എത്ര വയസിന്‍റെ വ്യത്യാസം വേണം, ഭാര്യയും ഭർത്താവും തമ്മിൽ?

 
Lifestyle

എത്ര വയസിന്‍റെ വ്യത്യാസം വേണം, ഭാര്യയും ഭർത്താവും തമ്മിൽ?

വിവാഹക്കാര്യം ചർച്ചയിൽ വരുമ്പോൾ തന്നെ ആദ്യത്തെ ചർച്ചാ വിഷയങ്ങളിലൊന്ന് വധുവും വരനും തമ്മിലുള്ള പ്രായവ്യത്യാസമായിരിക്കും

പ്രണയിക്കുമ്പോൾ പ്രായം ഒരു പ്രധാന ഘടകമായി ആരും കണക്കാക്കാറില്ല. കാരണം പ്രണയത്തിന് കണ്ണും, മൂക്കും, വായയും ഇല്ലെന്നാണല്ലോ വയ്പ്പ്...!! എന്നാൽ, വിവാഹത്തിന്‍റെ കാര്യത്തിൽ അങ്ങനെയല്ല. സമൂഹത്തിനും അതത് വ്യക്തികൾക്കും എല്ലാ കാര്യങ്ങളിലും കൃത്യമായ കാഴ്ചപ്പാടുണ്ടാവും.

വിവാഹക്കാര്യം ചർച്ചയിൽ വരുമ്പോൾ തന്നെ ആദ്യത്തെ ചർച്ചാ വിഷയങ്ങളിലൊന്ന് വധുവും വരനും തമ്മിലുള്ള പ്രായവ്യത്യാസമായിരിക്കും. ഭർത്താവ് ഭാര്യയെക്കാൾ പ്രായമുള്ള ആളായിരിക്കണം എന്നാണ് പൊതുവായും പരമ്പരാഗതമായും വിശ്വസിച്ചുപോരുന്നത്. എന്നാൽ, അത് തന്നെയാണോ ശരി..?? അതോ കാലഹരണപ്പെട്ട ഒരു ചിന്താഗതി മാത്രമാണോ ഇത്..?? ഈ വിഷയത്തിൽ ശാസ്ത്രത്തിനും സമൂഹത്തിനും എന്താണ് പറയാനുള്ളതെന്ന് നമുക്കൊന്ന് ഇറങ്ങി തപ്പാം...

സമൂഹം എന്താണ് പറയുന്നത്?

പൊതുവായി ഇന്ത്യൻ സംസ്കാരത്തിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ 3 മുതൽ 5 വർഷം വരെയുള്ള പ്രായവ്യത്യാസം വിവാഹത്തിന് അനുയോജ്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ബന്ധത്തിൽ ഭർത്താവാണ് മുതിർന്ന പങ്കാളി എന്ന വിശ്വാസം ആഴത്തിൽ വേരൂന്നിയതാണ്. പ്രത്യേകിച്ച് വീട്ടുകാർ നിശ്ചയിച്ചു നടത്തുന്ന വിവാഹങ്ങളിൽ.

എന്നാൽ, ഈ പരമ്പരാഗത മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും വിജയകരമായി മുന്നോട്ടു നീങ്ങുന്ന ബന്ധങ്ങളും സമൂഹത്തിലുണ്ടെന്ന് ഓർക്കണം. ബോളിവുഡ് നടൻ ഷാഹിദ് കപൂർ- മോഡൽ മീര രജ്പുത് (ഷാഹിദിന് 15 വയസ് കൂടുതൽ); നടി പ്രിയങ്ക ചോപ്ര - അമേരിക്കൻ ഗാനരചയിതാവ് നിക്ക് ജോനാസ് (പ്രിയങ്കയ്ക്ക് 10 വയസ് കൂടുതൽ); ഐശ്വര്യ റായ് - അഭിഷേക് ബച്ചൻ (ഐശ്വര്യയ്ക്ക് 3 വയസ് കൂടുതൽ); സച്ചിൻ ടെൻഡുൽക്കർ - അഞ്ജലി (അഞ്ജലിക്ക് 6 വയസ് കൂടുതൽ) എന്നിവർ ഉദാഹരണം.

