലിന്യങ്ങൾ ഇല്ലാത്തതുമായിരിക്കണം.2 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കരുത്. കഫ് സിറപ്പ് അത്യാവശ്യമാണെങ്കില്‍ പ്രത്യേകം വിലയിരുത്തിയതിന് ശേഷം നല്‍കുക. 2 വയസ് മുതല്‍ 5 വയസു വരെ പൊതുവില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ക്ലിനിക്കല്‍ വിലയിരുത്തലിന് ശേഷം പ്രത്യേക നിരീക്ഷണത്തോടെ നല്‍കുക. 5 വയസിന് ശേഷമുള്ള കുട്ടികള്‍ക്ക് പ്രത്യേകം വിലയിരുത്തലിന് ശേഷം നല്‍കുക. ചെറിയ കാലയളവില്‍ ചെറിയ ഡോസില്‍ മാത്രം നല്‍കുക.

ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേശങ്ങള്‍ ഫാര്‍മസിസ്റ്റുകള്‍ കൃത്യമായി പാലിക്കണം. കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. കാലവധി തീര്‍ന്ന മരുന്നല്ലെന്ന് ഉറപ്പാക്കണം. ഗുണനിലവാരമുള്ള മരുന്നുകളുടെ സര്‍ട്ടിഫിക്കറ്റുള്ള നിർമ്മാതാക്കളിൽ നിന്ന് മാത്രമേ മരുന്നുകള്‍ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

  • ചുമ രോഗമല്ല, ഒരു ലക്ഷണമാണ്, അതിനാൽ സ്വയം മരുന്ന് കഴിക്കരുത്.

  • ചുമ സിറപ്പുകളോ ഫോർമുലേഷനുകളോ ആവശ്യപ്പെടരുത്. ശിശുരോഗ വിദഗ്ധന്‍റെ നിർദേശങ്ങൾക്ക് അനുസൃതമായി മാത്രം അവ ഉപയോഗിക്കുക.

  • ബാക്കി വരുന്ന മരുന്നുകളും കാലഹരണപ്പെട്ട കുറിപ്പടികളും ഉപയോഗിക്കരുത്.

  • ഒരു കുട്ടിക്ക് നിർദ്ദേശിക്കുന്ന മരുന്ന് ശിശുരോഗ വിദഗ്ധനെ സമീപിക്കാതെ മറ്റൊരു കുട്ടിക്ക് കൊടുക്കരുത്.

  • ചുമയുള്ള കുട്ടികളിൽ, നെഞ്ചുവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോൾ രക്തം വരിക, അമിതമായ ക്ഷീണം, അപസ്മാരം, സയനോസിസ് അല്ലെങ്കിൽ സെൻസോറിയത്തിൽ മാറ്റം വന്നാൽ, ഉടൻ തന്നെ ഒരു ശിശുരോഗ വിദഗ്ധനെ ബന്ധപ്പെടുക.

  • ഡോക്റ്റർ നിർദേശിക്കുന്ന മരുന്നുകൾ നിർദിഷ്ട കാലയളവിൽ നിർദിഷ്ട അളവിൽ മാത്രം ഉപയോഗിക്കണം.

റിച്ച ഘോഷിന്‍റെ വൺ വുമൺ ഷോ തുണച്ചില്ല; ലോകകപ്പ് ത്രില്ലറിൽ ഇന്ത്യ തോറ്റു

അടുത്തത് സമാധാന നൊബേൽ; ചങ്കിടിപ്പോടെ ട്രംപ്

വിൻഡീസിനെ വൈറ്റ് വാഷ് ചെയ്യാൻ ഇന്ത്യ ഇറങ്ങുന്നു

മൂന്ന് ചുമ മരുന്നുകൾ തിരിച്ചുവിളിച്ചു

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം: ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കുന്നതെന്തിന്?