ഓർഡർ ചെയ്തത് ലാപ്ടോപ്പ്, കിട്ടിയത് ടീഷർട്ട്; PayTM നഷ്ടപരിഹാരം നൽകണം

 
Lifestyle

ഓർഡർ ചെയ്തത് ലാപ്ടോപ്പ്, കിട്ടിയത് ടീഷർട്ട്; PayTM നഷ്ടപരിഹാരം നൽകണം

ഇ-കൊമേഴ്‌സ് സ്ഥാപനമായ PayTM Mall 49000 ഉപയോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Local Desk

കൊച്ചി: ലാപ്ടോപ്പ് വാങ്ങുന്നതിനായി നൽകിയ ഓൺലൈൻ ഓർഡറിൽ വിലകുറഞ്ഞ ടീഷർട്ട് ലഭ്യമാക്കിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ PayTM Mall 49000 ഉപയോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം പെരുമ്പാവൂർ സ്വദേശിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സയന്‍റിസ്റ്റുമായ ഡോ. ജിജോ അന്ന ഗീവർഗീസ്, PayTM e-Commerce നെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2021 ജൂൺ മാസത്തിലാണ് ലെനോവോ കമ്പനിയുടെ ലാപ്ടോപ്പ് വാങ്ങാൻ ഓർഡർ നൽകിയത്. എന്നാൽ, എതിർകക്ഷിയായ സ്ഥാപനം ലാപ്ടോപ്പിനു പകരമായി ഗുണനിലവാരം കുറഞ്ഞ ടീഷർട്ടാണു നൽകിയത്. ഫോട്ടോഗ്രാഫ് ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം എതിർക്കക്ഷി കസ്റ്റമർ കെയറിനെ സമീപിച്ചെങ്കിലും തിരിച്ചെടുക്കൽ അപേക്ഷ മതിയായ കാരണം കാണിക്കാതെ നിരസിക്കുകയായിരുന്നു.

ഇ-കൊമോഴ്സ് സ്ഥാപനത്തിനു നൽകുന്ന പരാതികൾ 48 മണിക്കൂറിനകം കൈപ്പറ്റി അറിയിപ്പ് (Acknowledgement) നൽകേണ്ടതും, ഒരു മാസത്തിനകം പരാതിയിൽ പരിഹാരം ഉണ്ടാക്കേണ്ടതുമാണെന്ന ചട്ടം എതിർകക്ഷികൾ ലംഘിച്ചുവെന്ന് കമ്മീഷൻ വിലയിരുത്തി. 2020ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഇ കൊമേഴ്സ് ചട്ടപ്രകാരം, വാങ്ങുന്ന ഉത്പന്നത്തെക്കുറിച്ച് കൃത്യമായ വിവരവും സുതാര്യമായ നടപടിക്രമങ്ങളും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള ബാധ്യത എതിർകക്ഷികൾക്കുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

തെറ്റായതും വില കുറഞ്ഞതുമായ ഉത്പന്നം നൽകിയെന്ന പരാതി സമയബന്ധിതമായി പരിഹരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് എതിർകക്ഷി വരുത്തിയതെന്ന് ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വിലയിരുത്തി.

ലാപ്ടോപ്പിന്‍റെ വിലയായി പരാതിക്കാരൻ നൽകിയ 28,990 രൂപ തിരിച്ചു നൽകണമെന്നും 15,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും 45 ദിവസത്തിനകം പരാതിക്കാരനു നൽകണമെന്നും എതിർ കക്ഷികൾക്ക് കോടതി ഉത്തരവ് നൽകി. അഡ്വ. അശ്വിൻ കുമാർ പരാതിക്കാരിക്കു വേണ്ടി ഹാജരായി.

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

"ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും"; നിലവിലെ സാഹചര‍്യം അനുകൂലമെന്ന് ദിയാ കുമാരി

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്