ശാസ്ത്രം എന്താണ് പറയുന്നത്?

ഇക്കാലത്ത് പ്രണയവിവാഹങ്ങൾ വർധിച്ചുവരുന്നതോടൊപ്പം പ്രായവ്യത്യാസവും അത്ര പ്രധാനമല്ല എന്നു കരുതുന്നവർ ഏറെയാണ്. നേരേ മറിച്ച്, പരമ്പരാഗത ചിന്താഗതികൾ മുറുകെ പിടിക്കുന്ന ഒരു വിഭാഗവും ശക്തമായി തന്നെ നിൽക്കുന്നു.

ഈ വിഷയത്തിൽ ശാസ്ത്രത്തിനും ഒരു അഭിപ്രായമുണ്ട്- അതനുസരിച്ച്, വിവാഹം പരിഗണിക്കുമ്പോൾ പ്രായത്തെക്കാൾ കൂടുതൽ ശാരീരികവും മാനസികവുമായ പക്വതയാണ് പരിഗണിക്കേണ്ടത്.

1. ശാരീരികവും മാനസികവുമായ പക്വത

സാധാരണയായി പെൺകുട്ടികളാണ് ആൺകുട്ടികളെക്കാൾ വേഗത്തിൽ പക്വത പ്രാപിക്കുന്നത്. പെൺകുട്ടികളിൽ ഹോർമോൺ മാറ്റങ്ങൾ 7 വയസിനും 13 വയസിനും ഇടയിൽ ആരംഭിക്കുന്നു. ആൺകുട്ടികളിൽ ഇത് 9 നും 15 നും ഇടയിലാണ് ആരംഭിക്കുന്നത്. സ്ത്രീകൾ പുരുഷന്മാരേക്കാൾ നേരത്തെ വൈകാരിക സ്ഥിരതയും മാനസിക ധാരണയും വികസിപ്പിക്കുന്നുണ്ടെന്ന് ചുരുക്കം.

2. വിവാഹത്തിനുള്ള ശരിയായ പ്രായം

ഇന്ത്യയിൽ, പെൺകുട്ടികൾക്ക് 18 ഉം ആൺകുട്ടികൾക്ക് 21 ഉം ആണ് നിയമപരമായ വിവാഹ പ്രായം. അതായത്, ഭാര്യാഭർത്താക്കന്മാർക്കിടയൽ മൂന്ന് വയസിന്‍റെ വ്യത്യാസം പരോക്ഷമായെങ്കിലും നിയമപരമായി പോലും പ്രോത്സാഹിപ്പിക്കപ്പെടുന്നു.

ഇത് ശാസ്ത്രീയമായി കണക്കാക്കിയാൽ, ശാരീരിക പക്വതയെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നാൽ, യഥാർഥത്തിൽ വിവാഹം എന്നത് ശാരീരിക വളർച്ചയെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല, മറിച്ച് മാനസികവും വൈകാരികവുമായ പക്വതയും ഉൾപ്പെടുന്നുണ്ട്. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് മറ്റ് രാജ്യങ്ങളിൽ നിലനിൽക്കുന്ന വിവാഹത്തിനുള്ള പ്രായവ്യത്യാസം.

3. ആഗോള കാഴ്ചപ്പാട്

പാശ്ചാത്യ രാജ്യങ്ങളിലെ ദമ്പതികൾക്കിടയിൽ പ്രായം കൂടിയ സ്ത്രീയും പ്രായം കുറഞ്ഞ പുരുഷനും വ്യാപകമായി അംഗീകരിക്കപ്പെടുന്ന കാര്യമാണ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെക്കാൾ 24 വയസ് കൂടുതലാണ് ഭാര്യ ബ്രിജിത്തിന്.

