ഇൻഡിഗോ ഫ്ലൈറ്റ് റദ്ദാക്കി; സ്വന്തം വിവാഹവിരുന്നിൽ ഓൺലൈനായി പങ്കെടുത്ത് ദമ്പതികൾ
ബംഗളൂരു: ഇൻഡിഗോ ഫ്ലൈറ്റുകൾ റദ്ദാക്കിയതോടെ സ്വന്തം വിവാഹി വിരുന്നിൽ ഓൺലൈനായി പങ്കെടുത്ത് ടെക്കി ദമ്പതികൾ. ഹുബ്ബള്ളി സ്വദേശിയായ മേധ ക്ഷീർസാഗർ, ഒഡീശ സ്വദേശിയായ സംഗമ എന്നിവരാണ് വിവാഹ വിരുന്നിനെത്തിയ അതിഥികൾക്കൊപ്പം ഓൺലൈനിൽ ചേർന്നത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഇരുവരുടെയും വിവാഹം നവംബർ 23ന് ഭുവനേശ്വറിൽ വച്ച് നടത്തിയിരുന്നു. വധുവിന്‍റെ നാട്ടിൽ ബുധനാഴ്ച വിരുന്ന് സംഘടിപ്പിക്കാനായിരുന്നു തീരുമാനം.
ഇതിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഫ്ലൈറ്റ് പ്രതിസന്ധി എല്ലാം തകിടം മറിച്ചു. ബംഗളൂരുവിലേക്ക് എത്തുന്നത് എളുപ്പമല്ലെന്ന് മനസിലാക്കിയതോടെയാണ് ദമ്പതികൾ ഓൺലൈനിൽ വിവാഹവിരുന്നിൽ പങ്കെടുക്കാമെന്ന് തീരുമാനിച്ചത്.
വധുവിന്‍റെ രക്ഷിതാക്കൾ അടക്കം 600 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹവേഷത്തിലാണ് ദമ്പതികൾ ഓൺലൈനായി വിഡിയോ കോളിലൂടെ അതിഥികളുമായി സംസാരിച്ത്.