സി.രവിചന്ദ്രൻ 
Lifestyle

ചായാതെ, ചരിയാതെ, മുന്‍വിധികള്‍ ഉപേക്ഷിച്ചുള്ള മുന്നേറ്റം

എസ്സെൻസ് ഗ്ലോബലിന്‍റെ 'ലോക നാസ്തിക സമ്മേളനം' ഞായറാഴ്ച തിരുവനന്തപുരത്ത്

സി.രവിചന്ദ്രൻ

ഒരു സാമൂഹിക ജീവി എന്ന നിലയില്‍ ഭൂരിപക്ഷം ജനങ്ങളും എന്ത് ചിന്തിക്കണം, എങ്ങനെ ജീവിക്കണം, എന്തൊക്കെ ചെയ്യണം, പറയണം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് സ്വതന്ത്രമായല്ല; സ്വന്തം മതത്തോട്, ജാതിയോട്, പാരമ്പര്യത്തോട്, ഗുരുക്കന്മാരോട്, കപടവൈദ്യങ്ങളോട്, അശാസ്ത്രീയമായ പ്രത്യയശാസ്ത്രങ്ങളോട്, രാഷ്‌ട്രീയ പാര്‍ട്ടിയോട് ഒക്കെയുള്ള അന്ധമായ വിധേയത്വതോടെയാണ്. സമൂഹത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം രാഷ്‌ട്രീയക്കാരാണെന്ന് മിക്കവരും തത്വത്തില്‍ സമ്മതിക്കുമെങ്കിലും ഈ രാഷ്‌ട്രീയക്കാര്‍ അന്യഗ്രഹ ജീവികളല്ല, ജനങ്ങള്‍ക്കിടയില്‍ നിന്നു തന്നെ തെരഞ്ഞെടുക്കപ്പെടുന്നവരാണ് എന്ന് പലരും മറന്നുപോകും. ജനങ്ങളുടെ മനോനിലയുടെ ഒരു പ്രതിച്ഛായ തന്നെയാണ് നമ്മെ ഭരിക്കുന്നവര്‍ക്കുമുള്ളത്. നിയമം നിർമിക്കുന്നവര്‍ ശാസ്ത്രീയ മനോവൃത്തിയുള്ളവര്‍ ആവേണ്ടതുണ്ടെങ്കില്‍ ആദ്യം ജനങ്ങള്‍ക്കും ശാസ്ത്രീയ മനോവൃത്തി ഉണ്ടാവേണ്ടതുണ്ട്.

ജനങ്ങളെ സ്വതന്ത്രമായി ചിന്തിക്കാന്‍ ധൈര്യപ്പെടുത്തി അവരെ ശാസ്ത്രീയ മനോവൃത്തിയുടെ പാതയിലൂടെ നടക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് ""എസ്സെൻസ് ഗ്ലോബല്‍'' നടത്തുന്നത്. ശാസ്ത്രത്തെയും മത നിരാസത്തെയും ജനകീയമാക്കാനും, അറിവിന്‍റെ ബൗദ്ധികവും സാമൂഹികവുമായ വ്യാപനത്തിലൂടെ ഒരു ആധുനിക സമൂഹം കെട്ടിപ്പെടുക്കുക എന്ന ഉദ്ദേശത്തോടെയും എസ്സെൻസ് പ്രവര്‍ത്തിക്കുന്നു. ചായാതെ, ചരിയാതെ, മുന്‍വിധികള്‍ ഉപേക്ഷിച്ച് ശാസ്ത്രത്തിന്‍റെ മെത്തഡോളജി ആധാരമാക്കി വസ്തുനിഷ്ഠമായ പ്രപഞ്ച വീക്ഷണം രൂപീകരിക്കാന്‍ പൗരന്മാരോട് എസെന്‍സ് ഗ്ലോബല്‍ അഭ്യർഥിക്കുന്നു. പൗരന്മാര്‍ക്ക് ശാസ്ത്രീയ മനോവൃത്തി ഉണ്ടായിരിക്കുക എന്നത് പരമപ്രധാനമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 A(h) പൗരന് നിഷ്‌കര്‍ക്കിക്കുന്ന പ്രധാന കടമകളിലൊന്നാണിത്.

