വന്ദേ ഭാരത് vs രാജധാനി
ഇന്ത്യയിലെ പ്രധാന പ്രീമിയം ട്രെയ്ൻ സർവീസുകളായ വന്ദേ ഭാരതും രാജധാനി എക്സ്പ്രസും യാത്രക്കാർക്ക് വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്. വേഗത, യാത്രാസൗകര്യം, ഭക്ഷണം, ഇരിപ്പിടം, ഉറങ്ങാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളിൽ ഇരു ട്രെയ്നുകളും തമ്മിൽ വ്യത്യാസമുണ്ട്.
രാജധാനിക്ക് പഴക്കം, വന്ദേ ഭാരതിന് പുതുമ
1969ലാണ് ആദ്യ രാജധാനി എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. ന്യൂഡൽഹിയെയും ഹൗറയെയും ബന്ധിപ്പിച്ച ആദ്യ രാജധാനി ഏകദേശം 1,450 കിലോമീറ്റർ ദൂരം 17 മണിക്കൂർ 20 മിനിറ്റിനുള്ളിൽ ഓടിയെത്തി. ദീർഘദൂര, പ്രത്യേകിച്ച് രാത്രിയാത്രകൾ ലക്ഷ്യമിട്ടുള്ള പ്രീമിയം ട്രെയ്ൻ എന്ന നിലയിലാണ് രാജധാനി രൂപകൽപന ചെയ്തത്.
2019 ഫെബ്രുവരിയിലാണ് ആദ്യ വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്. ന്യൂഡൽഹി-വാരണാസി റൂട്ടിലായിരുന്നു ആദ്യ സർവീസ്. ഏകദേശം 759 കിലോമീറ്റർ ദൂരം എട്ട് മണിക്കൂറിനുള്ളിൽ പിന്നിടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്.
വേഗത്തിൽ വന്ദേ ഭാരത് മുന്നിൽ
അനുമതിയുള്ള റൂട്ടുകളിൽ വന്ദേ ഭാരതിന് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകും. നിലവിൽ തുഗ്ലക്കാബാദ്-ആഗ്ര സെക്ഷനിലാണ് ഈ പരമാവധി വേഗം കൈവരിക്കുന്നത്. പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരത് മണിക്കൂറിൽ 183 കിലോമീറ്റർ വരെ വേഗം കൈവരിച്ചിരുന്നു.
രാജധാനി സർവീസുകളുടെ പരമാവധി പ്രവർത്തന വേഗം പൊതുവെ മണിക്കൂറിൽ 130 കിലോമീറ്ററിനടുത്താണ്. എന്നാൽ ട്രാക്കിന്‍റെ അവസ്ഥ, വേഗനിയന്ത്രണങ്ങൾ, ഗതാഗതം, സ്റ്റോപ്പുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും യഥാർഥ യാത്രാസമയം.
ഇരിക്കണോ, കിടന്നുറങ്ങണോ?
സാധാരണ വന്ദേ ഭാരത് പകൽസമയത്തെ നഗര യാത്രകൾക്കായി രൂപകൽപന ചെയ്തതാണ്. എസി ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിവയാണ് പ്രധാന ക്ലാസുകൾ. എക്സിക്യൂട്ടീവ് ചെയർ കാറിൽ കൂടുതൽ വിശാലമായ സീറ്റുകളും ചില ട്രെയ്നുകളിൽ തിരിക്കാവുന്ന സീറ്റുകളും ലഭിക്കും. സാധാരണ വന്ദേഭാരതിൽ ഉറങ്ങാനുള്ള ബെർത്ത് ഇല്ല.
രാജധാനിയിൽ ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി എന്നീ ക്ലാസുകളാണുള്ളത്. ഫസ്റ്റ് എസിയിൽ ചില ട്രെയ്നുകളിൽ ക്യാബിനുകളും കൂപ്പെകളും ലഭിക്കും. സെക്കൻഡ് എസിയിൽ രണ്ട് നിര ബെർത്തും തേർഡ് എസിയിൽ മൂന്ന് നിര ബെർത്തുമാണുള്ളത്. അതിനാൽ ദീർഘദൂര രാത്രിയാത്രയ്ക്ക് രാജധാനി കൂടുതൽ അനുയോജ്യമാണ്.
അതേസമയം, വന്ദേ ഭാരത് സ്ലീപ്പർ സർവീസുകളും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. 16 എസി സ്ലീപ്പർ കോച്ചുകളുള്ള ഈ പതിപ്പ് ദീർഘദൂര യാത്രകൾക്കായാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഭക്ഷണത്തിൽ എന്താണ് വ്യത്യാസം?
വന്ദേ ഭാരതിലെ ഭക്ഷണവിതരണം ഐആർസിടിസി സംവിധാനത്തിലൂടെയാണ് നടത്തുന്നത്. യാത്രയുടെ സമയവും ദൂരവും അനുസരിച്ച് ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, വൈകുന്നേരത്തെ ലഘുഭക്ഷണം എന്നിവ ലഭിക്കാം. റൂട്ടിനും പ്രദേശത്തിനും അനുസരിച്ച് മെനുവിൽ മാറ്റമുണ്ടാകും.
രാജധാനിയിൽ ദീർഘദൂര യാത്രയായതിനാൽ ഭക്ഷണവിതരണം കൂടുതൽ വിപുലമാണ്. റൂട്ടും യാത്രാസമയവും അനുസരിച്ച് രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണം, അത്താഴം എന്നിവ ലഭിക്കും. ഫസ്റ്റ് എസി യാത്രക്കാർക്ക് ചില സർവീസുകളിൽ സൂപ്പ് ഉൾപ്പെടെയുള്ള അധിക വിഭവങ്ങളും ലഭിച്ചേക്കാം.
യാത്രാസൗകര്യത്തിലും പുതിയ തലമുറയുടെ മികവ്
ഓട്ടോമാറ്റിക് വാതിലുകൾ, മെച്ചപ്പെടുത്തിയ സീറ്റുകൾ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവര സംവിധാനം, സിസിടിവി, ചാർജിങ് പോയിന്‍റുകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളാണ് വന്ദേഭാരതിലുള്ളത്.
രാജധാനി പഴയ സർവീസാണെങ്കിലും എല്ലാ കോച്ചുകളും പഴയതോ മോശം അവസ്ഥയിലുള്ളതോ അല്ല. പുതിയ തലമുറയിലെ തേജസ് രാജധാനി കോച്ചുകളിൽ ഓട്ടോമാറ്റിക് വാതിലുകൾ, സിസിടിവി, തീയും പുകയും കണ്ടെത്താനുള്ള സംവിധാനങ്ങൾ, മെച്ചപ്പെടുത്തിയ ഇന്‍റീരിയർ, ബയോ-വാക്വം ടോയ്‌ലറ്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ട്.
ചുരുക്കത്തിൽ, പകൽസമയത്തെ വേഗമേറിയ നഗര യാത്രയാണ് ലക്ഷ്യമെങ്കിൽ വന്ദേ ഭാരത് മികച്ച ഓപ്ഷനാണ്. ദീർഘദൂര രാത്രിയാത്രയിൽ കിടന്നുറങ്ങാനുള്ള സൗകര്യം ആവശ്യമാണെങ്കിൽ രാജധാനി ഇപ്പോഴും മികച്ച ഓപ്ഷനാണ്. നിലവിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസുകൾ കൂടി വന്നതോടെ ഇരു ട്രെയ്നുകളും തമ്മിലുള്ള മത്സരം കൂടുതൽ ശക്തമായിരിക്കുകയാണ്.