യുഎംഡി വരച്ച പോർട്രെയ്റ്റുകൾ.
UMD
അജയൻ
ഉണ്ണികൃഷ്ണൻ എം. ദാമോദരൻ (യുഎംഡി) - സുഹൃത്തുക്കൾക്ക് ഡിയു (DU) - ടെക്സസിലെ ആർട്ട് ബ്ലോക്സ് മാർട്ടാ വീക്കെൻഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഡിജിറ്റൽ, ജനറേറ്റിവ് ആർട്ടിന്‍റെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമുകളിൽ ഒന്നിൽ നിന്നുള്ള ഈ ക്ഷണം ഇന്ത്യക്കും കേരളത്തിനും ഒരുപോലെ അഭിമാനിക്കാൻ വക നൽകുന്നു.
ലോകമെമ്പാടുമുള്ള കലാകാരന്മാരും ആർട്ട് കലക്റ്റേഴ്സും സാംസ്കാരിക നേതാക്കളും അവിടെ ഒത്തുകൂടിയതായി യുഎംഡി 'മെട്രൊ വാർത്ത'യോടു പറഞ്ഞു. ഇന്ത്യയിൽനിന്ന് നാലോ അഞ്ചോ പേർ മാത്രമാണ് പങ്കെടുത്തത്, അവരിൽ അധികവും യുഎസിൽ താമസിക്കുന്ന ആർട്ട് കലക്റ്റർമാരായിരുന്നു. കലാകാരനായി ഇന്ത്യയിൽ നിന്നു താൻ മാത്രമാണുണ്ടായിരുന്നതെന്നും യുഎംഡി.
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് അപ്ലൈഡ് ആർട്സിൽ ബിരുദം നേടിയ ശേഷം, 1980-കളിൽ ബോംബെയിലെ പരസ്യ ലോകത്തേക്കാണ് അദ്ദേഹം കടന്നുചെന്നത്. 'കൊമേഴ്സ്യൽ ആർട്ടിസ്റ്റ്' എന്ന് അടുത്ത സുഹൃത്തുക്കൾ വിളിച്ചതിനെ അദ്ദേഹം കാര്യമാക്കിയില്ല. പരസ്യത്തിന്‍റെ ലോകം അദ്ദേഹത്തിന്‍റെ ആശയവിനിമയത്തിലും കൃത്യതയിലും വ്യക്തത നൽകാനുള്ള കഴിവ് വർധിപ്പിച്ചു. പിന്നീട് വിദേശത്തേക്കുള്ള യാത്ര അദ്ദേഹത്തിന്‍റെ കലാപരമായ അച്ചടക്കം കൂടുതൽ ദൃഢമാക്കി. വരയും പെയിന്‍റിങ്ങും തുടർന്നപ്പോഴും, ടൈപ്പോഗ്രഫിയോടുള്ള ഇഷ്ടം പല സൃഷ്ടികളിലും പ്രതിഫലിച്ചു.
ആദ്യത്തെ ഐപാഡിന്‍റെ വരവ് അദ്ദേഹത്തിനു ഡിജിറ്റൽ കലയുടെ ഒരു പുതിയ വാതിലാണ് തുറന്നു കൊടുത്തത്. അദ്ദേഹത്തെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനറേറ്റിവ് ആർട്ടിസ്റ്റ് ആക്കി മാറ്റുന്നതിൽ ഇതു നിർണായകമായി.
ന്യൂയോർക്ക് സ്കൂൾ ഓഫ് ആർട്സിന്‍റെ 100 ദിവസത്തെ പോർട്രെയ്റ്റ് ചലഞ്ചിലൂടെയാണ് അദ്ദേഹം ആദ്യം ശ്രദ്ധേയനാകുന്നത്. നൂറു ദിവസം തുടർച്ചയായി ഓരോ മുഖചിത്രങ്ങൾ വരയ്ക്കുക എന്നതായിരുന്നു വെല്ലുവിളി. രാത്രി, തന്‍റെ ജോലിക്കു ശേഷം സുഹൃത്തുക്കളുടെ സ്കെച്ചുകൾ വരച്ച്, ഓരോ ദിവസത്തെ ചിത്രവും ഓൺലൈനിൽ പങ്കുവയ്ക്കുകയായിരുന്നു യുഎംഡി ചെയ്തത്. ഇതിനു ലഭിച്ച മികച്ച പ്രതികരണം ഇതേ പാതയിൽ യാത്ര തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തുടർന്ന്, മലയാളത്തിലെ 'നമ്പർ പോർട്രെയ്റ്റുകളും' മലയാളത്തിലെ എക്കാലത്തെയും മഹാനായ എഴുത്തുകാരൻ ഒ.വി. വിജയനിലൂടെ ആരംഭിച്ച മലയാള എഴുത്തുകാരുടെ പരമ്പരയും പിറന്നു.
ബോസ് കൃഷ്ണമാചാരി ക്യുറേറ്റ് ചെയ്ത 'ലോകമേ തറവാട്' എന്ന പ്രദർശനത്തിൽ ഈ പോർട്രെയ്റ്റ് വർക്കുകൾക്ക് വലിയ അംഗീകാരം ലഭിച്ചു. 12/12/12 ന് ആരംഭിച്ച കൊച്ചി ബിനാലെ, കേരളത്തിലെ കലാസ്വാദനത്തിന് ഒരു പുതിയ മാനം നൽകാൻ സഹായിച്ചിട്ടുണ്ട് എന്ന് യുഎംഡി ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റത്തെ അദ്ദേഹം പോസിറ്റീവായി കാണുന്നു.
ഓർഗാനിക് ഫോറസ്റ്റ് - യുഎംഡിയുടെ രചന.
