വർക്കല ബീച്ച് Lonely Planet
Lifestyle

ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ വർക്കലയും

പട്ടികയിൽ ഇന്ത്യയിൽ നിന്ന് ആകെ മൂന്ന് ബീച്ചുകൾ മാത്രം

തിരുവനന്തപുരം: സഞ്ചാരികളുടെ ബൈബിൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ലോണ്‍ലി പ്ലാനറ്റി'ന്‍റെ താളുകളില്‍ കേരളത്തിന്‍റെ സ്വന്തം വർക്കലയും ഇടം പിടിച്ചു. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ ബീച്ച് ഗൈഡ് ബുക്ക് വർക്കല പാപനാശത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഗോവയിലെ പലോലം, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ കടൽത്തീരങ്ങൾ.

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ 'വര്‍ക്കല രൂപവത്കരണം'എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകള്‍ ഉള്‍പ്പെട്ട ഭൂഗര്‍ഭ സ്മാരകം പാപനാശത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്.

മനോഹരമായ കടല്‍ത്തീരങ്ങള്‍, ശിവഗിരി മഠം, നാരായണ ഗുരുകുലം, ജനാര്‍ദനസ്വാമി ക്ഷേത്രം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം 'ദക്ഷിണ കാശി' എന്നും വിശേഷിപ്പിക്കപ്പെടുന്നു. ലവണ ജല ഉറവ, ആയുര്‍വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍ എന്നിവയും വര്‍ക്കലയിലുണ്ട്. മികച്ച പ്രകൃതി - ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലൂടെ വെല്‍നസ് ടൂറിസം കേന്ദ്രമായും വര്‍ക്കല അറിയപ്പെടുന്നു.

പാരാസെയിലിംഗ്, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും വര്‍ക്കലയില്‍ സൗകര്യമുണ്ട്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മാര്‍ച്ച് 29, 30, 31 തീയതികളില്‍ കേരള ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സര്‍ഫിങ് ഫെസ്റ്റിവലിനും വര്‍ക്കല വേദിയാകാനിരിക്കുകയാണ്. വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങൾക്കും സൗകര്യമുള്ള വര്‍ക്കലയില്‍ കഴിഞ്ഞ ഡിസംബറില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികളും നടപ്പാക്കിയിരുന്നു.

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും