ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള കുസാറ്റ് സെന്‍റർ ഫോർ ന്യൂറോസയൻസും സെന്‍റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോഡിജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്തും (സിഇഎൻഎബിഎച്ച്) ചേർന്നാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംഗമം സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 14 മുതൽ 16 വരെ നടക്കുന്ന 'ട്രാൻസ്‌ലേഷണൽ ന്യൂറോസയൻസ്: ബ്രെയിൻ ടു ബിഹേവിയർ' കോൺഫറൻസ്, കുസാറ്റിന്‍റെ സെന്‍റർ ഫോർ ന്യൂറോസയൻസിന്‍റെ രജത ജൂബിലിയാണ് അടയാളപ്പെടുത്തുന്നത്. ഇത് ദേശീയ, അന്തർദേശീയ വിദഗ്ധരെ ഒരുമിച്ചു കൊണ്ടുവരുന്നു. മനുഷ്യന്‍റെ മസ്തിഷ്ക വികസനത്തിന്‍റെ ശ്രദ്ധേയമായ വഴികൾ അടയാളപ്പെടുത്തുന്ന ഒരു മസ്തിഷ്ക പ്രദർശനം ഇതിനൊരു ദൃശ്യസാക്ഷാത്കാരമായി ഒപ്പമുണ്ടാകും.
അജയൻ
ഇന്ത്യയിലും വിദേശത്തുനിന്നുമായി 60-ലധികം ന്യൂറോസയന്‍റിസ്റ്റുകൾ പങ്കെടുക്കുന്ന പ്രഥമ അന്താരാഷ്ട്ര ട്രാൻസ്‌ലേഷണൽ ന്യൂറോസയൻസ് കോൺഫറൻസിനായി (ഐസിടിഎൻ) കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. സെപ്റ്റംബർ 14 മുതലാണ് സമ്മേളനം. ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള കുസാറ്റ് സെന്‍റർ ഫോർ ന്യൂറോസയൻസും സെന്‍റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോഡിജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്തും (സിഇഎൻഎബിഎച്ച്) ചേർന്നാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ സംഗമം സംഘടിപ്പിക്കുന്നത്.
ശാസ്ത്രം, നവീകരണം, കൂട്ടായ്മ എന്നിവയിലൂടെ തലച്ചോറിന്‍റെ രഹസ്യങ്ങളെ അർഥവത്തായ സാമൂഹിക സ്വാധീനമാക്കി മാറ്റുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്ന് സിഇഎൻഎബിഎച്ച് മേധാവി ഡോ. ബേബി ചക്രപാണി 'മെട്രൊ വാർത്ത'യോട് പറഞ്ഞു. ആധുനിക മസ്തിഷ്ക ഗവേഷണ മേഖലയിലെ പ്രഗത്ഭരായ ദേശീയ, അന്തർദേശീയ ന്യൂറോസയന്‍റിസ്റ്റുകളുടെ വലിയൊരു നിര തന്നെ ഐസിടിഎനിൽ അണിനിരക്കും.
ദേശീയ തലത്തിലെ പ്രഭാഷകരിൽ, മുംബൈ ടിഐഎഫ്ആറിലെയും ഐബിആർഒയുടെയും പ്രസിഡന്‍റായ ഡോ. ശുഭ ടോലെ "ഹൗ ടു ബിൽഡ് എ ഹിപ്പോക്യാമ്പസ്" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ടിഐഎഫ്ആറിലെ തന്നെ ഡോ. വിദിത വൈദ്യ "ദ ഹിഡൻ ഇംപ്രിന്‍റ്സ് ഓഫ് ഏർലി അഡ്വേഴ്സിറ്റി ആൻഡ് ഹൗ ടു റിവേഴ്സ് ദെം" എന്ന വിഷയം അവതരിപ്പിക്കും. ബെംഗളൂരു നിംഹാൻസിലെ ഡോ. ബി.എസ്. ശങ്കരനാരായണ റാവു ടെമ്പറൽ ലോബ് അപസ്മാരത്തിനുള്ള പുതിയ ചികിത്സാ മാർഗങ്ങൾ അവതരിപ്പിക്കുമ്പോൾ, തിരുവനന്തപുരം ആർജിസിബിയിലെ ഡോ. ബീന പിള്ള പാരമ്പര്യമായി ലഭിക്കുന്ന നോൺ-കോഡിങ് ആർഎൻഎകളുടെ ലോകത്തെക്കുറിച്ചും നാഡീവളർച്ച മുതൽ പെരുമാറ്റം വരെയുള്ള യാത്രയിൽ അവയുടെ പങ്കിനെക്കുറിച്ചും സംസാരിക്കും.
നിംഹാൻസിലെ ഡോ. ജോൺ പി. ജോൺ (പ്രിസിഷൻ സൈക്യാട്രി), ഐഐഎസ്‌സിയിലെ ഡോ. ദീപക് നായർ (സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി), ഐഐഎസ്‌സിയിലെ ഡോ. രവി മുദ്ദശെട്ടി (ഡിമെൻഷ്യയിലെ പ്രോട്ടീൻ സംശ്ലേഷണ തകരാറുകൾ) തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിദഗ്ധരും ചർച്ചകളിൽ പങ്കെടുക്കും.
അന്താരാഷ്ട്ര തലത്തിൽ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഡോ. ബാരി ഹാലിഫെൽഡ് (ആയുർദൈർഘ്യവും നാഡീസംരക്ഷണവും), ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഡോ. വേണു രാമൻ (ട്രാൻസ്‌ലേഷണൽ ന്യൂറോസയൻസിലെ പുതിയ സാങ്കേതികവിദ്യകൾ), എൻയുഎസിലെ ഡോ. മിൻ ജിഹോങ് (കുടലിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഇൻജെസ്റ്റബിൾ ഇലക്ട്രോണിക്സ്), എൻയുഎസിലെ ഡോ. ഒങ് സെക് ടോങ് ഡെറിക് (വാർധക്യത്തിലും മസ്തിഷ്ക രോഗങ്ങളിലും നാഡീ സ്റ്റെം സെൽ തകരാറുകൾ), ബെയ്ജിങ്ങിലെ ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ റിസർച്ചിലെ ഡോ. കാർലോസ് ഇബാനേസ് (നാഡീ ദൃഢതയും വാർധക്യവും), ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബിയിലെ ഡോ. ദാൻ ഒഹ്താൻ വാങ് (ന്യൂറോ ഡിജനറേഷന്‍റെയും സിനാപ്റ്റിക് പ്രവർത്തനങ്ങളുടെയും സംവിധാനങ്ങൾ) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
യുവ ഫാക്കൽറ്റികളുടെ അവതരണങ്ങൾക്കൊപ്പം ഈ പ്രഭാഷണങ്ങളും മസ്തിഷ്ക സംബന്ധിയായ ശാസ്ത്രമേഖലയെ കൂടുതൽ മുന്നോട്ട് നയിക്കുമെന്ന് ഡോ. ചക്രപാണി പറഞ്ഞു. വളർച്ചയും പ്ലാസ്റ്റിസിറ്റിയും മുതൽ ന്യൂറോ ഡിജനറേഷൻ, മാനസിക ആരോഗ്യം, മസ്തിഷ്ക-ശരീര ബന്ധങ്ങൾ, ട്രാൻസ്‌ലേഷണൽ ന്യൂറോസയൻസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഈ സമ്മേളനം സെന്‍റർ ഫോർ ന്യൂറോസയൻസിന്‍റെ രജത ജൂബിലിയെയും അടയാളപ്പെടുത്തുന്നു. 2018 മുതൽ മസ്തിഷ്ക ശാസ്ത്രത്തെ തന്മാത്രാ ഗവേഷണ മേഖലയ്ക്ക് അപ്പുറത്തേക്ക് കൊണ്ടുപോകാനും, അതിന്‍റെ കണ്ടെത്തലുകൾ ജനങ്ങളുടെയും അവരുടെ ദൈനംദിന ജീവിതത്തിന്‍റെയും അടുത്ത് എത്തിക്കാനും കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.