തെളിവുകളെ അടിസ്ഥാനമാക്കിയുള്ള വൈദ്യം, വസ്തുതാധിഷ്ഠിത രാഷ്‌ട്രീയം, മാനവികത അടിസ്ഥാനമാക്കിയുള്ള സമൂഹം എന്നതാണ് എസ്സെൻസിന്‍റെ മുദ്രാവാക്യം. അതിനാല്‍ എല്ലാത്തരം സാംസ്‌കാരിക യാഥാസ്ഥിതികത, ഗോത്രീയത, സ്വത്വവാദം, കപടശാസ്ത്രങ്ങള്‍ എന്നിവയെയും എതിര്‍ക്കുന്നു. തീവ്ര ഇടതുപക്ഷമോ വലതുപക്ഷമോ ആകട്ടെ, തീവ്രവാദികള്‍ക്കും മതമൗലികവാദികള്‍ക്കും എതിരേയുള്ള നിലപാടില്‍ എസ്സെൻസ് അചഞ്ചലരാണ്.

യുക്തിവാദികള്‍ എന്നതിനേക്കാള്‍ "സ്വതന്ത്ര ചിന്തകര്‍' എന്ന് സ്വയം അടയാളപ്പെടുത്താനാണ് എസ്സെൻസ് ആഗ്രഹിക്കുന്നത്. കേരളത്തില്‍ എം.സി. ജോസഫ്, എ.ടി. കോവൂര്‍, ജോസഫ് ഇടമറുക്, സഹോദരന്‍ അയ്യപ്പന്‍ എന്നു തുടങ്ങി പലരും നയിച്ചുവന്ന് ഇന്നും നിലനില്‍ക്കുന്ന ഒരു യുക്തിവാദ പാരമ്പര്യമുണ്ട്. എന്നാല്‍, മതനിരാസം പാരമ്പര്യ യുക്തിവാദികള്‍ അംഗീകരിക്കുമെങ്കിലും അവരില്‍ പലരും വൈരുധ്യാത്മക ഭൗതികവാദം പോലെയുള്ള അശാസ്ത്രീയ പ്രത്യയശാസ്ത്രങ്ങള്‍ വിശ്വസിക്കുകയും അതിനെ അടിസ്ഥാനമാക്കി ലോകവീക്ഷണം രൂപപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഹോമിയോ, ആയുര്‍വേദം തുടങ്ങിയ തെളിവില്ലാത്ത വൈദ്യങ്ങളിലും കണ്ണടച്ചു വിശ്വസിക്കുന്നവരാണ്.

കേരളത്തില്‍ നിലവിലുള്ള എല്ലാ പാരമ്പരാഗത യുക്തിവാദ പ്രസ്ഥാനങ്ങളുമായും എസ്സെന്‍സിന് ബന്ധമില്ല. അവരുടെ സ്വഭാവമോ രീതിയോ ഉള്ളടക്കമോ അവലംബിക്കുന്നില്ല. അവരുടെ വിധേയത്വങ്ങളും മമതകളും കൈക്കൊള്ളുന്നില്ല. എസ്സെന്‍സ് ഒരു യുക്തിവാദി പ്രസ്ഥാനമല്ല എന്ന് 2019ലെ ലിറ്റ്മസില്‍ സംഘടനാ പ്രസിഡന്‍റ് തന്നെ സുവ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ട്. ഏറ്റവും ആധുനികമായ ശാസ്ത്രീയ ജ്ഞാനം പ്രചരിപ്പിച്ചു മുന്നോട്ടുപോകുകയാണ് എസ്സെൻസ് ചെയ്യുന്നത്. എസ്സെൻസിന്‍റെ ഏറ്റവും വലിയ വിമര്‍ശകര്‍ എല്ലാത്തരം മതവിശ്വാസികളും പ്രത്യയശാസ്ത്ര വിശ്വാസികളുമാണ്. അതില്‍ മുന്നിട്ടു നില്‍ക്കുന്നത് ഇസ്‌ലാമിക വിശ്വാസികളും കമ്മ്യൂണിസ്റ്റ് വിശ്വാസികളും.

