അവതാരങ്ങൾ നേർക്കുനേർ|രാമായണ ചിന്തകൾ - 8

 
Ramayanam

അവതാരങ്ങൾ നേർക്കുനേർ|രാമായണ ചിന്തകൾ - 8

ഓരോ അവതാരങ്ങൾക്കും ഓരോരോ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഓരോ മനുഷ്യനും അവനവന്‍റേതായ ജന്മലക്ഷ്യങ്ങൾ ഉള്ളതുപോലെ തന്നെ

വെണ്ണല മോഹൻ

ഒരാളുടെ ജന്മോദ്ദേശ്യം കഴിഞ്ഞാൽ അടുത്ത ആൾക്ക് വഴിമാറുക. അതാണു വേണ്ടത്. പറ്റുമെങ്കിൽ സമൂഹ നന്മയ്ക്കായി താൻ ആർജിച്ചതെല്ലാം മറ്റൊരാൾക്കു കൈമാറുക. അയാളുടെ മേൽഗതിക്കു ഗുണകരമായി അതു തീരുമല്ലോ!

സീതാപരിണയം കഴിഞ്ഞ് ശ്രീരാമചന്ദ്രൻ മടങ്ങുമ്പോഴും ഇതുതന്നെയാണുണ്ടായത്. പക്ഷേ, ഏറെ നാടകീയമായി ആ മുഹൂർത്തം എന്നു മാത്രം! അവതാരങ്ങളിൽ പരശുരാമൻ കഴിഞ്ഞാണ് ശ്രീരാമൻ വരുന്നത്.

അവതാരം തന്നെ മറ്റൊരു രൂപത്തിൽ നമുക്കു വീക്ഷിക്കാം. ഓരോ അവതാരങ്ങൾക്കും ഓരോരോ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഓരോ മനുഷ്യനും അവനവന്‍റേതായ ജന്മലക്ഷ്യങ്ങൾ ഉള്ളതുപോലെ തന്നെ.

വേദങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയ ഹയഗ്രീവാസുരനെ വധിക്കാനും ഭക്തനായ വൈവസ്വത മനുവിന് മോഷണം നൽകാനുമായി മത്സ്യാവതാരം. അമൃത മഥനത്തിൽ താഴ്ന്നുപോയ മന്ദര ഉയർത്താൻ കൂർമാവതാരം. ഹിരണ്യാക്ഷനെ കൊല്ലാനായി വരാഹാവതാരം. ഹിരണ്യകശിപുവിനെ നിഗ്രഹിക്കാൻ നരസിംഹാവതാരം. മഹാബലിയുടെ അഹങ്കാരം തീർക്കാൻ വാമനാവതാരം. കാർത്തവീര്യൻ തുടങ്ങിയവരെ നിഗ്രഹിച്ചു ധർമ സംരക്ഷണത്തിനായി പരശുരാമാവതാരം. രാവണാദി ദുഷ്ടരെ കൊല്ലാൻ ശ്രീരാമാവതാരം. പ്രലംബാസുരാദികളെ നിഗ്രഹിക്കാൻ ബലരാമാവതാരം.

കംസാദി ദുഷ്ടരെ നിഗ്രഹിക്കാൻ ശ്രീകൃഷ്ണാവതാരം. കലിയുഗാവസാനത്തിലോ കല്ക്കി അവതാരവും!

ഈ അവതാര കഥകൾ നമുക്ക് ആസ്വദിക്കാനും അതിലെ ഗുണപാഠത്താൽ മനസിനെ ശുദ്ധീകരിക്കാനും ഭക്തിയാൽ മുക്തി നേടാനും സഹായിച്ചേക്കാം. എന്നാൽ ഇതെല്ലാം മനസായും ലോകമായും ചേർത്തു നിരൂപിച്ച് ഓർത്തെടുക്കുമ്പോൾ ലഭിക്കുന്നത് ഉൾപ്രകാശമാണ്. അതേപോലെ തന്നെ, പരിണാമ സിദ്ധാന്തമായോ ജീവചക്രമായോ നമുക്ക് ഇതെല്ലാം കാണാൻ ശ്രമിക്കാം.

അപ്പോൾ, മത്സ്യാവതാരം എന്നത് ജലത്തിൽ ആദ്യ ജീവനുണ്ടാകുന്നു, ജലത്തിലും കരയിലും ജീവിക്കുന്ന ജീവിയായ കൂർമം (ആമ) ഉണ്ടാകുന്നതു പിന്നീട്. മൃഗങ്ങളിലേക്കു പരിണാമം നടന്ന് വരാഹം (പന്നി) ഉണ്ടാകുന്നു. അതിനുശേഷം മനുഷ്യനും മൃഗവും ചേർന്ന ജീവിയായ നരസിംഹം. തുടർന്ന് പൊക്കം കുറഞ്ഞ മനുഷ്യനായ വാമനൻ. പിന്നെ ആയുധം ഉപയോഗിക്കുന്ന നരൻ പരശുരാമൻ. അടുത്തതു പൂർണ മനുഷ്യനായി ശ്രീരാമചന്ദ്രനും കൃഷി ചെയ്യുന്ന മനുഷ്യനായി ബലരാമനും നയവും ബുദ്ധിയും ഒരുപോലെ ചേർന്ന ശ്രീകൃഷ്ണനുമാണെങ്കിൽ, ഒടുവിൽ, മനുഷ്യ മനസിനെ നിർമലമാക്കാൻ കലിയും അവതരിക്കുന്നു. അങ്ങനെയും ചിന്തിച്ചു കൂടേ?!