സമൂഹിക ഇടപെടൽ പദ്ധതികളിലൂടെ ശാസ്ത്രത്തെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന 'പ്രജ്ഞ' എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് കേന്ദ്രത്തിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിയത്. ഉദ്ബോധന, ഉദ്ബോദ് തുടങ്ങിയ പദ്ധതികളിലൂടെ നാഡീശാസ്ത്രം ലബോറട്ടറികളിൽ നിന്ന് സമൂഹത്തിലേക്ക് ഇറങ്ങിവന്നു. ഇതിന്‍റെ ഫലമായി 2021-ൽ കൊച്ചി രാജ്യത്തെ ആദ്യത്തെ ഡിമെൻഷ്യ സൗഹൃദ നഗരമായി മാറി. ആരോഗ്യപരമായ ഇടപെടലുകൾ, പരിചരിക്കുന്നവർക്കുള്ള പരിശീലനം, ബോധവത്കരണ പരിപാടികൾ എന്നിവ കുടുംബങ്ങളെ ശാക്തീകരിച്ചു. ഏറെ പ്രിയപ്പെട്ട 'മെമ്മറി കഫേകൾ' ഡിമെൻഷ്യ ബാധിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും ഒത്തുകൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും സ്വന്തമെന്നു തോന്നാനുമുള്ള ഇടമായി മാറി.
കൊച്ചി കോർപ്പറേഷന്‍റെ പിന്തുണയോടെ, ന്യൂറോ-കോഗ്നിറ്റിവ് പരിശീലനം നൽകുന്ന നഗരത്തിലെ ആദ്യത്തെ ഡിമെൻഷ്യ പകൽവീട് സ്ഥാപിക്കാൻ കേന്ദ്രം സഹായിച്ചു. 'അരികെ' എന്ന പാലിയേറ്റീവ് കെയർ പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നതിനൊപ്പം സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്കായി ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്. 2023-ഓടെ ഉദ്ബോദ് പദ്ധതി എറണാകുളം ജില്ല മുഴുവൻ വ്യാപിപ്പിച്ചതായി ഡോ. ചക്രപാണി പറഞ്ഞു.
ഈ വിജയത്തിൽ ആവേശഭരിതരായ കേരള സർക്കാർ, നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ഓർമത്തോണി' എന്ന വിപുലമായ ഡിമെൻഷ്യ പരിചരണ പദ്ധതിയിലൂടെ ഈ മാതൃക സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു.
ഡിമെൻഷ്യയുടെ പ്രധാന വെല്ലുവിളി, രോഗലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞാൽ ചികിത്സാ സാധ്യതകൾ പരിമിതമായിരിക്കും എന്നതാണ്. യഥാർഥ ഇടപെടൽ നടത്തേണ്ടത് വളരെ നേരത്തെയാണ്: ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് 10 മുതൽ 15 വർഷം മുമ്പ് തന്നെ ന്യൂറോഡിജനറേറ്റീവ് മാറ്റങ്ങൾ ആരംഭിക്കാം, അതിനാൽ മുൻകൂട്ടിയുള്ള ഇടപെടലുകൾ നിർണായകമാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്‍റെ പദ്ധതികൾ പ്രതിരോധത്തിലും കൃത്യസമയത്തുള്ള ഇടപെടലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും, ഈയൊരു സമീപനമാണ് അന്താരാഷ്ട്ര സമ്മേളനത്തിലും ഉള്ളതെന്നും ഡോ. ചക്രപാണി പറഞ്ഞു.