കേരളത്തിനു പുറത്ത് മുസ്‌ലിങ്ങള്‍ അപരവത്കരിക്കപ്പെടുന്നു എന്നത് വസ്തുതയാണെങ്കിലും, അവർണര്‍ക്ക് നല്ലത് ഇസ്‌ലാമിലേക്ക് മതം മാറുകയാണ് എന്ന വിധത്തിലുള്ള സഹോദരന്‍ അയ്യപ്പന്‍റെ നിലപാടും എസ്സെൻസ് പിന്‍പറ്റുന്നില്ല. സവർണര്‍, അസവർണര്‍ എന്നൊക്കെ വിളിക്കപ്പെടുന്ന ജനത മുഴുവന്‍ അവരെ ബന്ധിച്ചിരിക്കുന്ന മത- ജാതി- രാഷ്‌ട്രീയ ചങ്ങലകളില്‍ നിന്ന് പുറത്തുവന്ന് സ്വതന്ത്ര മനുഷ്യരായിത്തീരണം എന്ന കാഴ്ചപ്പാടാണ് എസ്സെന്‍സ് മുന്നോട്ടുവയ്ക്കുന്നത്. ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ചാട്ടം മനുഷ്യനെ സ്വതന്ത്രനാക്കില്ല.

ഒരു വ്യക്തിയുടെ മുന്നിലേക്ക് വസ്തുതകള്‍ നിരത്തുമ്പോള്‍ അത് അവരുടെ മൂല്യങ്ങളുമായോ വിശ്വാസങ്ങളുമായോ പൊരുത്തപ്പെടാത്തപ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് Cognitive dissonance. വല്ലാതെ ദാഹിച്ചിരിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ കിട്ടാത്ത അസ്വസ്ഥതയോട് ഇതിനെ ഉപമിക്കാം. ആ അവസ്ഥയുണ്ടായാല്‍ പിന്നെ അതിനെ മറികടക്കാന്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂ. ഒരുപക്ഷേ വര്‍ഷങ്ങളോളം എടുത്തു പഠിച്ച വിശ്വാസങ്ങളും ധാരണകളും തെറ്റാണെന്നു തിരിച്ചറിഞ്ഞു പുതിയ വസ്തുതകള്‍ തേടിപ്പോവുക. അല്ലെങ്കില്‍ തന്‍റെ വിശ്വാസങ്ങള്‍ ശരിയാണെന്ന് തന്നെയും പിന്നെയും ബോധ്യപ്പെടുത്തുക, അതിനു വിരുദ്ധമായ വസ്തുത പറഞ്ഞ ആളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുക, അയാള്‍ ഒരു മോശം വ്യക്തിയാണ് എന്ന് വിശ്വസിപ്പിച്ച് താന്‍ ബൗദ്ധികമായും ധാർമികമായും ഉയര്‍ന്നതാണ് എന്ന് സ്വയം ബോധ്യപ്പെടുത്തുക. എസ്സെൻസ് വസ്തുതകള്‍ പറയുമ്പോഴുണ്ടാവുന്ന പല വിമര്‍ശനങ്ങളും ഇത്തരത്തിലുള്ളവയാണ്.

എസ്സെൻസിന് എതിരേയുള്ള മറ്റൊരു ആരോപണം ബിജെപി അനുകൂലികള്‍ ആണെന്നുള്ളതാണ്. ഹിന്ദുത്വയും ഹിന്ദു മതവും ഒന്നാണെന്ന നിലപാടാണ് എസ്സെൻസിനുള്ളത്. ഓണ്‍ലൈന്‍ മാസികയിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും ഏറ്റവും കൂടുതല്‍ ഹിന്ദുമത വിമര്‍ശനം നടത്തുന്നത് എസ്സെൻസാണ്. ജമാ-അത്തെ ഇസ്‌ലാമിയുടെ ചാനലില്‍ ഒരു ഇസ്‌ലാമിക വിമര്‍ശനം സംപ്രേക്ഷണം ചെയ്യുന്നത് അചിന്ത്യമാണ്.