സീതാ പരിണയം കഴിഞ്ഞ് ശ്രീരാമനും പരശുരാമനും നേരിട്ട് കാണുന്ന മുഹൂർത്തം. ആയുധമേന്തിയ മനുഷ്യനും ബുദ്ധിപൂർണനായ മനുഷ്യനും തമ്മിൽത്തമ്മിൽ കാണുന്നു എന്നും പറയാം. ദശരഥ മഹാരാജ വിനീതനായി പറയുന്നുണ്ട്.'

"ആർത്തനായ പംക്തിരഥൻ

ഭാർഗവ രാമൻ തന്നെ

പേർത്തു വന്ദിച്ചു ഭക്ത്യാ

കീർത്തിച്ചു പലതരം.

പരിത്രാഹി മാം പരിപാലകുലം മമ.

കാത്തു കൊള്ളുക തപോവാരിധേ'.

എത്ര പറഞ്ഞിട്ടും ചെവി കൊള്ളാതെ പരശുരാമൻ ക്രൂദ്ധനായി ചോദിക്കുന്നത്,

"ഞാനൊഴിഞ്ഞുണ്ടോ

രാമ‌നീ ത്രിഭുവനത്തിങ്കൽ?'

എന്നാണ്.

എന്നാൽ, ക്രോധത്തോടെ വരുന്ന ആയുധധാരിയോട് എന്തു ചെയ്യണം, പറയണം എന്ന് ബുദ്ധിപൂർവം മനസിലാക്കിയ ശ്രീരാമൻ

"ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മക്കൾ

വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ

ആശ്രയം അവർക്കെന്തോന്നുള്ളതു തപോനിധേ...'

എന്ന നയപൂർവമുള്ള ഇടപെടലാണ് നടത്തിയത്.

ലക്ഷ്മണോപദേശത്തിലെ വരികൾ ഓർക്കുക.

"ക്രോധം മൂലം മനസ്താപമുണ്ടായ് വരും---

സന്തോഷമാകുന്നതു നന്ദനം വനം

സന്തതം ശാന്തിയെ കാമസുരഭി കേൾ'.

ക്രോധം സങ്കടത്തെ മാത്രമേ നൽകൂ എന്ന് ലക്ഷ്മണനെ പിന്നീട് ഉപദേശിച്ചിട്ടുള്ള ശ്രീരാമൻ ഇവിടെ ആ ഗുണം പ്രകടമാക്കുകയാണ്.

അതിനുമപ്പുറം സുജനർ മനസിലാക്കേണ്ടത് ക്രോധവുമായി വരുന്ന ആളുടെ അടുത്ത് എന്തു നിലപാടാണു നാം സ്വീകരിക്കേണ്ടത് എന്ന കാര്യമാണെന്ന് ഉറപ്പിച്ച് പറയാനാകും! ശ്രീരാമൻ ഓരോ വാക്കിലും വിനയവും താഴ്മയും പ്രതിഫലിപ്പിച്ചുകൊണ്ട് "ഞാൻ ഒഴിഞ്ഞുണ്ടോ രാമൻ' എന്ന ചോദ്യത്തിന് അദ്ദേഹത്തെ മഹാനായി വാഴ്ത്തി അസ്ത്രശസ്ത്രാദി വിദ്യകളിൽ അത്ര പിടിപാടില്ല തനിക്ക് എന്നു പറഞ്ഞുകൊണ്ട്, പരശുരാമൻ വെല്ലുവിളിച്ച വില്ല് ശ്രീരാമചന്ദ്രൻ വാങ്ങുന്നു, കുലയ്ക്കുന്നു! അതോടെ പരശുരാമൻ വിനീതനാകുകയാണ്.

കോപിക്കുന്നവരുടെ അടുത്ത് കോപിക്കുകയല്ല വേണ്ടതെന്ന തത്വമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. സമകാലിക ജീവിതത്തിൽ തന്നെ ശ്രദ്ധിച്ചു വീക്ഷിച്ചാൽ നമുക്കറിയാം, ഒരാളുടെ ജീവിതോദ്ദേശ്യം കഴിഞ്ഞാൽ മടങ്ങിപ്പോവുകയാണ് വേണ്ടതെന്ന്! തൊഴിലിടങ്ങളിൽ പോലും ഒരു കാലം കഴിഞ്ഞാൽ അടുത്ത അധികാരിക്കു സ്ഥലം ഒഴിഞ്ഞു കൊടുക്കാനും താൻ ആർജിച്ച കഴിവ് വരുന്നവർക്കു നൽകാനും ബാധ്യസ്ഥരാണ്. ആ ബാധ്യതയാണ് ഇവിടെ തീരുന്നത്, പൂർത്തീകരിക്കുന്നത്. ഈ സന്ദർഭ തത്വം കാലത്തോടു മാത്രമല്ല, എക്കാലത്തും ചേർന്നു നിൽക്കുന്ന ഒന്നാണെന്ന് മനസിലാക്കാം!

(നാളെ: സ്ത്രീ പ്രസക്ത തന്നെ)

ജയിൽ സുരക്ഷയിൽ പാളിച്ച; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

കോൺഗ്രസ് അവഗണനയ്ക്കിടെ തരൂർ ക്രൈസ്തവ സഭാ വേദികളിലേക്ക്

ശബരിമലയിലേക്ക് ഇനി മിൽമയുടെ നെയ്യ്

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിൽ അടച്ചില്ല, സ്കൂളിലെ ഫ്യൂസ് ഊരി കെഎസ്ഇബി; എംഎൽഎ ഇടപെട്ട് പ്രശ്നപരിഹാരം

ആശമാർക്ക് ആശ്വാസമായി കേന്ദ്രം; ഇന്‍സന്‍റീവ് വര്‍ധിപ്പിച്ചു