ഇന്ത്യ ആദ്യമായി തദ്ദേശീയ ആന്‍റിബയോട്ടിക്കായ നാഫിത്രോമൈസിൻ വികസിപ്പിച്ചെടുത്തതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ.ജിതേന്ദ്ര സിങ്
photocredit:X
ഇന്ത്യ ആദ്യമായി തദ്ദേശീയ ആന്‍റിബയോട്ടിക്കായ നാഫിത്രോമൈസിൻ വികസിപ്പിച്ചെടുത്തതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ.ജിതേന്ദ്ര സിങ്. ഇത് ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി മേഖലകളിൽ രാജ്യത്തിന്‍റെ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്. പ്രതിരോധ ശേഷിയുള്ള ശ്വാസകോശ അണുബാധകൾക്ക് എതിരെ ഈ ആന്‍റിബയോട്ടിക് ഫലപ്രദമാണെന്നും പ്രത്യേകിച്ച് ക്യാൻസർ രോഗികൾക്കും പ്രമേഹം നിയന്ത്രിക്കാത്തവർക്കും ഇത് ഗുണം ചെയ്യുമെന്നും ഡോ.സിങ് പറഞ്ഞു.ഒക്റ്റോബർ 18 ന് ന്യൂഡൽഹിയിൽ മൂന്നു ദിവസത്തെ ആരോഗ്യ ശില്പശാല ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഹീമോഫീലിയ ചികിത്സയിൽ ജീൻ തെറാപ്പിക്കുള്ള വിജയകരമായ തദ്ദേശീയ ക്ലിനിക്കൽ പരീക്ഷണത്തെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ബയോടക്നോളജി വകുപ്പിന്‍റെ പിന്തുണയോടെ തമിഴ്നാട്ടിലെ വെല്ലൂരിലുള്ള ക്രിസ്ത്യൻ മെഡിക്കൽ കോളെജിലാണ് ഈ പരീക്ഷണം നടത്തിയത്. രക്തസ്രാവം ഉണ്ടാകാതെ തെറാപ്പി 60 ശതമാനം മുതൽ 70 ശതമാനം വരെ തിരുത്തൽ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തലുകൾ "ന്യൂ ഇംഗ്ലണ്ട് ഒഫ് ജേർണൽ ഒഫ് മെഡിസി' നിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇതിനകം 10,000ത്തിലധികം മനുഷ്യ ജീനോമുകളെ ക്രമീകരിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ ഈ സംഖ്യ ഒരു ദശലക്ഷമായി വികസിപ്പിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്ര-ഗവേഷണ വളർച്ചയ്ക്ക് രാജ്യം സ്വയം സുസ്ഥിരമായ ഒരു ആവാസ വ്യവസ്ഥ വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ എഐ അധിഷ്ഠിത ഹൈബ്രീഡ് മൊബൈൽ ക്ലിനിക്കുകൾ സേവനം നൽകുന്നുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു. നവീകരണം, സഹകരണം, അനുകമ്പ എന്നിവയുടെ സംയോജനം ഒരു വികസിത രാഷ്ട്രത്തിലേയ്ക്ക് ഉള്ള രാജ്യത്തിന്‍റെ യാത്രയെ നിർവചിക്കുമെന്ന് ഡോ.സിങ് കൂട്ടിച്ചേർത്തു.