ഡോ. എൻ.സി. ഉണ്ണികൃഷ്ണൻ (കൊച്ചി കണയന്നൂർ താലൂക് യൂണിയൻ പ്രസിഡന്‍റ്)
ഒക്ടോബർ 31 നായർ സർവീസ് സൊസൈറ്റി പതാകദിനമായി ആഘോഷിക്കുകയാണ്. കേരളത്തിലെ സാമൂഹ്യ സംസ്കാരിക നവോത്ഥാന മേഖലയിൽ നിർണായകമായ ശക്തിയായി മാറിയ നായർ സർവീസ് സൊസൈറ്റി 1914 ഒക്ടോബർ 31 ന് സ്ഥാപിതമായതിന്‍റെ സ്മരണ പുതുക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 31 പതാക ദിനമായി ആഘോഷിക്കുന്നത്. 1914 ഒക്ടോബർ 31ന് ചങ്ങനാശ്ശേരി പെരുന്നയിലെ മന്നത്ത് ഭവനത്തിൽ സമുദായാചാര്യനും മറ്റ് 13 പേരും ചേർന്ന് പ്രതിജ്ഞ ചൊല്ലി നായർ സർവീസ് സൊസൈറ്റിക്ക് രൂപം കൊടുത്തു.
പ്രാചീന കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളിൽ ഒന്നായിരുന്നു നായർ സമുദായം. നമ്പൂതിരി സമുദായവും ക്ഷത്രിയ സമുദായവുമായിരുന്നു മറ്റു രണ്ടെണ്ണം. ജാതി ശ്രേണിയിൽ താഴെയായിരുന്നുവെങ്കിലും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ മറ്റുള്ളവർക്ക് തുല്യമോ അതിൽ കൂടുതലോ ആയ പ്രഭാവവും കരുത്തും നായർ സമുദായത്തിന് ഉണ്ടായിരുന്നു. ജനസംഖ്യയിൽ നായർ സമുദായം ഇതര സമുദായങ്ങളേക്കാൾ ബഹുദൂരം മുമ്പിലായിരുന്നു താനും. നമ്പൂതിരിമാർ പുരോഹിതന്മാരും ക്ഷത്രിയന്മാർ രാജാക്കന്മാരും ആയിരുന്നുവെങ്കിൽ നായന്മാർ പടയാളികളും കർഷകരും ആയിരുന്നു. മൂന്ന് കൂട്ടരും കൂടിയാണ് രാജ്യത്തിനും സമൂഹത്തിനും നേതൃത്വം നൽകിയിരുന്നത്. ഭൂമി ഒട്ടുമുക്കാലും നായന്മാരുടെ അധീനതയി ലായിരുന്നു രാജ്യസേവനത്തിലും രാജ്യരക്ഷ യിലും നായന്മാർക്ക് പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. രാജാക്കന്മാരുടെ സൈനിക പ്രവർത്തനങ്ങളും ഭരണനിർവഹണവും നീതിന്യായ പരിപാല നവും നായന്മാരുടെ സ്വാധീനപരിധിയിലായിരുന്നു. ആയോധന സ്വഭാവമാണ് ഒട്ടും അവഗണിക്കാനാവാത്ത രാഷ്ട്രീയ പ്രാധാന്യം അവർക്ക് നേടിക്കൊടുത്തത് രാജാക്കന്മാരും നാടുവാഴി കളും അധികാര സ്ഥാപനത്തിന് നായർ സൈന്യത്തെ ആശ്രയിച്ചിരുന്നതിനാൽ നായന്മാർ രാഷ്ട്രീയമായി ഏറ്റവും സ്വാധീനശക്തിയുള്ള സമുദായമായി തീർന്നു.
പക്ഷേ, പാശ്ചാത്യരുടെ ആഗമനത്തോടു കൂടി ബ്രിട്ടീഷുകാർ ആധിപത്യം ഉറപ്പിച്ച പ്പോൾ രാജാക്കന്മാർ അവരുടെ തണലിലും ഔദാര്യത്തിലും ആശ്രിതഭാവേന രാജ്യഭരണം നിർവഹിക്കുന്നവർ മാത്രമായി തരംതാണു. നായന്മാരുടെ നാട്ടുകൂട്ടങ്ങൾ ശിഥിലമാവുകയും രാജ്യരക്ഷയ്ക്ക് ആവശ്യമായ സൈന്യ രൂപീകരണവും സൈനിക പരിശീലനവും സർക്കാരിന്‍റെ മാത്രം ചുമതലകൾ ആയി മാറുകയും ചെയ്തു. പക്ഷേ ഇതിൻ്റെ അനന്തരഫലം കൃഷിയിൽ നിന്നുള്ള ആദായം കൊണ്ട് മാത്രം ജീവിതം തള്ളി നീക്കാൻ നായന്മാർ നിർബന്ധിതരായി. ഇത് സാമ്പത്തികമായ അവശതയ്ക്ക് വഴിതെളിച്ചു.