ശാസ്‌ത്രീയ ചർച്ചകൾക്കപ്പുറം, മൂന്ന് പ്രത്യേക സെഷനുകളിലൂടെ സമ്മേളനം പൊതുജനങ്ങൾക്കായും വാതിലുകൾ തുറക്കും. സെറിബ്രൽ പാൽസി, ഓട്ടിസം തുടങ്ങിയ നാഡീവളർച്ചാ അവസ്ഥകൾ, അവയുടെ കാരണങ്ങൾ, അമ്മമാരുടെ ആരോഗ്യത്തിന്‍റെയും ജീവിതശൈലിയുടെയും പ്രാധാന്യം എന്നിവയാണ് ആദ്യ സെഷൻ പരിശോധിക്കുന്നത്. രണ്ടാമത്തെ സെഷൻ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ലഹരി ആശ്രയത്വം, ആത്മഹത്യാ പ്രവണതകൾ, അനുബന്ധ വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുകയും പുനരധിവാസത്തിനും വീണ്ടെടുക്കലിനും ഊന്നൽ നൽകുകയും ചെയ്യും.
വാർധക്യത്തിലേക്ക് എത്തുന്ന തലച്ചോറും ന്യൂറോ ഡിജനറേഷനുമാണ് അവസാനത്തെ പൊതുസെഷനിൽ ചർച്ച ചെയ്യുന്നത്. പ്രായമാകുമ്പോൾ ഓർമശക്തി നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന മിഥ്യാധാരണയെ ഇത് ചോദ്യം ചെയ്യുന്നു. ശരിയായ ഉത്തേജനവും പരിശീലനവും വഴി തലച്ചോറിന് സജീവവും ശക്തവുമായി നിലനിൽക്കാനും, ജീവിതത്തിന്‍റെ അവസാന കാലം വരെയും ആരോഗ്യകരമായ മാനസികാവസ്ഥ നിലനിർത്താനും സാധിക്കുമെന്ന് ഡോ. ചക്രപാണി വ്യക്തമാക്കി.
നിംഹാൻസ് ബ്രെയിൻ ബാങ്കിൽ നിന്നുള്ള മാതൃകകൾ ഉൾക്കൊള്ളുന്ന മസ്തിഷ്ക പ്രദർശനം പ്രധാന ആകർഷണമായിരിക്കും. മനുഷ്യ മസ്തിഷ്കത്തിന്‍റെ പരിണാമത്തിന്‍റെയും സങ്കീർണ ഘടനയുടെയും, ലഹരി പോലുള്ള അവസ്ഥകൾ വരുത്തുന്ന ആഴത്തിലുള്ള മാറ്റങ്ങളുടെയും അപൂർവമായ കാഴ്ചകൾ ഇത് നൽകും.
ഏഷ്യ-പസിഫിക് മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പ്രതിഭാധനരായ യുവമനസുകൾക്കായി ഒരു ആഴ്ച നീണ്ടുനിൽക്കുന്ന ശിൽപ്പശാലയും പരിശീലന പരിപാടിയും സംഘടിപ്പിക്കാൻ ഇന്‍റർനാഷണൽ ബ്രെയിൻ റിസർച്ച് ഓർഗനൈസേഷൻ (ഐബിആർഒ) ഈ ന്യൂറോസയൻസ് സെന്‍ററിനെ തെരഞ്ഞെടുത്തത് മറ്റൊരു വലിയ അംഗീകാരമാണ്. അടുത്ത തലമുറയിലെ മസ്തിഷ്ക ഗവേഷകർക്ക് ആഗോളതലത്തിൽ മികച്ച തുടക്കം നൽകിക്കൊണ്ട്, നാളത്തെ ന്യൂറോസയന്‍റിസ്റ്റുകളായി അവരെ വളർത്തിയെടുക്കുകയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
കേന്ദ്രത്തിന്‍റെ വളർന്നുവരുന്ന പ്രശസ്തിയുടെ അംഗീകാരമാണിത്. അതിലുപരിയായി, ലബോറട്ടറി ചുമരുകൾക്കപ്പുറത്തേക്ക് അതിന്‍റെ കാഴ്ചപ്പാട് എത്തിക്കാനും, സമൂഹത്തിലേക്ക് ഒരു പുതിയ വാതിൽ തുറക്കാനും ഈ സമ്മേളനത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ ഒരു സമൂഹത്തിന് ആരോഗ്യകരമായ ഒരു തലച്ചോറ് എന്നതാണ് ഇതിന്‍റെ കാതലായ ലക്ഷ്യമെന്ന് ഡോ. ചക്രപാണി പറഞ്ഞു.