മാറുന്ന കാലത്തിനനുസരിച്ച് സഞ്ചരിക്കുന്നതാണ് യൗവനം നിലനിർത്താനുള്ള വഴി. യുഎംഡിയുടെ യുവത്വം വെളിപ്പെടുന്നത് ജനറേറ്റിവ് ആർട്ടിലൂടെയാണ്. അൽഗോരിതങ്ങളിലും ഗണിതശാസ്ത്രത്തിലും വേരൂന്നിയ ഈ ഡിജിറ്റൽ കലാരൂപത്തിൽ എവിടെയാണ് കല ഒളിഞ്ഞിരിക്കുന്നത് എന്ന ചോദ്യമുയരാം. ഇവിടെ, സർഗാത്മകത കുടികൊള്ളുന്നത് കോഡുകളിലാണ്. കലാകാരൻ നിയമങ്ങൾ രൂപകൽപ്പന ചെയ്യുകയും പ്രക്രിയക്ക് തുടക്കം കുറിക്കുകയും ചെയ്യുമ്പോൾ, രൂപങ്ങൾ സ്വയം വികസിച്ചു വരുന്നു. ഈ ജനറേറ്റിവ് പ്രവാഹത്തിൽ നിന്ന് ചിത്രങ്ങൾ, ശിൽപ്പങ്ങൾ, ആനിമേഷൻ-എന്നുവേണ്ട സംഗീതം പോലും ഉയർന്നുവരാം. ഇത് എഐ രൂപപ്പെടുത്തിയ പുതിയ ലോകത്തിന്‍റെ ഭാഗമാണ്, എങ്കിലും ഘടനയ്ക്കും ഭാവനയ്ക്കും മുന്നിൽ ഇതു പുതിയ വഴികൾ തുറക്കുന്നു.
ബിപ്പിളിനൊപ്പം യുഎംഡി.
കലാപരമായ കാഴ്ചപ്പാടിന് ആഗോളതലത്തിൽ ശ്രദ്ധ നേടാൻ ലഭിച്ച അപൂർവ അവസരമായാണ് മാർട്ടയിലെ അനുഭവത്തെ യുഎംഡി വിശേഷിപ്പിക്കുന്നത്. അഗാധമായ സാംസ്കാരിക പൈതൃകമുള്ള ഒരു നാട്ടിൽ നിന്നു വന്ന്, ഡിജിറ്റൽ ആർട്ട് ലോകത്തിന്‍റെ പുതിയ ഭൂപടത്തിൽ കേരളത്തിന്‍റെ മുദ്ര പതിപ്പിച്ചതിൽ അദ്ദേഹത്തിന് നിശബ്ദമായ അഭിമാനമുണ്ട്.
അവിടെ അദ്ദേഹം അവതരിപ്പിച്ചത് 'ഉപഭോക്തൃ പോരാട്ടങ്ങൾ' (Consumer Struggles) എന്ന ഇൻസ്റ്റലേഷനാണ്. ദൈനംദിന ഉപഭോക്തൃ വസ്തുക്കളോടൊപ്പം എൽസിഡി സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ജനറേറ്റിവ് സൃഷ്ടികൾ ഇതിലുണ്ടായിരുന്നു. മുതലാളിത്ത വ്യവസ്ഥിതികളും ഡിജിറ്റൽ ഉപഭോഗവും നമ്മുടെ സൗന്ദര്യബോധത്തെയും ഭാഷയെയും ജീവിതവേഗത്തെയും എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്‍റെ പ്രതിഫലനമാണ് ഈ സൃഷ്ടി. വേഗവും ഉപരിപ്ലവമായ വ്യക്തതയും ആവശ്യപ്പെടുന്ന ഉപഭോക്തൃ സംസ്കാരത്തെ ചെറുക്കുന്നതിനായി, തന്‍റെ കലാസൃഷ്ടിയിൽ മന്ദതയും, അവ്യക്തതയും, ഒരു തരം മടിയും അദ്ദേഹം അവതരിപ്പിക്കുന്നു- ഇതു കാഴ്ചക്കാരെ ആഴത്തിലുള്ള ചിന്തയിലേക്കും ശാന്തമായ കാഴ്ചയിലേക്കും ക്ഷണിക്കുന്നു.
ലേൺ മോർ - യുഎംഡിയുടെ രചന.
സമകാലീന കലയിലെയും ഡിസൈനിലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തികളായ ബീപ്പിൾ, ജാക്ക് ബുച്ചർ, ആർട്ട് ബ്ലോക്സിലെ എറിക് കാൽഡെറോൺ എന്നിവരുമായി സംവദിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ''ആർട്ട് ബ്ലോക്സ് മാർട്ടാ വീക്കെൻഡിന്‍റെ ഭാഗമായതോടെ, ഡിജിറ്റൽ ആർട്ട് ഒരു താത്കാലിക പ്രവണതയല്ല, മറിച്ച് നമ്മുടെ കാലഘട്ടത്തിലെ സുപ്രധാനമായ ഒരു കലാഭാഷയാണെന്ന് ഉറപ്പിക്കുന്നു'', യുഎംഡി അഭിപ്രായപ്പെട്ടു.
കേരളത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്‍റെ പങ്കാളിത്തം പ്രാദേശികമായ കലാപ്രവർത്തനങ്ങൾക്ക് എങ്ങനെ ആഗോളതലത്തിലേക്ക് എത്താൻ കഴിയും എന്ന് കാണിക്കുന്നു. ഇത് സംസ്ഥാനത്തെ വളർന്നു വരുന്ന ഡിജിറ്റൽ ആർട്ട് സമൂഹത്തിന് പ്രചോദനവും ദൃശ്യപരതയും നൽകുന്നു.