രാവണസഭയിലെ ഹനുമാൻ.

 

AI

Ramayanam

അംഗദന്‍റെ ചിന്തകളിലൂടെ...

രാമായണ കാവ്യത്തിലെ വാനര ജാതിയിൽ ഭക്ത ഹനുമാനാണു പ്രഥമ ഗണനീയൻ. സഹോദരന്മാരായ ബാലി- സുഗ്രീവന്മാരെ തുടർന്നു പരിഗണിക്കുന്നു. ഇവർക്കു ശേഷം വായനക്കാരുടെ ശ്രദ്ധയിൽപ്പെടുന്ന കപികുലജാതനാണ് അംഗദൻ.

MV Desk

ഡോ. പി. ഉഷാറാണി

കാലമെത്ര പുരോഗമിച്ചാലും ശാസ്ത്ര സാങ്കേതിക വിദ്യകൾ വളർന്നാലും സമൂഹം കാഴ്ചപ്പാടിൽ വികാസം പ്രാപിച്ചാലും ചില വസ്തുതകളുടെ പ്രസക്തി കാലാതിവർത്തിയായി നിലനിൽക്കുമെന്നു തെളിയിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. രാമായണ- മഹാഭാരത ഇതിഹാസങ്ങളിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളുമാണവ.

തിര്യക്കുകൾക്കും മനുഷ്യനും തുല്യപ്രാധാന്യമുള്ള രാമായണ കാവ്യത്തിലെ വാനര ജാതിയിൽ ഭക്ത ഹനുമാനാണു പ്രഥമ ഗണനീയൻ. സഹോദരന്മാരായ ബാലി- സുഗ്രീവന്മാരെ തുടർന്നു പരിഗണിക്കുന്നു. ഇവർക്കു ശേഷം വായനക്കാരുടെ ശ്രദ്ധയിൽപ്പെടുന്ന കപികുലജാതനാണ് അംഗദൻ. കിഷ്കിന്ധയിലെ രാജാവായിരുന്ന ബാലിയുടെയും താരയുടെയും മകൻ.

ശത്രുക്കളായി മാറിയ ബാലി- സുഗ്രീവന്മാരിൽ രാമസഖ്യം സിദ്ധിച്ച സുഗ്രീവനോടു സീതാന്വേഷണത്തിനു സഹായിക്കാമെന്ന വാഗ്ദാനത്തിനു പകരമായി ബാലിവധം നടത്താമെന്നു ശ്രീരാമൻ ഏൽക്കുന്നതിൻ പ്രകാരം അയാൾ ബാലിയെ പോരിനു വിളിക്കുന്നുണ്ട്. ഒരിക്കൽ പരാജിതനായിട്ടും വീണ്ടും വിളിച്ചപ്പോൾ അദ്ഭുതപ്പെട്ട ബാലിയോടു താര, ശ്രീരാമന്‍റെ സുഗ്രീവസഖ്യം കാനനത്തിങ്കൽ നായാട്ടിനു പോയ മകൻ അംഗദൻ അറിഞ്ഞതു വെളിപ്പെടുത്തുന്നു; പിതാവിനെ സ്വാധീനിക്കാൻ ഏറ്റവും കഴിയുന്നതു മാതാവിനാണ് എന്നറിയുന്ന ഒരു മകന്‍റെ ഉചിതമായ പ്രവൃത്തി.

രാമൻ നടത്തിയ ബാലിവധം അറിഞ്ഞ് അമ്മയോടൊപ്പം ഏറ്റവും വിവശനായി മാറുന്നെങ്കിലും കുമാരൻ രാമവാക്യം കേട്ട് സുഗ്രീവനാൽ നീതനായി പിതാവിന്‍റെ സംസ്കാരകർമങ്ങളെല്ലാം നിർവഹിച്ചു താരയോടൊപ്പം തന്നെ സ്വസ്ഥനായി ഭവിക്കുന്നു. രാമാജ്ഞയാൽ സുഗ്രീവൻ ബാലീപുത്രനെ യുവരാജാവായി ചമച്ച് പരിപാലിക്കുന്നുമുണ്ട്. അനന്തരം രാമകാര്യത്തിനായി ഒന്നും ചെയ്യാതെ അലസനായിരിക്കുന്ന സുഗ്രീവനോട് അതു ചോദിക്കാനെത്തിയ ലക്ഷ്മണനെ ഉപദ്രവിക്കാൻ തുനിഞ്ഞ ശാഖാമൃഗങ്ങളെ ആട്ടിക്കളഞ്ഞ്, ഏകനായി ചെന്നു സുമിത്രാത്മജനെ സ്വീകരിച്ചു ഭയത്തോടെ ലക്ഷ്മണ കോപം പിതൃവ്യനെ അറിയിക്കുന്നു, അംഗദൻ. സുഗ്രീവന്‍റെ നിർദേശത്താൽ ലക്ഷ്മണനെ അനുനയിപ്പിക്കാൻ താര പോകുന്നതിനും അംഗദൻ സാക്ഷിയാണ്.

ജാനകിയെ അന്വേഷിച്ച് സുഗ്രീവന്‍റെ ആജ്ഞപ്രകാരം ഹനുമാനുമൊത്തു ദക്ഷിണ ദിക്കിലേക്കു പോയവരിൽ അംഗദനും ഉണ്ടായിരുന്നു. മുപ്പതു നാളിനകത്തു സീതയെ കണ്ടുപിടിക്കണമെന്ന സുഗ്രീവ ശാസനം നടപ്പാക്കാൻ കഴിയാതെ ഏവരും കുഴങ്ങുമ്പോൾ, വിശേഷിച്ചു ശത്രുതനയൻ ആയതിനാൽ സുഗ്രീവൻ നിഗ്രഹിക്കുക തന്നെയുണ്ടാവുമെന്ന് അംഗദൻ ഉറക്കെപ്പറയുന്നു.

