Lifestyle

സ്വസ്ഥ ജീവിതത്തിന് ചില സ്വാസ്ഥ്യചിന്തകൾ

എന്തിനും ഏതിനും ആശുപത്രിയിലേക്ക് ഓടേണ്ടി വരില്ല. നിരോധിക്കപ്പെട്ട മരുന്നുകളടക്കം കഴിക്കേണ്ടി വരില്ല. അധികം ആവലാതിപ്പെടുകയും വേണ്ട.

MV Desk

#റീന വർഗീസ് കണ്ണിമല

ശുദ്ധ വായുവും ശുദ്ധ ജലവും പോലും സ്വപ്നമായി തുടങ്ങിയിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു കാറ്റടിച്ചാൽ, വഴി തെറ്റിയൊരു മഴ പെയ്താൽ ഒക്കെ പകർച്ച വ്യാധികളുടെ കുത്തൊഴുക്കാണ് എങ്ങും. ആശുപത്രി വാസം ഒരിക്കലും അത്ര സുഖകരവുമല്ലല്ലോ. ഇന്നു നമുക്ക് കുറച്ചു ഗൃഹവൈദ്യം പരിചയപ്പെടാം.

ത്രിഫല ചൂർണം

നെല്ലിക്ക-താന്നിക്ക-കടുക്ക എന്നീ മൂന്ന് ഔഷധികളെയാണ് ത്രിഫല എന്ന് ആചാര്യന്മാർ വിളിക്കുന്നത്. നെല്ലിക്കയുടെ കുരു അത്ര നന്നല്ല. അതു കൊണ്ട് ത്രിഫല ചൂർണം വാങ്ങുന്നതിനു പകരം നാടൻ നെല്ലിക്ക വാങ്ങി കുരു കളഞ്ഞ് അരച്ചെടുത്ത് നിഴലത്തുണക്കി പൊടിച്ചെടുക്കുന്നതാണ് ആരോഗ്യപ്രദം. താന്നിക്കയും കടുക്കയും വേറെ വേറെ വാങ്ങി പൊടിക്കുന്നതു തന്നെയാണ് നല്ലത്. എല്ലാം സമം അളവായിരിക്കണം എന്നു മാത്രം.

ത്രിഫല ചൂർണം നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണന്നു മാത്രമല്ല, ദഹനം സുഗമമാക്കാനും മലബന്ധമകറ്റാനും നല്ലതാണ്. പ്രമേഹ രോഗികൾ ദിവസവും തങ്ങളുടെ അവസ്ഥയനുസരിച്ച് ഒന്നോ രണ്ടോ ടീസ്പൂൺ ത്രിഫല ചൂർണം ചൂടു വെള്ളത്തിൽ കലക്കി കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനു സഹായിക്കും. മലബന്ധമുള്ളവർക്കും ഗ്യാസ്ട്രബിൾ പോലുള്ള ഉദര പ്രശ്നങ്ങളുള്ളവർക്കും രാത്രി കിടക്കുന്നതിനു മുമ്പ് ഒരു ടീസ്പൂൺ ത്രിഫല ചൂർണം ചൂടു വെള്ളത്തിൽ കലക്കി കുടിച്ചിട്ടു കിടന്നാൽ വലിയ ആശ്വാസം കിട്ടും.

ത്രികടുക് ചൂർണം

ഇനി പനിയാണോ നിങ്ങളുടെ പ്രശ്നം? അതിന് ത്രിഫല ചൂർണത്തോടൊപ്പം ത്രികടുകു ചൂർണവും ജീരകചൂർണവും കൂടി ചേർത്ത് ഉപയോഗിക്കുകയേ വേണ്ടൂ. ത്രികടുക് എന്നു പേരുണ്ടെന്നേയുള്ള‌ൂ. അതിൽ കടുകിന്‍റെ ലവലേശം പോലുമില്ല കേട്ടോ. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയാണ് ത്രികടുക് എന്ന് ആചാര്യന്മാർ വിളിക്കുന്ന സിദ്ധൗഷധങ്ങൾ. ഗുരുമരുന്ന് എന്നാണ് ഇവയെ സിദ്ധശാസ്ത്രം വിളിക്കുന്നത്. കാരണം, നിരവധി മരുന്നുകളുടെ മൂലമരുന്നാണത്രേ ഇത്.

ജീരക ചൂർണം

ത്രികടുക്-ത്രിഫല ചൂർണങ്ങളോടൊപ്പം ജീരകചൂർണം കൂടി ചേർത്താൽ പനിക്ക് മരുന്നായി. കോവിഡ് പോലുള്ള കഠിനമായ അവസ്ഥകളിൽ പോലും ഈ ഒറ്റമൂലി ക്ഷിപ്രഫലദായിനിയാണ്. കാരണം, ത്രിഫല ചൂർണത്തിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ഉപയോഗിക്കുമ്പോൾ ശരീരത്തിന്‍റെ രോഗപ്രതിരോധശേഷിയും വർധിക്കുന്നു. ത്രികടുകു ചൂർണമാകട്ടെ, ശരീരത്തിനു ചൂടു പകരുകയും ശ്വാസകോശത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കഫം നിർമാർജനം ചെയ്യുന്നു. കഫത്തെ ഉന്മൂലനം ചെയ്യുന്നതു കൊണ്ടും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതു കൊണ്ടും ശരീരത്തിനു പനിക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ സി ഈ മരുന്നിലൂടെ ലഭിക്കുന്നതു കൊണ്ടും പനി അധികരിക്കാതെ പെട്ടെന്നു കുറഞ്ഞ് ഇല്ലാതെയാകുന്നു. കൊച്ചു കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ ഇത്തിരി പനം ചക്കര കൂടി ചേർക്കാവുന്നതാണ്.

ഇതൊക്കെ എപ്പോഴും നമ്മുടെ അടുക്കളയിൽ സൂക്ഷിക്കാവുന്നേതയുള്ളു. എന്തിനും ഏതിനും ആശുപത്രിയിലേക്ക് ഓടേണ്ടി വരില്ല. നിരോധിക്കപ്പെട്ട മരുന്നുകളടക്കം കഴിക്കേണ്ടി വരില്ല. അധികം ആവലാതിപ്പെടുകയും വേണ്ട.

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും തെരുവുനായ്ക്കൾ വേണ്ട; 8 ആഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി

ശബരിമലയിലെ സ്വർണക്കൊള്ള; ഭഗവാന്‍റെ സ്വത്ത് നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് അവഗണിച്ചു, കത്ത് പുറത്ത്

നൂറു കോടിയോളം രൂപയുടെ ക്രമക്കേട്; നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

കേരള സർവകലാശാലയിൽ ജാതി വിവേചനം നേരിട്ടു; പൊലീസിൽ പരാതി നൽകി വിദ‍്യാർഥി

സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു