തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ പൂരത്തിനു കൊടിയേറുന്നു. 
Lifestyle

പൂരാവേശത്തിലേക്ക് തൃശൂർ

തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റു ഘടക ക്ഷേത്രങ്ങളിലും പൂരത്തിനു കൊടിയേറി.

VK SANJU

തൃശൂർ: വർണക്കാഴ്ചകൾ സമ്മാനിക്കുന്ന തൃശൂർ പൂരത്തിനു കൊടിയേറിയതോടെ നാടും നഗരവും പൂര ലഹരിയിലേക്ക്. പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും മധ്യേയായിരുന്നു കൊടിയേറ്റം നടന്നത്. പൂജകൾക്കു തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട്, മേൽശാന്തിമാരായ പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി, വടക്കേടത്ത് കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി എന്നിവർ കാർമികരായി.

പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരി ഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നി കവുങ്ങ് ചെത്തി മിനുക്കി കൊടിമരം നിർമിച്ച ശേഷം ഭൂമിപൂജ നടത്തി. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി തട്ടകക്കാരാണ് കൊടിയേറ്റിയത്. ഉച്ചതിരിഞ്ഞ് മൂന്നിന് ക്ഷേത്രത്തിൽ നിന്നു പൂരം പുറപ്പാട് ആരംഭിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി.. 3.30ന് ഭഗവതി നായ്ക്കനാലിൽ എത്തിയപ്പോൾ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർത്തി.

നീല നിറത്തിലും മഞ്ഞ നിറത്തിലും തുന്നിയ കൊടികൾ ഉയർന്നതോടെ ആചാര വെടി മുഴങ്ങി. ശ്രീമൂല സ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവിൽ മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് ഭഗവതി വൈകീട്ട് അഞ്ചിന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി.പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ 11.20നും 12.15നും മധ്യേയായിരുന്നു കൊടിയേറ്റം നടന്നത്.

വലിയപാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാർ കൊടി ഉയർത്തി. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കവുങ്ങിൻ മരത്തിൽ ആല്, മാവ് എന്നിവയുടെ ഇലകളും ദർഭപുല്ല് എന്നിവയാലും അലങ്കരിച്ചു. ക്ഷേത്രത്തിൽ നിന്ന് നൽകിയ സിംഹമുദ്രയുള്ള കൊടിക്കൂറയാണ് കൊടി മരത്തിൽ കെട്ടിയത്. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തി.പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റി. തുടർന്ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ഉണ്ടായി. ഭഗവതിക്ക് വടക്കുന്നാഥ ക്ഷേത്ര കൊക്കർണിയിൽ തന്ത്രിയുടെ കാർമികത്വത്തിൽ ആറാട്ടും നടത്തി.

ഘടക ക്ഷേത്രങ്ങളിൽ ലാലൂർ ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. രാവിലെ എട്ടിും 8.15നും മധ്യേയായിരുന്നു കൊടിയേറ്റ്. അയ്യന്തോൾ ക്ഷേത്രത്തിലാണ് പിന്നീട് കൊടിയേറ്റം നടന്നത്. രാവിലെ 11നും 11.15നും മധ്യേ കൊടിയേറി. മറ്റു ഘടക ക്ഷേത്രങ്ങളായ ചെമ്പുക്കാവ്, പനമുക്കുപിള്ളി, കാരമുക്ക് പൂക്കാട്ടിരി, കണിമംഗലം, ചൂരക്കോട്ട്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളിൽ വൈകീട്ടായിരുന്നു കൊടിയേറ്റം. ആറു ക്ഷേത്രത്തളിലും വ്യത്യസ്ത സമയങ്ങളിൽ പൂരത്തിന് കൊടിയേറി. 19നാണു പൂരം. 17ന് രാത്രി 7ന് സാംപിൾ വെടിക്കെട്ട്. രാവിലെ 10ന് തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദർശനവും തുടങ്ങും. പൂര വിളംബരമായി നെയ്തലക്കാവിലമ്മ തെക്കഗോപുര നട തുറക്കൽ 18ന് രാവിലെ 10ന്, 19ന് രാവിലെ 6 മുതൽ ഘടകപൂരങ്ങൾ, മഠത്തിൽ വരവ് രാവിലെ 11ന്, ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് രണ്ടിന്, കുടമാറ്റം വൈകീട്ട് 6ന്, 20ന് രാവിലെ 10ന് പകൽപൂരം, ഉപചാരം ചൊല്ലിപിരിയൽ ഉച്ചയ്ക്ക് 12ന്.

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍

നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവം കൊലപാതകം; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് കോൺഗ്രസ്

നേപ്പാളിനെ തോൽപ്പിച്ച് കേരളം