ബിജെപിയെ എതിര്‍ക്കുന്നവര്‍ അവരുടെ ഒരൊറ്റ പദ്ധതികളെയും നിയമങ്ങളെയും അനുകൂലിക്കുന്നില്ല. ഒരുപക്ഷേ ബിജെപി ദീര്‍ഘകാലം അധികാരത്തിലിരുന്നാല്‍ അവര്‍ കൊണ്ടുവരുന്ന എല്ലാ പദ്ധതിയെയും കണ്ണടച്ച് എതിര്‍ത്താല്‍ പൊതുജനത്തിന് ഗുണമൊന്നുമില്ല. കോണ്‍ഗ്രസ് അവതരിപ്പിച്ച ബില്ലുകള്‍ പിന്നീട് ബിജെപി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കുന്നത് രാഷ്‌ട്രീയ ലാഭം ലക്ഷ്യമിട്ടു മാത്രമാണ്. അത് ആശാസ്യമല്ല. പൗരത്വ നിയമ ഭേദഗതി (സിഎഎ), കാര്‍ഷിക ബില്ല്, ഏകീകൃത വ്യക്തിനിയമം തുടങ്ങിയവ ബിജെപിക്കും മുമ്പു തൊട്ടേയുള്ള വിഷയങ്ങളാണ്. എസ്സെൻസ് അവയെ വസ്തുതാപരമായി വിലയിരുത്തിയതിന്‍റെ വെളിച്ചത്തില്‍ അനുകൂലിക്കുന്നു.

ഒപ്പം കെ- റെയ്‌ലിനെയും വിഴിഞ്ഞം പദ്ധതിയേയും കേരളത്തിലെ ഇടതുമുന്നണി നടപ്പാക്കാന്‍ ശ്രമിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെയും സ്വാഗതം ചെയ്യുന്നത് കക്ഷിരാഷ്‌ട്രീയം നോക്കിയല്ല. പദ്ധതികള്‍ കൊണ്ടുവരുന്നത് സിപിഎമ്മാണോ ബിജെപിയാണോ കോണ്‍ഗ്രസാണോ എന്നതല്ല, മറിച്ച് അവ ജനങ്ങള്‍ക്ക് ഗുണകരമാണോ രാജ്യത്തിന് സഹായകരമാണോ എന്നാണ് പരിശോധിക്കേണ്ടത്. കേരളത്തിലെ ചില മദ്രസകളില്‍ കുട്ടികളെ ഗതാഗത നിയമം പഠിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തയെ സര്‍വാത്മനാ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയുമാണ് എസ്സെന്‍സ് ചെയ്തത്. അതിന്‍റെയർഥം മതവിദ്യാഭ്യാസത്തെ എസ്സെന്‍സ് അംഗീകരിക്കുന്നു എന്നല്ല.

നരസിംഹ റാവുവിന്‍റെയും മന്‍മോഹന്‍ സിങ്ങിന്‍റെയും നേതൃത്വത്തില്‍ 1991ല്‍ നടപ്പാക്കിയ സാമ്പത്തിക ഉദാരവത്കരണം കോടിക്കണക്കിനു ജനങ്ങളെ പട്ടിണിയില്‍ നിന്ന് കരകയറ്റി. എന്നാൽ ഉദാരവത്കരണത്തെ സോഷ്യലിസ്റ്റ് വിശ്വാസികള്‍ എതിര്‍ക്കുന്നു. മതവിശ്വാസം പോലെ അപകടകരമാണ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍. കിറ്റ് കൊടുക്കുക, നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുക തുടങ്ങിയ സോഷ്യലിസ്റ്റ് അന്ധവിശ്വാസങ്ങളെ പാര്‍ട്ടിഭേദമെന്യേ പൊതുവെ ജനങ്ങള്‍ അനുകൂലിക്കുന്നുണ്ട്. എന്നാൽ, അതിനുള്ള പണം കണ്ടെത്തുന്നതു ജനങ്ങളില്‍ നിന്നു തന്നെയാണ് എന്നവർ ഓർക്കാറില്ല. ഫ്രീ മാര്‍ക്കറ്റ് ക്യാപ്പിറ്റലിസത്തെയും മത്സരത്തെയും എസ്സെൻസ് പ്രോത്സാഹിപ്പിക്കുന്നു.