അതേസമയം ഏഷ്യൻ സമൂഹങ്ങളുടെ പരമ്പരാഗത മാനദണ്ഡങ്ങൾ പ്രായം കൂടുതലുള്ള ഭർത്താക്കന്മാരെ അനുകൂലിക്കുന്നു.

വിവാഹത്തിൽ വൈകാരികവും ബൗദ്ധികവുമായ പക്വതയും പരിഗണിക്കപ്പെടുന്നു. അതിനാൽ, വിവാഹം എപ്പോൾ വേണമെന്ന തീരുമാനം വൈകാരികവും മാനസികവുമായ തയാറെടുപ്പുകൽ കൂടി പരിഗണിച്ചാകണം. കൂടാതെ, അനുയോജ്യമായ പ്രായവ്യത്യാസം രണ്ട് പങ്കാളികളുടെയും ശാരീരികമായും മാനസികമായും വൈകാരികമായും പക്വതയുടെ നിലവാരത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നാണ്.

4. പഠനങ്ങൾ പറയുന്നത്

5-7 വർഷത്തിൽ താഴെ പ്രായവ്യത്യാസമുള്ള വിവാഹങ്ങൾക്ക് ഉയർന്ന സംതൃപ്തിയും സ്ഥിരതയും ഉണ്ടാകുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതിൽ നിന്നുമാറി പ്രായവ്യത്യാസം 8-10 വർഷത്തിൽ കൂടുതലാണെങ്കിൽ, അഭിപ്രായവ്യത്യാസങ്ങളോ വേർപിരിയലോ വരെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പങ്കുവയ്ക്കുന്ന അനുഭവങ്ങളും ജീവിത ഘട്ടങ്ങളും ഒരുപോലെയായതിനാൽ കുറഞ്ഞ പ്രായവ്യത്യാസമുള്ള ദമ്പതികൾക്കിടയിൽ മികച്ച ധാരണ വളരുന്നു. എന്നിരുന്നാലും, ഇരുവർക്കുമിടയിലുള്ള മുൻഗണനകളിലും, ദീർഘകാല ലക്ഷ്യങ്ങളിലും വ്യത്യാസങ്ങളുണ്ടാകാനും ഇതു കാരണമാകാം.

മറുഭാഗത്ത്, പ്രായവ്യത്യാസം കൂടുതലുള്ള പങ്കാളിക്ക് പക്വതയും സ്ഥിരതയും കൊണ്ടുവരാൻ കഴിയുമെങ്കിലും, ഇത് ഇരുവർക്കുമിടയിലുള്ള എനർജി ലെവൽ വ്യത്യാസവും പ്രതീക്ഷകളിലെ വ്യത്യാസവും മൂലം വെല്ലുവിളികൾക്കു കാരണമാകാം.

അനുയോജ്യമായ പ്രായവ്യത്യാസം

അപ്പോൾ, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അനുയോജ്യമായ പ്രായവ്യത്യാസം എന്താണ്...? യഥാർഥത്തിൽ ഇതിനു വര വരച്ചപോലെ കൃത്യമായ ഉത്തരം പറയാനാകില്ല. സമൂഹവും ശാസ്ത്രവും ഒരു ചെറിയ പ്രായവ്യത്യാസം നിർദേശിക്കുമ്പോൾ, സ്നേഹം, പരസ്പര ബഹുമാനം, വൈകാരിക ബന്ധം എന്നിവ സംഖ്യകളെക്കാൾ പ്രധാനമാണെന്ന് പല യഥാർഥ ജീവിത ബന്ധങ്ങളും തെളിയിക്കുന്നുണ്ട്. ഭർത്താവ് പ്രായമുള്ളയാളായാലും, ഭാര്യ പ്രായമുള്ളയാളായാലും, അവർ ഒരേ പ്രായക്കാരായാലും, പരസ്പര ധാരണ, പങ്കിടുന്ന മൂല്യങ്ങൾ, വൈകാരിക പിന്തുണ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ദാമ്പത്യത്തിന്‍റെ വിജയം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി