ദാമ്പത്യത്തിനിടയിലെ ഇടപെടൽ!
രാമായണ ചിന്തകൾ- 4 | വെണ്ണല മോഹൻ
രാമായണം ഏതുതലത്തിൽ നോക്കിയാലും കാലത്തിന് അനുസൃതമായ ചിന്തകളുള്ളതാണെന്നു മാത്രമല്ല, കാലാതീതമായി അകക്കണ്ണ് തുറപ്പിക്കുന്ന സന്ദർഭങ്ങൾ കൊണ്ടു സമ്പുഷ്ടമാണന്നും കാണാം. അശ്വത്ഥാമാവ്, ബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപർ, പരശുരാമൻ എന്നിവരെയാണ് നാം ചിരഞ്ജീവികളായി കരുതുന്നതെങ്കിൽ, അവരുടെ സാന്നിധ്യം ഓരോ മനസിലും വ്യത്യസ്തതയോടെ നിലനിൽക്കുന്നുവെങ്കിൽ, ലോക വ്യവഹാരത്തിൽ വിശേഷിച്ചും ചില ഇടപെടലുകൾ കൊണ്ട് ഇന്നും രാമായണത്തിൽ ചിരഞ്ജീവിതയാർന്നു നിൽക്കുന്ന കഥാപാത്രങ്ങളുമുണ്ട്.
നെടുവീർപ്പിൽ അലകടൽ ഒതുക്കിയ സന്ദർഭങ്ങൾ... ഏകാന്ത ഗദ്ഗദങ്ങൾ... തിരകൾ തഴുകാത്ത തീരത്തിന്‍റെ വേദന... ഒക്കെ ചില കഥാപാത്രങ്ങളിൽ നിറയുമ്പോൾ, അവലോക ജീവിതത്തിലെ പല ആളുകളുടെയും നിത്യാനുഭവങ്ങളായി മാറുകയും അതത് കാലത്തോടു ചേർന്നു നിൽക്കുകയും ചെയ്യുന്നു! മന്ഥരയെ തന്നെ എടുക്കാം. രാമായണത്തിൽ മിഴിവാർന്നു നിൽക്കുന്ന നെഗറ്റീവ് കഥാപാത്രമാണ് മന്ഥര. ഇത്തരം മന്ഥരമാരെ ഇന്നും നാം കാണുന്നില്ലേ? ഈ കഥാപാത്രം ലോകദർശിയാകാൻ നമ്മെ സഹായിക്കുന്നില്ലേ?
മന്ഥരയുടെ നാവിൽ സരസ്വതി വിളങ്ങിയതും, ശ്രീരാമ ദൗത്യത്തിനായി അതു വേണ്ടിവന്നതും, അതൊക്കെ ആത്മീയമായി മനസിലാക്കുകയും, എല്ലാ കാര്യത്തിനു പിന്നിലും ഒരു കാരണമുണ്ടാകും എന്നു വിശ്വസിക്കുകയും, ആ കാരണം ഉൾക്കൊള്ളാൻ കഴിഞ്ഞാൽ കാര്യത്തിന്‍റെ പോസിറ്റീവ് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ കഴിയുമെന്നൊക്കെ നാം സൂക്ഷ്മാർഥത്തിൽ മനസിലാക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ കേവലാർഥത്തിൽ സാമൂഹ്യബോധത്തിന്‍റെയും കാലിക സംഭവങ്ങളുടെയും തിരിനാളം നമുക്കു തരുന്ന വെള്ളിവെളിച്ചം മറ്റൊന്നല്ലേ? ദശരഥന്‍റെ പ്രാണപ്രേയസിയായ കൈകേയി. ദശരഥനും കൈകേയിയും മനമറിഞ്ഞ് ജീവിച്ചിരുന്നവർ. കൗസല്യയുടെ പുത്രനാണ് ശ്രീരാമൻ. എങ്കിലും തന്‍റെ പുത്രനായിത്തന്നെയാണ് രാമനെ കൈകേയി കണ്ടത്.
"എന്നുടെ രാമ കുമാരന്നോളം പ്രിയ-
മെന്നുള്ളിലാരേയുമില്ല മറ്റോർക്ക നീ
അത്രയുമല്ല ഭരതനേക്കാൾ
മമ പുത്രനാം രാമനെ സ്നേഹമെനിക്കേറ്റം''
എന്നു കൈകേയി മന്ഥരയോട് വിശദമാക്കുന്നുമുണ്ട്.
ആ സന്ദർഭം പോലും ഒന്നാലോചിച്ചു നോക്കൂ. കൈകേയിക്ക് ദശരഥ മനസും ദശരഥന് കൈകേയി മനസും അറിയാം.
ശ്രീരാമന്‍റെ അഭിഷേകത്തെപ്പറ്റി ഏവരേയും പല വിധേനയും ദശരഥൻ അറിയിച്ചുവെങ്കിലും കൈകേയയോടു മാത്രം നേരിട്ട് കണ്ടു പറയണമെന്നു കരുതി കാത്തിരുന്നു. കാരണം, അതു കേൾക്കുമ്പോൾ കൈകേയിക്കുണ്ടാകുന്ന അതിരറ്റ ആനന്ദം നേരിൽക്കണ്ട് സന്തോഷിക്കാമെന്ന് ആശിച്ചു. ആ സന്ദർഭം പോലും ഒന്നാലോചിച്ചു നോക്കുക!
എന്നാൽ മന്ഥര കടന്നുവന്ന് കൈകേയിയോട് നന്മയ്ക്കെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതോ?! ഈ വൈകിക്കൽ മനഃപൂർവമായിരുന്നു എന്നാണ്.
മന്ഥര പറയുന്നു:
"പാപേ മഹാഭയകാരണം കേൾക്ക നീ
ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ''
ദശരഥൻ കൈകേയിയോട് അവസാനം പറയാമെന്നു വച്ചത് സ്നേഹശൂന്യത കൊണ്ടാണെന്നും ശ്രീരാമൻ രാജാവായാൽ കൗസല്യയാണ് രാജമാതാവാകുക എന്നും കൈകേയിയുടെ നില പിന്നെ ചേടിയുടേതു മാത്രമായിപ്പോകുമെന്നും ഏറെ കാരണങ്ങൾ നിരത്തി മന്ഥര ബോധിപ്പിക്കുകയാണ്!
അറിയില്ലേ, ഒരു കാര്യം മറ്റൊരാളെ വിശ്വസിപ്പിക്കണമെങ്കിൽ അതിനുള്ള കാരണങ്ങളൊക്കെ കണ്ടെത്താനാകും. വിശ്വസിക്കാതിരിക്കാനാണു ശ്രമമെങ്കിൽ അതിനും കാരണം കണ്ടെത്താം. അതായത്, മനസിൽ എന്താണോ ആവശ്യം അതിനുള്ള കാരണങ്ങൾ മനസു തന്നെ കണ്ടെത്തിക്കൊള്ളും എന്നു തന്നെ. അതു തെരഞ്ഞെടുത്ത് യുക്തിപൂർവം അവതരിപ്പിച്ചാൽ കേൾക്കുന്നവരും അതിൽ വീണു എന്നു വരാം.
മനസിന്‍റെ ഒരു വികല്പമേ...
വികാര വേലിയേറ്റത്തിൽ യുക്തിചിന്ത നടത്തി യാഥാർഥ്യം മനസിലാക്കാനോ, തമ്മിൽ തമ്മിൽ പറഞ്ഞു പ്രശ്നപരിഹാരത്തിനു ശ്രമിക്കാനോ ബുദ്ധി അപ്പോൾ പ്രവർത്തിച്ചെന്നു വരില്ല. ദമ്പതിമാരുടെ ഇടയിലേക്ക് ഒരാൾ കടന്നുവന്നു സംശയത്തിന്‍റെയും ആശങ്കയുടെയും തെറ്റിദ്ധാരണയുടെയും വിത്തുകൾ വിതറി ആ ദാമ്പത്യത്തെ തകർക്കുന്നത് ഇക്കാലത്തേയും നിത്യേനയുള്ള കാഴ്ചയാണ്. അതിനെ "മന്ഥര ഇടപെട്ടു' എന്നു പറയാറുമുണ്ട്. അതിന്‍റെ ഒരു നിദർശനം കൂടിയാണിത്.
ഇത്ര ഇഴയുടുപ്പമുള്ള പ്രണയബന്ധിതരായ ദശരഥനും കൈകേയിയും തമ്മിൽ പരസ്പരം പറഞ്ഞു യാഥാർഥ്യം മനസിലാക്കാവുന്ന കാര്യമാണ് മന്ഥരയുടെ വാക്കുകളാൽ നശിപ്പിച്ചത്. മന്ദിരയിൽ മന്ഥരയുടെ വാക്കിൽപ്പെട്ട് ഇന്നലെ വരെ ഉണ്ടായിരുന്ന എല്ലാ സൽചിന്തകളും ദുർചിന്തകളായി കൈകേയിയിൽ മാറുന്നു.
മനസല്ലേ... സംസർഗം കൊണ്ട് എപ്പോൾ വേണമെങ്കിലും മാറാം. ദുഷ്ടജന സംസർഗമാണെങ്കിൽ അങ്ങനെ.
അതുകൊണ്ട് പറയുന്നു,
"ദുർജ്ജന സംസർഗമേറ്റമകലവേ
വർജിക്ക വേണം പ്രയത്നേന സൽപുമാൻ''
ആ നിമിഷമാണ് മന്ഥര ഉപായമായി പഴയ പ്രതിജ്ഞയുടെ കാര്യം ഓർമിപ്പിക്കുന്നതും, അത് ഈ നിമിഷം തന്നെ ചോദിക്കാൻ ആവശ്യപ്പെടുന്നതും, വരമായി ശ്രീരാമനെ അഭിഷേകത്തിൽ നിന്ന് മാറ്റാനും കാനനത്തിലേക്കു പറഞ്ഞുവിടാനും ആവശ്യപ്പെടണമെന്ന് പറയുന്നതും!
"എന്തീവണ്ണം പറയുന്നിതു ഭദ്രേ!
നീ എന്ത് നിന്നോട് പിഴച്ചതു രാഘവൻ''
എന്നു തുടങ്ങി പലതും ഹൃദയവേദനയോടെ ദശരഥൻ ചോദിക്കുന്നുണ്ടെങ്കിലും കൈകേയി ഈ ദശരഥന്‍റെ സത്യനഷ്ഠ ഓർമിപ്പിച്ച് കാര്യസാധ്യം നടത്തുകയാണ്. അതോടെ കൈകേയി ഒരു നെഗറ്റീവ് കഥാപാത്രമായി രാമായണത്തിൽ മാറുന്ന കാഴ്ചയും കാണാം.
ദാമ്പത്യം എന്ന ശുദ്ധക്ഷീരത്തിൽ ഒരു തുള്ളി വിഷം വീണാൽ മതി അത് ഏറ്റവും മോശമാകാൻ. അതുകൊണ്ടാണ് ദാമ്പത്യ ബന്ധത്തിൽ മൂന്നാമതൊരാളുടെ വാക്കുകൾക്ക് എത്ര വില കൊടുക്കണമെന്നു നാം ആലോചിക്കേണ്ടി വരുന്നതും!
(അടുത്തത്: ഒരു കാര്യവും വ്യത്യസ്ത ഭാവങ്ങളും)