മെസിക്ക് ലഭിച്ചത് റിച്ചാർഡ് മില്ലെ ആഡംബര വാച്ച്
ന്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ നാല് ദിവസം നീണ്ട ഇന്ത്യ സന്ദർശനത്തിനിടെ മെസിക്ക് ലഭിച്ച അപൂർവ ആഡംബര വാച്ചാണ് ശ്രദ്ധ നേടുന്നത്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നി പ്രമുഖ നഗരങ്ങളാണ് മെസി സന്ദർശിച്ചത്. ഇതിനിടെ പല പ്രമുഖരുമായി മെസി അടുത്തിടപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ പ്രമുഖ വ്യവസായ പ്രമുഖൻ മെസിക്ക് സമ്മാനിച്ചതാണ് ഈ സവിശേഷ വാച്ച്. 10.9 കോടി വിലമതിക്കുന്ന വാച്ചാണ് ഇതെന്നാണ് വിവരം. റിച്ചാർഡ് മില്ലെ RM 003-V2 GMT ടൂർബില്ലൺ ഏഷ്യ എഡിഷനിൽ ഉൾപ്പെട്ടതാണ് ഈ ഘടികാരം.
ആഗോളതലത്തിൽ തന്നെ 12 പീസുകളാണ് നിർമിച്ചിട്ടുള്ളത്.
അതിൽ ഒന്നാണ് ഈ എക്സ്ക്ലൂസീവ് വാച്ച്. ഇത് നിലവിലുള്ള ഏറ്റവും എക്സ്ക്ലൂസീവ് റിച്ചാർഡ് മില്ലെ മോഡലുകളിൽ ഒന്നാണ്. മണിക്കൂർ, മിനിറ്റ്, ഡ്യുവൽ ടൈം-സോൺ ഇൻഡിക്കേറ്റർ എന്നിവ പ്രദർശിപ്പിക്കുന്ന മാനുവൽ-വൈൻഡിംഗ് ടൂർബില്ലൺ മൂവ്മെന്‍റ് ഉൾപ്പെടെയുള്ള ശ്രദ്ധേയമായ സവിശേഷതകളാണ് ഈ എക്സ്ക്ലൂസീവ് വാച്ചിൽ ഉള്ളത്. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, വാച്ചിൽ ഒരു ഫംഗ്ഷൻ സെലക്ടർ, പവർ-റിസർവ് ഇൻഡിക്കേറ്റർ, ടോർക്ക് ഇൻഡിക്കേറ്റർ എന്നിവയും ഉണ്ട്. കറുത്ത കാർബൺ കേസും ടൈറ്റാനിയം ബേസ്പ്ലേറ്റുമുണ്ട്. ഇത് ഒരു സവിശേഷ വിഷ്വൽ ഇഫക്റ്റ് സൃഷ്ടിക്കുന്നു.
കൃത്യതയിൽ ഗുരുത്വാകർഷണത്തിന്‍റെ സ്വാധീനത്തെ ചെറുക്കുന്നതിനാണ് ടൂർബില്ലൺ മൂവ്മെന്‍റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്രൂണൈയിലെ സുൽത്താൻ ഹസനാൽ ബോൾക്കിയ, ഫോർമുല വൺ ഡ്രൈവർ മിക്ക് ഷൂമാക്കർ, മുൻ എഫ്‌ഐഎ പ്രസിഡന്‍റും ഫെരാരി ടീം പ്രിൻസിപ്പലുമായ ജീൻ ടോഡ് എന്നിവർ ഉൾപ്പെടെ ഏതാനും വിശിഷ്ട വ്യക്തികൾക്ക് മാത്രമാണ് ഈ എക്സ്ക്ലൂസീവ് റിച്ചാർഡ് മില്ലെ വാച്ച് ള്ളത്. ജോഹോർ കിരീടാവകാശി തുങ്കു ഇസ്മായിൽ ഇബ്‌നി സുൽത്താൻ ഇബ്രാഹിം, വാച്ച് നിർമാതാവ് കരി വൗട്ടിലൈനൻ എന്നിവരും ഓരോ പീസ് വീതം സ്വന്തമാക്കിയിട്ടുണ്ട്.