സുദീർഘകാലമായി നായന്മാരുടെ ഇടയിൽ നിലനിന്നിരുന്ന കൂട്ടുകുടുംബ വ്യവ സ്ഥിതിയും മരുമക്കത്തായ സമ്പ്രദായവും അപചയിച്ചു തുടങ്ങി എന്നുള്ളതാണ് മറ്റൊരു പ്രധാന പ്പെട്ട കാര്യം.സുഖലോലുപതയും പ്രയത്നവൈമുഖ്യവും അലസതയും നായന്മാരുടെ അവസ്ഥ കൂടുതൽ ശോചനീയമാക്കി. കൈനിക്കര ഗോവിന്ദ പിള്ളയുടെ മരണാനന്തര കർമ്മങ്ങളിൽ സംബന്ധിച്ച പെരുന്ന കിഴക്കുംഭാഗം കരയിലെ നായന്മാർ അദ്ദേഹത്തിൻ്റെ ആശയാഭിലാഷങ്ങളുടെ പൂർത്തീകരണത്തിനായി ഒരു നായർ സമാജത്തിനു അവിടെ വെച്ച് തന്നെ തീരുമാനിച്ചു. കൊല്ലവർഷം 1086 ൽ ( ക്രി.വ. 1910) ആയിരുന്നു അത്. സമാജത്തിന്‍റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് അന്നു വക്കീലായി പ്രാക്ടീസ് ചെയ്തുകൊണ്ടി രുന്ന മന്നത്തു പത്മനാഭപിള്ളയായിരുന്നു. മാസത്തിലൊരിക്കലോ രണ്ടു പ്രാവശ്യമോ യോഗങ്ങൾ കൂടുക, പ്രഭാഷണങ്ങൾ നടത്തുക, ഇതൊക്കെയായിരുന്നു പ്രധാന പരിപാടികൾ. ഇത്രയും കൊണ്ട് കാര്യമായ ഒരു നേട്ടവും ഉണ്ടാവുകയില്ലെന്ന് സെക്രട്ടറിക്ക് ക്രമേണ ബോധ്യമായി. നായർ സമാജത്തിനൊരു മന്ദിരം എന്ന ആശയം പൊന്തിവന്നത് ഈ സാഹചര്യത്തിലായിരുന്നു.തീർത്ഥപാദ പരമഹംസ സ്വാമികൾ നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ അദ്ദേഹം തന്നെ മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചു ദിവാൻ ബഹദൂർ എ ഗോവിന്ദപ്പി ള്ളയാണ് മന്ദിരത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചത് നായന്മാരുടെ രണ്ടാമത്തെ സമാജ മന്ദിരമാണ് പെരുന്നയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. പത്തനംതിട്ട ജില്ലയിലെ അയിരൂർ ദേശത്താണ് ഒന്നാമത്തെ സമാജമന്ദിരം സ്ഥാപിതമായത്. അയിരൂർ കരക്കാർ കൊല്ലവർഷം 1085 ൽ തന്നെ ഒരു നായർ സമാജം രജിസ്റ്ററാക്കി പ്രവർത്തനമാരംഭിക്കുകയും, കൊല്ലവർഷം 1088 മുതൽ സമാജത്തിന്‍റെ നേതൃത്വത്തിൽ അയിരൂർ ചെറുകോൽപ്പുഴ മണപ്പുറത്ത് പന്തലിട്ട് ആധ്യാത്മിക പ്രഭാഷണ പരമ്പരകൾക്ക് തുടക്കമിടുകയും ചെയ്തു. സദാനന്ദ സ്വാമികൾ, മഹാ പ്രസാദ സ്വാമികൾ, ദയാനന്ദ സ്വാമികൾ, തീർത്ഥപാദ പരമഹംസസ്വാമികൾ തുടങ്ങിയവർ അവിടെ പ്രഭാഷകന്മാരായിരുന്നു 1087 മേടം 29, സമാജമന്ദിരത്തിന്റെ ഉദ്ഘാടനം സദാനന്ദ സ്വാമികളാൽ നിർവഹിക്കപ്പെട്ടത്.
