ദക്ഷിണേന്ത്യയുടെ പ്രിയ വിഭവമാണ് സാമ്പാർ. പക്ഷേ സാമ്പാറിന് മഹാരാഷ്ട്രയുമായും ചെറുതല്ലാത്ത ബന്ധമുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. കൃത്യമായി പറഞ്ഞാർ ഛത്രപതി ശിവാജിയുടെ മകൻ ഛത്രപതി സംഭാജി മഹാരാജയുടെ കാലത്തോളം ആഴമുള്ള ബന്ധം. സാമ്പാറിന്‍റെ തുടക്കം ഉത്തരേന്ത്യയിൽ നിന്നാണെന്നാണ് ദി സ്റ്റോറി ഓഫ് സാമ്പാർ എന്ന ലേഖനത്തിൽ ചരിത്രകാരിയായ ഡോ. പത്മിനി നടരാജൻ അവകാശപ്പെടുന്നത്. സിംഹക്കുട്ടി എന്ന് വിശേഷിപ്പിച്ചിരുന്ന സംഭാജി പേരു കേട്ടൊരു ഭക്ഷണ പ്രിയനായിരുന്നുവത്രേ. പരിപ്പ് വേവിച്ച് മരപ്പുളി പിഴിഞ്ഞു ചേർത്തുണ്ടാക്കുന്ന മറാഠി വിഭവമായ അംതിയായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയം.
ഒരിക്കൽ രാജകൊട്ടാരത്തിലെ അടുക്കളയിൽ മരപ്പുളി തീർന്നു പോയി. രാജാവിന് പ്രിയപ്പെട്ട വിഭവം എങ്ങനെ ഉണ്ടാക്കുമെന്നറിയാതെ പാചകശാലയിലുള്ളവർ ഭയം കൊണ്ട് വിറച്ചുവെന്നാണ് ചരിത്രകാരിയായ ഡോ. പത്മിനി നടരാജൻ എഴുതിയിരിക്കുന്നത്.
അപ്പോഴാണ് മരപ്പുളിക്കു പകരം എന്തു കൊണ്ട് വാളമ്പുളി ഉപയോഗിച്ചു കൂടാ എന്ന ഉപായം അവർക്കു തോന്നിയത്. വൈകാതെ തുവര പരിപ്പിൽ കുറച്ചു പച്ചക്കറികൾ ചേർത്ത് വേവിച്ച് പുളിക്കുഴമ്പും ചേർത്ത് പുതിയ വിഭവം ഉണ്ടാക്കി. അതിന് സാമ്പാർ എന്ന് പേരു നൽകിയതും ഛത്രപതി ആയിരുന്നുവെന്നാണ് പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്.