എസ്സെൻസ് ഗ്ലോബലിന്‍റെ വാര്‍ഷിക സമ്മേളനമാണ് ലിറ്റ്മസ്. ഈ വര്‍ഷം അത് ഒക്റ്റോബര്‍ ഒന്നിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്നു. ഇതിനകം 4,000ത്തിലധികം പേരാണ് ലിറ്റ്മസ്- 23ല്‍ പങ്കെടുക്കാനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമ്മേളന ദിവസം രാവിലെ 7 മണി മുതല്‍ സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. 10,000 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ""ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനം'' എന്ന പ്രഖ്യാപനത്തോടെയാണ് ഇത്തവണയും ലിറ്റ്മസ് അരങ്ങേറുന്നത്.

ജമാ-അത്തെ ഇസ്‌ലാമിയുടെ ഒരു പരിപാടിയില്‍ ആര്‍എസ്എസുകാരെ പ്രസംഗിക്കാൻ ക്ഷണിച്ചത് വലിയ അപരാധം എന്ന തരത്തില്‍ സിപിഎം രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ സിപിഎമ്മിന് ആര്‍എസ്എസുമായുള്ള രാഷ്‌ട്രീയ സംഘര്‍ഷം ഒഴിവാക്കാന്‍ സ്വാമി ശ്രീ എം മധ്യസ്ഥത നടത്തിയിട്ടുമുണ്ട്. ജമാ-അത്തെ ഇസ്‌ലാമി ആര്‍എസ്എസിനോട് അയിത്തം പാലിക്കണം എന്ന് സിപിഎം പറയുമ്പോള്‍ അതില്‍ ഇരട്ടത്താപ്പുണ്ട്. ഒരു സംവാദത്തിന്‍റെ ലക്ഷ്യം സത്യത്തോട് കൂടുതല്‍ അടുക്കുക എന്നതാണ്. സംവാദങ്ങള്‍ വ്യത്യസ്ത വീക്ഷണമുള്ളവരെ അകറ്റുകയല്ല, കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നതാണ് എസ്സെൻസിന്‍റെ നിലപാട്.

ഇത്തവണ ലിറ്റ്മസില്‍ മൂന്ന് ഡിബേറ്റുകളുണ്ട്. ഹിന്ദുത്വ രാജ്യത്തിന് അപകടകരമോ, നവ ലിബറല്‍ നയങ്ങള്‍ ദോഷമോ, ഏകീകൃത സിവല്‍കോഡ് ആവശ്യമോ എന്നിവയാണു വിഷയങ്ങൾ. ബിജെപി നേതാവ് സന്ദീപ് വചസ്പതി, ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് ടി.കെ. ദേവരാജൻ, സിപിഎം നേതാവ് അഡ്വ. കെ. അനിൽകുമാർ എന്നിവരാണ് യഥാക്രമം പങ്കെടുക്കുക. സംവാദങ്ങള്‍ക്കു പുറമേ ജൈവ പരിണാമം സംബന്ധിച്ച് ജീന്‍ ഓണ്‍ (GeneON) എന്ന പേരിലുള്ള പരസ്യ ചോദ്യത്തര പരിപാടിയും നാല് പ്രഭാഷണങ്ങളും ഒരു മത- രാഷ്‌ട്രീയ കോമഡി സ്‌കിറ്റും ഉണ്ടായിരിക്കും.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