''മാതാവിനോടു സമാനയാകും നിജ

ഭ്രാതാവു തന്നുടെ ഭാര്യയെ നിസ്ത്രപം

പ്രാപിച്ചുവാഴുന്ന വാനര പുംഗവൻ

പാപി ദുരാത്മാവിനെന്തരുതാത്തതും''

എന്നു മനസിൽക്കിടന്നു നീറുകയായിരുന്ന കാര്യങ്ങളെല്ലാം അന്നേരം വിളിച്ചുപറഞ്ഞു കരയുകയും ചെയ്യുന്നു.

അച്ഛൻ അകാലത്തിൽ കൊല്ലപ്പെട്ട ഒരു മകന്‍റെ വ്യഥ, അരക്ഷിതാവസ്ഥ, അമ്മ അതിനു കാരണക്കാരന്‍റെ ഭാര്യയായി കഴിയുന്നതിലെ അസഹിഷ്ണുത, അമർഷം, അതിലുപരി തന്‍റെ നിസഹായാവസ്ഥ എന്നിവയെല്ലാം പേറുന്ന ഒരു കഥാപാത്രമാണ് അംഗദൻ. ആശ്രയമായോ സഹായമായോ സാന്ത്വനമായോ അയാൾക്ക് ആരുമില്ല. അതുകൊണ്ടാണ് അതുവരെ അനുസരണശീലനും സൗമ്യനും ശാന്തനുമായി മാത്രം കണ്ടിരുന്ന ഈ യുവാവ് അപ്പോൾ പൊട്ടിത്തെറിച്ചതും.

ഇതുപോലുള്ള സാഹചര്യവും മാനസികാവസ്ഥയും അനുഭവിക്കുന്ന യുവജനങ്ങൾ എല്ലാ കാലത്തുമുണ്ട്. അവരെ നായകനോ പ്രതിനായകനോ ആക്കി അവതരിപ്പിച്ചിട്ടുള്ള കൃതികളും ചലച്ചിത്രങ്ങളും എത്രയോയുണ്ട്. ധർമസങ്കടത്താലും പ്രതികാര മനോഭാവത്താലും അവരെന്തെന്തു തിന്മകളാണു കാട്ടിക്കൂട്ടുന്നതെന്നും വാർത്താമാധ്യമങ്ങളിലൂടെ നാമറിയുന്നുണ്ട്. ആത്മഹത്യ ചെയ്തും മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട് ജീവിതം നശിപ്പിക്കുന്നതുമായവർ വേറെയും. ശിഥില കുടുംബമാണു (Broken family) കാരണമെന്നു വിചക്ഷണന്മാർ ഇതിനെ കൈയൊഴിയുന്നു.

എന്നാൽ, ഹനുമാന്‍റെ ഉപദേശം ശ്രവിച്ച്, ദുർവ്വിചാരമടക്കി രാമ- രാവണ യുദ്ധത്തിൽ ഏറ്റവും നന്നായി ശത്രുക്കളോട് എതിരിടുന്ന അംഗദനെയാണു നാം പിന്നീടു കാണുന്നത്. ഇവിടെ വിദഗ്ധനായ ഒരു മനഃശാസ്ത്രകാരന്‍റെയും ഗുരുവിന്‍റെയും സുഹൃത്തിന്‍റെയും ബന്ധുവിന്‍റെയും സമീപനം ഒരേസമയം അഞ്ജനാ പുത്രൻ അംഗദന്‍റെ നേരേ നടത്തുന്നുവെങ്കിലും അത് ഉൾക്കൊള്ളേണ്ടത് ആ നവയുവാവാണ്.

രാജകൊട്ടാരത്തിൽ എല്ലാവിധ സാഹചര്യങ്ങളും ഉണ്ടായിരുന്ന, യുവരാജാവു കൂടിയായ അംഗദനു തന്‍റെ സംഘർഷങ്ങൾ നിമിത്തം ഇതിനോടകം വഴി തെറ്റുകയോ പക തീർക്കുകയോ ആകാമായിരുന്നു. അതുമല്ലെങ്കിൽ ഘോരമായ അടർക്കളത്തിൽ ചതി കാട്ടുകയോ മറുപക്ഷം ചാടുകയോ ചെയ്യാം. ക്ഷുഭിത യൗവ്വനത്തിന്‍റെ ഈ വിവേകമുള്ള പ്രതീകത്തെ നാമിനിയും കാണാതെ പൊയ്ക്കൂടാ.

സ്കൂളുകൾക്ക് ഓണാവധി 9 ദിവസം മാത്രം

വടക്കൻ കേരളത്തിൽ അതിശക്ത മഴ പെയ്യും

നിവിൻ പോളി ആദ്യ 'വിജിലൻസ് കമാൻഡോ': അഴിമതിവിരുദ്ധ പോരാട്ടവുമായി ചെന്നിത്തല

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല: മുഖ്യമന്ത്രി

സ്വന്തം വകുപ്പിൽ നിന്ന് സബ്സിഡി: 99 ലക്ഷം രൂപ തിരിച്ചടച്ച് മന്ത്രി