നായർ സമാജ മന്ദിര രൂപീകരണം നടന്ന ആത്മവിശ്വാസത്തിന്‍റെ അനന്തരഫലം ആയിട്ടാണ് ചങ്ങനാശ്ശേരി താലൂക്ക് അടിസ്ഥാനത്തിൽ സമാജ പ്രവർത്തനങ്ങൾ വിപുലമാക്ക ണമെന്ന് ആഗ്രഹം ഉയർന്നുവന്നത്. ഇതിന് സഹായകമായി യാദൃശ്ചികമായി ആണെങ്കിലും ചില സംഭവങ്ങൾ ഉണ്ടാവുകയും ചെയ്തു മഹാരാജാവിന്‍റെ തിരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് കൊല്ലവർഷം 1089 - ൽ ചങ്ങനാശ്ശേരിയിൽ നടത്തപ്പെട്ട സമ്മേളന പരിപാടിയിൽ നായർ സമുദായത്തെ അവഗണിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു. ഈ അവഗണനക്ക് കീഴടങ്ങാൻ തയ്യാറല്ലെന്നും മേലാൽ തങ്ങൾ പ്രത്യേകമായി തിരുനാൾ ആഘോഷം നടത്തുമെന്നും പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം സമ്മേളനങ്ങളിൽ നിന്ന് ഇറങ്ങിപ്പോന്നു. അവർ നേരെ പോയത് പെരുന്ന നായർ സമാജ മന്ദിരത്തിലേക്കായിരുന്നു. അടുത്ത വിജയദശമി ദിനത്തിൽ തങ്ങളുടേതായ തിരുന്നാൾ ആഘോഷ പരിപാടികൾ നടത്താൻ തീരുമാനമെടുത്തു. കുമാര പിള്ളയുടെ അധ്യക്ഷതയിൽ വിജയദശമി നാളിൽ പ്രതീക്ഷിച്ചതിലേറെ ഭംഗിയായി തിരുനാൾ ആഘോഷിച്ചു. ചങ്ങനാശ്ശേരി താലൂക്ക് നായർസമാജം ചങ്ങനാശ്ശേരി എൻ.എസ്.എസ്. യൂണിയനായി പരിണമിച്ചതിനു ശേഷവും വിജയ ദശമി നായർ സമ്മേളനം നടത്തുന്ന പതിവിന് ഇന്നും മാറ്റം വരുത്തിയിട്ടില്ല.
താലൂക്ക് നായർ സമാജം എന്ന പേരിൽ ഒന്നാമത് ഉണ്ടായ ഈ നായർ സമാജമാണ് നായർ ഭൃത്യജന സംഘത്തിനും തുടർന്നുണ്ടായ നായർ സർവീസ് സൊസൈറ്റിക്കും ബീജാവാപം ചെയ്തത്. 1090 മിഥുനം 27ന് ചേർന്ന യോഗത്തിൽ ഹാജരായിരുന്ന അംഗങ്ങളുടെ ഏക അഭിപ്രായപ്രകാരം നായർ സമുദായ പ്രത്യയ ജനസംഘം നായർ സർവീസ് സൊസൈറ്റിയായി പേര് മാറ്റി.
നായർ സർവീസ് സൊസൈറ്റി എന്ന മഹാ പ്രസ്ഥാനത്തിന്‍റെ ബ്രഹ്മാവും വിഷ്ണുവും ആയിരുന്നു മന്നത്തു പത്മനാഭൻ. താൻ സൃഷ്ടിച്ച സംരക്ഷിച്ചു പോന്ന ആ പ്രസ്ഥാനവുമായി അദ്ദേഹം അതിഗാഢമായി താദാത്മ്യം പ്രാപിച്ചിരുന്നു. സൃഷ്ടിക്കും സൃഷ്ടാവിനും ഏതാണ്ട് അഭേദാവസ്ഥ തന്നെ. നായർ സർവീസ് സൊസൈറ്റിയുടെ ചരിത്രം എന്നാൽ മന്നത്താചാര്യന്‍റെ ചരിത്രം എന്നു തന്നെയാണ് അർത്ഥം. മന്നം എന്നാൽ എൻ.എസ്.എസ്. എന്നും, എൻ.എസ്.എസ്. എന്നാൽ മന്നം എന്നും തോന്നിപ്പോകുന്ന അവസ്ഥ. ആ സ്ഥിതിക്ക് എൻ.എസ്.എസിന്‍റെ ചരിത്രം എന്നാൽ ആചാര്യന്‍റെ ചരിത്രം എന്നുതന്നെയാണ് അർത്ഥം. സമുദായാചാര്യൻ തുടങ്ങി വച്ച സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾ അതിൻ്റെ പൂർണതയിലെത്തിക്കുന്നതിന് 110-ാമത് പതാകദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.