ഹണിക്രീപ്പർ 
Lifestyle

പക്ഷികളെ രക്ഷിക്കാൻ കൊതുക്; ഹവായ് ദ്വീപിന്‍റെ നൂതന മാർഗം

നീണ്ട കൊക്കും മനോഹരമായ നിറവുമുളള ചെറുപക്ഷികളാണു ഹണിക്രീപ്പറുകൾ

Renjith Krishna

ന്യൂയോർക്ക്: വിഷവും ചിലപ്പോൾ മരുന്നാകുമെന്നു പഴഞ്ചൊല്ല്. ഇത് അനുഭവിച്ചറിയുകയാണ് യുഎസിലെ ഹവായ് ദ്വീപ്. രോഗം പരത്തുന്നതിനാൽ നാം ഇല്ലാതാക്കാൻ ശ്രമിക്കുന്ന കൊതുകുകളാണ് ഇന്നു ഹവായ് ദ്വീപിന്‍റെ ജൈവവൈവിധ്യത്തിനു സംരക്ഷകർ. ഓരോ ആഴ്ചയും ഇവിടെ ഹെലികോപ്റ്ററിലെത്തിച്ച് തുറന്നുവിടുന്നത് രണ്ടര ലക്ഷം കൊതുകുകളെ. ഹണിക്രീപ്പർ എന്നറിയപ്പെടുന്ന അപൂർവയിനം പക്ഷികളുടെ വംശനാശം ഒഴിവാക്കാനുള്ള അവസാന ശ്രമമാണ് കൊതുകുകളെ ഉപയോഗിച്ചുള്ള ഈ പരീക്ഷണം.

നീണ്ട കൊക്കും മനോഹരമായ നിറവുമുളള ചെറുപക്ഷികളാണു ഹണിക്രീപ്പറുകൾ. 1800കളിൽ കൊതുകുകളിൽ നിന്ന് മലമ്പനി ബാധിച്ച് ഇവ കൂട്ടത്തോടെ ചത്തൊടുങ്ങി. അമ്പതോളം വ്യത്യസ്ത വിഭാഗങ്ങളുണ്ടായിരുന്നു ഹണിക്രീപ്പർ കുടുംബത്തിൽ. 33 വിഭാഗങ്ങൾ ഇപ്പോഴില്ല. അവശേഷിക്കുന്നവയും വംശനാശ ഭീഷണിയിലാണ്. മലേറിയ ബാധിച്ച കൊതുകിന്‍റെ ഒരു കുത്ത് മതി ഹണിക്രീപ്പറുകൾ ഓർമമാത്രമാകാൻ. ഇതു മുന്നിൽക്കണ്ടാണ് വ്യത്യസ്തമായ പരീക്ഷണം.

പ്രത്യുത്പാദനം നിയന്ത്രിക്കുന്ന വോൾബാഷിയ എന്ന ബാക്റ്റീരിയയുടെ സാന്നിധ്യമുള്ള ആൺകൊതുകുകളെയാണ് ഹവായ് ദ്വീപിൽ അധികൃതർ ഓരോ ആഴ്ചയും തുറന്നുവിടുത്. ഇവയോട് ഇണചേരുന്ന ദ്വീപിലെ പെൺകൊതുകുകൾ മുട്ടയിടില്ല. ഫലത്തിൽ പുതിയ കൊതുകുകൾ ഉണ്ടാവില്ല. അങ്ങനെ ദ്വീപ് തത്കാലത്തേക്കെങ്കിലും കൊതുകുരഹിതമാകും.

2018വരെ 450ലേറെ എണ്ണമുണ്ടായിരുന്നു ഹണിക്രീപ്പറിലെ കവായ് ക്രീപ്പർ എന്ന ഇനം. ഇപ്പോൾ അവശേഷിക്കുന്നത് ഒരെണ്ണം. കൊതുകുനശീകരണത്തിന് ഉപയോഗിച്ച കീടനാശിനി ഹണിക്രീപ്പർ ഉൾപ്പെടെ പക്ഷികളെയും ബാധിച്ചു. ഇതോടെയാണ്, നൂതന മാർഗം പരീക്ഷിക്കാൻ തീരുമാനിച്ചത്. യുഎസ് നാഷണൽ പാർക്ക് സർവീസ്, ഹവായ് സംസ്ഥാനം, മോയി ഫോറസ്റ്റ് ബേഡ് റിക്കവറി പ്രോജക്റ്റ് എന്നിവ ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഫലം വൈകാതെ അറിയാമെന്ന് അധികൃതർ. ഫലപ്രദമെങ്കിൽ ലോകത്തിനു ഹണിക്രീപ്പറുകളെ തിരിച്ചുകിട്ടും.

അധ്യാപക നിയമന‌ത്തിന് ഇനി കെ-ടെറ്റ് നിർബന്ധം; എം.എഡ്, പിഎച്ച്ഡികാർക്കും ഇളവില്ല

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ‍്യൂറോ

"ഇടതുപാർട്ടികളുടെ നട്ടെല്ല് ഈഴവർ അടക്കമുള്ള പിന്നാക്ക സമുദായം"; സിപിഐ മൂഢ സ്വർഗത്തിലെന്ന് വെള്ളാപ്പള്ളി

മതവികാരം വ്രണപ്പെടുത്തുന്നു; സുവർണ കേരളം ലോട്ടറി ടിക്കറ്റിലെ ചിത്രത്തിനെതിരേ ലോട്ടറി ഡയറക്റ്റർക്ക് വക്കീൽ നോട്ടീസ്

സീസൺ ടിക്കറ്റ് ഇനി മുതൽ 'റെയിൽ റൺ' ആപ്പ് വഴി